print edition റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കൽ ; യുഎസ് നിർദേശങ്ങൾ അംഗീകരിക്കാമെന്ന് ഉക്രയ്‌ൻ

കീവ്
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മുന്നോട്ടുവച്ച നിർദേശങ്ങൾ അനുസരിക്കാൻ തയ്യാറാണെന്ന് ഉക്രയ്‌ൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്‌കി. വരുംനാളുകളിൽ ട്രംപുമായി ഇക്കാര്യം സംസാരിക്കുമെന്നും സെലൻസ്‌കി പറഞ്ഞു.
വ്യാഴാഴ്‌ച കീവിൽ യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോൾ, ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാൻഡി ജോർജ്, യൂറോപ്പിലെ യുഎസ് ആർമി കമാൻഡർ ജനറൽ ക്രിസ് ഡൊണാഹ്യൂ എന്നിവരുമായി സെലൻസ്‌കി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കിഴക്കൻ ഉക്രയ്‌നിലെ ഡൊണെറ്റ്‌സ്ക് മേഖലയിലെ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രധാനപ്പെട്ട പ്രദേശങ്ങൾ കീവ് വിട്ടുകൊടുക്കുക, സൈന്യത്തിന്റെ വലുപ്പം കുറയ്‌ക്കുക, നാറ്റോയിൽ ചേരില്ലെന്ന് പ്രതിജ്ഞയെടുക്കുക തുടങ്ങിയ നിർദേശങ്ങളാണ് സമാധാന ഉടമ്പടിയുടെ കരടിലുള്ളത്. യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും റഷ്യൻ പ്രതിനിധി കിറിൽ ദിമിത്രിവും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ കരട് തയ്യാറാക്കിയത്.
ഇതിൽ ഉക്രയ്‌ൻ ഉൾപ്പെട്ടിട്ടില്ലെന്ന വാദങ്ങൾ വൈറ്റ് ഹൗസ് തള്ളി. പ്രസിഡന്റ് സെലൻസ്‌കിയുടെ സർക്കാരിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലൊരാളായ റുസ്‌തം ഉമെറോവുമായി നടത്തിയ ചർച്ചയ്‌ക്കുശേഷമാണ് പദ്ധതി തയ്യാറാക്കിയതെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.









0 comments