Deshabhimani

ബിജെപി എംഎൽഎ രേഖാപത്ര വിഷം കഴി‍ച്ച് അത്യാസന്ന നിലയിൽ; സംഭവം പാര്‍ടി നേതൃത്വം നിരന്തരം അപമാനിക്കുന്നതായി പരാതിപ്പെട്ടതിന് പിന്നാലെ

Bengal BJP MLA Rekha Patra
വെബ് ഡെസ്ക്

Published on Nov 23, 2026, 03:10 PM | 3 min read

കൊൽക്കത്ത:പശ്ചിമബംഗാളിൽ ബിജെപി വനിതാ എംഎൽഎ രേഖ പത്രയെ കീടനാശിനി അകത്തുചെന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെയും ജാതിയുടെയും ദാരിദ്ര്യത്തിന്റെയും പേരിൽ നിരന്തരം അപമാനിക്കപ്പെട്ടത്തിൽ മനംനൊന്ത് ഇവര്‍ പാര്‍ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. രാജ്യത്ത് ശ്രദ്ധേയമായ വനിതകള്‍ നയിച്ച സന്ദേശ്ഖാലി സമരത്തിൽ മുൻനിരയിലെ കരുത്തുറ്റ നേതാവാണ്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹിംഗൽഗഞ്ച് മണ്ഡലത്തിൽ നിന്നാണ് ഇവർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.


രേഖ പത്ര ഗുരുതരാവസ്ഥയിൽ ആയ വാ‍ർത്ത പുറത്തെത്തിയ ഉടൻ സംസ്ഥാന ആരോഗ്യ മന്ത്രി ശരദ്വത് മുഖർജിയും മുതിർന്ന ബിജെപി നേതാക്കളും ആശുപത്രിയിലെത്തി എത്തി. അപകട കാരണം ഭക്ഷ്യവിഷ ബാധയാണെന്ന് മന്ത്രി സ്വന്തം നിലയ്ക്ക് പ്രഖ്യാപിച്ചു. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇവരുടെ ജീവൻ നിലനിർത്തുന്നത്.


വിഷാംശമുള്ള 'ഹെർബൽ ലാർവിസൈഡ്' കഴിച്ചതാണ് ആരോഗ്യനില വഷളാകാൻ കാരണമെന്ന് സർക്കാർ ആശുപത്രിയിൽ നിന്നുള്ള റഫറൽ കാർഡിൽ വ്യക്തമാക്കുന്നു. കാർഷികാവശ്യത്തിനുള്ള കീടനാശിനി ഉള്ളിൽ ചെന്നതായാണ് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടിലും സൂചിപ്പിക്കുന്നത്. അബോധാവസ്ഥയിലായ എംഎൽഎ ഇതുവരെ കണ്ണുതുറന്നിട്ടില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.


അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എംഎൽഎയെ ആദ്യം ബസിർഹട്ട് സബ് ഡിവിഷൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ പിന്നീട് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


സമരത്തെ ഹൈജാക്ക് ചെയ്ത് പാര്‍ടിയിൽ എത്തിച്ചു

നേതൃത്വത്തിൽ എത്തിയപ്പോള്‍ നിരന്തര അപമാനം



2024-ന്റെ തുടക്കത്തിൽ സന്ദേശ്ഖാലിയിൽ മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെതിരെ സ്ത്രീകൾ നടത്തിയ പ്രതിഷേധങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് രേഖ പത്ര. ദളിത് ഭൂമി കൈയേറ്റവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അസഹ്യമായതോടെ 2024 ഫെബ്രുവരിയിലാണ് പ്രദേശവാസികൾ തെരുവിലിറങ്ങിയത്. ഈ സമരത്തിന്റെ ഏറ്റവും ശക്തയായ വക്താവായി രേഖ പത്ര മാറി. പ്രാദേശികമായ പോരാട്ടവീര്യത്തെ വോട്ടാക്കി മാറ്റാൻ ലക്ഷ്യം വെച്ച് സമരത്തെയും നേതാവിനെയും കൈപ്പിടിയിലാക്കാൻ ബിജെപി നീക്കം നടത്തി.


തുടർന്ന് 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബസിർഹട്ട് മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി അവരെ മത്സരിപ്പിച്ചു എങ്കിലും പരാജയപ്പെട്ടു. പിന്നീട് 2026 മെയ് മാസത്തിൽ നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇവർ വിജയിച്ച് എംഎൽഎ ആയത്. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സമ്മതിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രേഖ പത്രയെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കുകയും അവരെ 'ശക്തി സ്വരൂപ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.


