വിമാനത്താവളം നിർമാണം വിലയിരുത്തി കുവൈത്ത് പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടി2 ടെർമിനലിന്റെ നിർമാണ പുരോഗതി പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്‌ദുള്ള അൽ അഹമ്മദ് അൽ സബാഹ് വിലയിരുത്തി. മന്ത്രിമാർക്കൊപ്പം സന്ദർശിച്ച പ്രധാനമന്ത്രി നിർമാണ പ്രവർത്തനങ്ങൾ നേരിട്ട് പരിശോധിച്ചു. പുതിയ ടെർമിനൽ കെട്ടിടത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു സന്ദർശനം. പദ്ധതിയുടെ നിലവിലെ പുരോഗതിയും വിവിധ ഘട്ടങ്ങളിലെ നിർമാണ പ്രവർത്തനങ്ങളും സംബന്ധിച്ച് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദീകരണം നൽകി. പ്രതിരോധ മന്ത്രി ഷെയ്ഖ് അബദുള്ള അലി അബ-്‌ദുള്ള അൽ സാലിം അൽ സബാഹ്, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ മുഹമ്മദ് അൽ മുഷാൻ, സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി മേധാവി ഷെയ്ഖ് ഹമൂദ് മുബാറക് അൽ ഹമൂദ് അൽ ജാബർ അൽ സബാഹ് എന്നിവർ പദ്ധതിയുടെ പുരോഗതി വിശദീകരിച്ചു.
മൂന്ന് പ്രധാന പാക്കേജുകളായാണ് ടിടു പദ്ധതി നടപ്പാക്കുന്നത്. യാത്രാ ടെർമിനൽ കെട്ടിടത്തിന്റെ നിർമാണവും അനുബന്ധ പ്രവർത്തനങ്ങളും ആദ്യ പാക്കേജിൽ ഉൾപ്പെടുന്നു. സേവന കെട്ടിടങ്ങൾ, ടെർമിനലിലേക്കുള്ള റോഡുകൾ, വാഹന പാർക്കിങ് സൗകര്യങ്ങൾ എന്നിവ രണ്ടാം പാക്കേജിന്റെയും വിമാന പാർക്കിങ് മേഖല, റൺവേ അനുബന്ധ സൗകര്യങ്ങൾ, സേവന കെട്ടിടങ്ങൾ എന്നിവ മൂന്നാം പാക്കേജിന്റെയും ഭാഗമാണ്. കുവൈത്തിന്റെ പ്രധാന വികസന പദ്ധതികളിലൊന്നാണ് ടിടു ടെർമിനലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടി2 പ്രവർത്തനസജ്ജമാകുന്നതോടെ കുവൈത്തിന്റെ വ്യോമഗതാഗത മേഖലയിൽ വലിയ മാറ്റത്തിന് വഴിയൊരുങ്ങുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി പ്രവർത്തിക്കുന്ന മന്ത്രാലയങ്ങളെയും വിവിധ സർക്കാർ ഏജൻസികളെയും അദ്ദേഹം അഭിനന്ദിച്ചു.









0 comments