ഇസ്രയേലി വ്യോമാക്രമണം: ഗാസയിൽ 4 പലസ്തീനികൾ കൊല്ലപ്പെട്ടു

ഗാസ മുനമ്പിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ നടന്ന ഇസ്രയേലി വ്യോമാക്രമണത്തിൽ മരിച്ചവരുടെ മൃതദേഹം പുറത്തെടുക്കുന്നു. PHOTO CREDIT: AFP
ഗാസ സിറ്റി: ഗാസ മുനമ്പിൽ ഞായറാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നാല് പലസ്തീനികൾ കൊല്ലപ്പെട്ടു. സെൻട്രൽ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിയിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതായി ഷിഫാ ആശുപത്രി അധികൃതർ അറിയിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേലി കുടിയേറ്റക്കാർ നടത്തിയ ആക്രമണങ്ങളിൽ പത്തോളം പലസ്തീനികൾക്ക് പരിക്കേറ്റു. കാറുകൾക്കും വീടുകൾക്കും തീയിടുകയും വെടിവയ്പ്പ് നടത്തുകയും ചെയ്തു. കാർ അപകടത്തിൽ കൊല്ലപ്പെട്ട 18കാരനായ ഇസ്രയേലി കുടിയേറ്റക്കാരൻ യെഹൂദ ഷെർമന്റെ ശവസംസ്കാരത്തിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഈ അപകടം പലസ്തീൻ ഡ്രൈവർ മനഃപൂർവം സൃഷ്ടിച്ചതാണെന്ന് കുടിയേറ്റക്കാർ ആരോപിക്കുന്നു.
നബ്ലസിന് കിഴക്കുള്ള ദെയ്ർ അൽ-ഹതാബ്, എലോൺ മോറെ തുടങ്ങിയ ഗ്രാമങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്. ശനിയാഴ്ച രാത്രി ആറോളം കമ്മ്യൂണിറ്റികളിൽ സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അക്രമികളെ ഇസ്രയേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ അപലപിച്ചു. എന്നാൽ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഒക്ടോബറിലെ വെടിനിർത്തൽ കരാറിന് ശേഷം വലിയ ആക്രമണങ്ങൾ കുറഞ്ഞു. എന്നാൽ ദീവസവും നടക്കുന്ന വെടിവയ്പ്പുകളിലും വ്യോമാക്രമണങ്ങളിലുമായി ഗാസയിൽ ഇതുവരെ 670ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.










0 comments