സ്വന്തം മണ്ഡലത്തിൽ പോരാടി ജയിച്ചു എങ്കിലും ഇവരെ തീരുമാനങ്ങളിലോ പാർടി പരിപാടികളിലോ അടുപ്പിച്ചിരുന്നില്ല. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രം നേടാൻ അവസരം ലഭിച്ചിട്ടുള്ള വനിതയാണ്. ദളിത് സംവരണ മണ്ഡലത്തിൽ നിന്നാണ് അവര്‍ ജയിച്ചു കയറിയത്. നിരന്തരമായ അപമാനം സഹിച്ച് ഇവര്‍ സ്വന്തം നാട്ടിലെ വികസന പ്രവർത്തനങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലും ഇടപെട്ട് കഴിയുകയായിരുന്നു. ഇതിനിടെ പാർട്ടിയിലെ ജില്ലാ നേതൃത്വം തന്നെ തെറ്റിദ്ധരിപ്പിക്കുകയും തെറ്റായ വഴികളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് അവർ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചിരുന്നു. മണ്ഡലത്തിൽ വോട്ട് ബാങ്ക് സൃഷ്ടിച്ച ശേഷം ഇവരെ പുറത്ത് ചാടിക്കുകയായിരുന്നു ലക്ഷ്യം.


ജില്ലാ നേതാക്കളുടെ ഈ മോശം പെരുമാറ്റത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അവർ പലതവണ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ സമീപിക്കുകയും പരസ്യമായി സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പക്ഷേ അവിടെയും അവഗണനയും പരിഹാസവും നേരിട്ടു. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും അവർ അടുത്തിടെ പരസ്യമായി പ്രതികരിച്ചിരുന്നു.


സ്വന്തം മണ്ഡലത്തിൽ ഷെയ്ഖ് ഷാജഹാന്റെ അനുയായികൾക്കെതിരെ പോലീസിൽ ആദ്യമായി പരാതി നൽകാനും, മാധ്യമങ്ങൾക്ക് മുന്നിൽ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ ഭയമില്ലാതെ തുറന്നുപറയാനും രേഖ മുന്നിൽ നിന്നു. ഇതോടെയാണ് സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ പോരാട്ടത്തിന്റെ മുഖമായി അവർ മാറിയത്. ഈ സമരത്തെ തങ്ങളുടെ നിയന്ത്രണത്തിലാക്കി തക‍ർക്കുകയായിരുന്നു ബിജെപി അന്ന് ചെയ്തത്.


ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ രേഖ പത്രയെ തന്നെ ലക്ഷ്യം വെച്ചു തുടങ്ങി. നേതൃസ്ഥാനത്തേക്ക് വരുന്നതിന് മുൻപ് അവര്‍ക്ക് ലഭിച്ച സര്‍ക്കാര്‍ സഹായങ്ങള്‍ വരെ മുൻനിര്‍ത്തി ദാരിദ്യത്തിന്റെ പേരിലും അപമാനിച്ചു. മണ്ഡലത്തിന് പുറത്തുള്ള പരിപാടികളിൽ നിന്നെല്ലാം അകറ്റി നിര്‍ത്തി. എത്തിയാൽ തന്നെയും വേദിയിലോ മുൻനിരിയിലോ പ്രവേശിക്കാൻ അനുവദിക്കാതെ ദൂരത്ത് നിര്‍ത്തുകയായിരുന്നു. ഇതിനെതിരായ പരാതികള്‍ നിരന്തരം അവഗണിക്കപ്പെട്ടതോടെ അവ നേതൃത്വത്തന്റെയും അറിവോടെയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. മാത്രമല്ല പരാതിപ്പെട്ടതിന്റെ പ്രതികാരം തീര്‍ക്കാൻ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കയും ചതിയിൽ ചാടിക്കയും ചെയ്തു. ഇക്കാര്യങ്ങളും അവ‍ര്‍ തുറന്നു പറഞ്ഞിരുന്നു. പക്ഷേ ഒരു നേര്‍ക്കുനേര്‍ ചര്‍ച്ച പോലും അനുവദിക്കപ്പെട്ടില്ല. ഇതിനു ശേഷം മണ്ഡലത്തിലേക്ക് ഉള്‍വലിഞ്ഞ നിലയിലായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home