റഷ്യയിലെ അമുർ ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപിടിത്തം: 7 മരണം, 9 പേരെ കാണാതായി

മോസ്കോ: റഷ്യയിലെ അമുർ ഗ്യാസ് കെമിക്കൽ കോംപ്ലക്സിന്റെ നിർമാണ സ്ഥലത്തുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ആറ് ചൈനീസ് പൗരന്മാരും ഒരു റഷ്യൻ പൗരനും ഉൾപ്പെടുന്നു. നിർമാണ കരാർ ഏറ്റെടുത്ത ഏജൻസിയിലെ ഒൻപത് ചൈനീസ് തൊഴിലാളികളെ കാണാതായി. ഇവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
തീപിടിത്തത്തെ തുടർന്ന് നൂറിലധികം തൊഴിലാളികൾക്ക് പരിക്കേറ്റു.ഇവരിൽ 36 പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈറോളിസിസ് യൂണിറ്റിന്റെ അനുബന്ധ മേഖലയിലാണ് തീപിടിത്തം ആരംഭിച്ചതെന്നും കോംപ്ലക്സിന്റെ പ്രധാന ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
മെഥനോൾ ബാരൽ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റഷ്യൻ കമ്പനിയായ 'സിബർ', ചൈനീസ് കമ്പനിയായ 'സിനോപെക്' എന്നിവയുടെ സംയുക്ത സംരംഭമാണ് അമുർ ഗ്യാസ് കെമിക്കൽ കോംപ്ലക്സ്.









0 comments