ഹാന്റ വൈറസ് ബാധ; ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ യാത്രക്കാരെ ഒഴിപ്പിക്കും

കാനറി (സ്പെയിൻ): ഹാന്റ വൈറസ് ബാധിച്ച ക്രൂയിസ് കപ്പലിൽ നിന്ന് ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിക്കുമെന്ന് അധികൃതർ. 140 ലധികം യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ശനിയാഴ്ച സ്പെയിനിലെത്തി. നിലവിൽ കപ്പൽ സ്പെയിനിലെ കാനറി ദ്വീപിലേക്കാണ് എത്തുന്നത്.
പശ്ചിമാഫ്രിക്കയുടെ തീരത്തുള്ള സ്പാനിഷ് ദ്വീപായ കാനറിയിലെ ടെനറൈഫിലേക്ക് മുതിർന്ന സ്പാനിഷ് സർക്കാർ ഉദ്യോഗസ്ഥരോടൊപ്പം എത്തുമെന്ന് അദാനോം അറിയിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിൽ അർജന്റീനയിൽ നിന്ന് കേപ് വെർഡെയിലേക്ക് യാത്ര തിരിച്ച 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് വിനോദസഞ്ചാരക്കപ്പലിലാണ് ഹാന്റ വൈറസ് ബാധയുണ്ടായത്. മൂന്ന് പേർ മരണമടഞ്ഞു. മൂന്ന് പേർ നിലവിൽ രോഗബാധിതരാണ്.
ഒരു ബ്രിട്ടീഷ് പൗരൻ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രോഗബാധിതനായ 70കാരൻ സെന്റ് ഹെലീന ദ്വീപിൽ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. അദ്ദേഹത്തിന്റെ പങ്കാളിയായ 69കാരി ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിലാണ് അന്തരിച്ചത്. ഇവർ കപ്പൽ യാത്ര ആരംഭിക്കുന്നതിനു മുമ്പ് മുമ്പ് അർജന്റീനയിലും ദക്ഷിണ അമേരിക്കയിലെ മറ്റിടങ്ങളിലും വിമാനയാത്ര ചെയ്തിരുന്നു.
എംവി ഹോണ്ടിയസ് ഞായറാഴ്ച പുലർച്ചെ ടെനറൈഫിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പെയിനിന്റെ ആരോഗ്യമന്ത്രി മോണിക്ക ഗാർസിയയും ടെനറൈഫിലെത്തും. നിലവിൽ രോഗബാധിതരായവർക്കല്ലാതെ കപ്പലിലെ മറ്റാർക്കും രോഗലക്ഷണങ്ങളില്ലെന്ന് ടെഡ്രോസ് പറഞ്ഞു. ലോകാരോഗ്യ സംഘടന സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നും കോവിഡ് മഹാമാരി പോലെ ഹാന്റ വൈറസ് പടർന്നുപിടിക്കില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കപ്പലിൽ നിന്ന് ഒഴിപ്പിക്കുന്ന യാത്രക്കാരെ നീരീക്ഷണത്തിനായി ക്വാറന്റെനിലേക്ക് മാറ്റുമെന്നാണ് വിവരം. ക്രൂയിസ് കപ്പലിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ വിമാനങ്ങൾ അയയ്ക്കാമെന്ന് യുഎസും യുകെയും വ്യക്തമാക്കി.
വൈറസ് ബാധ എങ്ങനെ?
എലികൾ പോലുള്ള കാർന്നുതിന്നുന്ന ജീവികളുടെ (rodents) മൂത്രം, ഉമിനീർ, വിസർജ്യം എന്നിവയിലൂടെ പകരുന്ന അപൂർവ രോഗമാണിത്. കപ്പലിലെ ബാധയ്ക്ക് കാരണം ആൻഡീസ് വൈറസ് എന്ന വകഭേദമാണെന്ന് കരുതപ്പെടുന്നു. ഇത് അപൂർവമായി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. വൈറസ് ബാധിച്ച് ഒന്ന് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ സാധാരണയായി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.
മെഡിക്കൽ ഒഴിപ്പിക്കൽ വിമാനത്തിനായി സ്പെയിൻ, യൂറോപ്യൻ യൂണിയൻ സിവിൽ പ്രൊട്ടക്ഷൻ സംവിധാനം സജീവമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ഉടൻ തന്നെ വിമാനമാർഗം പുറത്തെത്തിക്കും. രോഗലക്ഷണങ്ങളില്ലാത്തവരെ ആറ് ആഴ്ചത്തേക്ക് ക്വാറന്റൈനിൽ പ്രവേശിപ്പിച്ച് നിരീക്ഷിക്കും. ടെനറൈഫിൽ എത്തിയ ഉടൻ തന്നെ ഡച്ച് യാത്രക്കാരെയും ജീവനക്കാരെയും നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിന് ഡച്ച് സർക്കാർ സ്പാനിഷ് അധികൃതരുമായും കപ്പൽ കമ്പനിയുമായും സഹകരിക്കുമെന്ന് ഡച്ച് വിദേശകാര്യ, ആരോഗ്യ മന്ത്രിമാർ സ്പെയിൻ പാർലമെന്റിന് കത്തയച്ചു.
യാത്രക്കാർക്ക് ക്വാറന്റൈൻ
യാത്രക്കാരെ ക്വാറന്റൈനിൽ പാർപ്പിക്കുമെന്ന് അറിയിച്ചെങ്കിലും എവിടെയാകും പാർപ്പിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ഡച്ച് കപ്പലായതിനാൽ യാത്രക്കാരെ മുഴുവൻ നെതർലൻഡ്സിലെത്തിച്ച് ക്വാറന്റെനിലാക്കുമെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
പകർച്ചവ്യാധി കണ്ടെത്തുന്നതിന് മുമ്പ് ഇറങ്ങിയ രണ്ട് ഡസനിലധികം യാത്രക്കാരെ നാല് ഭൂഖണ്ഡങ്ങളിലുടനീളമുള്ള ആരോഗ്യ അധികൃതർ കണ്ടെത്തി നിരീക്ഷിക്കുന്നുണ്ട്. ഇനിയും ചിലരെ കണ്ടെത്താനുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ പറഞ്ഞു.
ഏപ്രിൽ 24 നാണ് വൈറസ് ബാധയേറ്റ് ആദ്യ വ്യക്തി മരണമടഞ്ഞത്. ഇതിനുശേഷം ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ കുറഞ്ഞത് 12 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ഡസനിലധികം ആളുകൾ കപ്പലിൽ നിന്ന് ഇറങ്ങിയതായി ഡച്ച് ഉദ്യോഗസ്ഥരും കപ്പലിന്റെ ഓപ്പറേറ്ററും പറഞ്ഞു. ആദ്യ മരണം റിപ്പോർട്ട് ചെയ്ത ശേഷവും 12 ദിവസത്തോളം കപ്പലിൽ ഐസൊലേഷൻ നടപടികൾ സ്വീകരിക്കാതെ വിനോദപരിപാടികളും ഭക്ഷണവിതരണവും സാധാരണ രീതിയിൽ നടന്നതായി യാത്രക്കാർ ആരോപിക്കുന്നുണ്ട്. മെയ് 2 ന് മാത്രമാണ് അധികൃതർ ആദ്യമായി ഹാന്റ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.










0 comments