ഐഒഎ തെരഞ്ഞെടുപ്പ്: പി ടി ഉഷയുടെ അംഗത്വത്തിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

ന്യൂഡൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിലെ പി ടി ഉഷയുടെ അംഗത്വം അസാധുവാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയിലെ (ഐഎച്ച്‌എഐ) ഒരു വിഭാഗമാണ് ഹർജി നൽകിയത്.
നേരത്തേ നടന്ന സ്പോർട്‌സ് പേഴ്സൺസ് ഓഫ് മെറിറ്റ് തെരഞ്ഞെടുപ്പിൽ പിടി ഉഷ പരാജയപ്പെട്ടിരുന്നു. അതോടെ ഐഒഎ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത നഷ്‌ടമായി. എന്നാൽ, ഐഎച്ച്‌എഐ പ്രസിഡന്റ് ഗുർപ്രീത് സിംഗ് ബക്ഷി ഉഷയെ ഐഒഎ ജനറൽ അസംബ്ലിയിലേക്കുള്ള തങ്ങളുടെ പ്രതിനിധികളിലൊരാളായി നാമനിർദ്ദേശം ചെയ്‌തു. ഇതോടെയാണ് വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ട ഉഷയ്‌ക്ക് ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാഹചര്യമൊരുങ്ങിയത്. ഇതിനെതിരെയാണ് ഐഎച്ച്‌എഐയിലെ ഒരു വിഭാഗം കോടതിയെ സമീപിച്ചത്.
ഉഷ ഒരിക്കലും ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയിൽ അംഗമായിരുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുൻസാങ് നംഗ്യാൽ നയിക്കുന്ന ഐഎച്ച്‌എഐയിലെ വിഭാഗമാണ് ഉഷയുടെ നാമനിർദ്ദേശം എതിർത്തത്. നേരത്തെ ഉഷയുടെ നാമനിർദേശത്തിനെതിരായ നംഗ്യാൽ വിഭാഗത്തിന്റെ പരാതി ഐഒഎ തെരഞ്ഞെടുപ്പ് ഓഫീസർ തള്ളിയിരുന്നു. ഇതോടെയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
ഐഒഎ ജനറൽ അസംബ്ലിയിലേക്ക് രണ്ട് പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യാൻ അനുവദിക്കാത്തതിനെതിരെ ബ്രിജീന്ദർ സിംഗ് നയിക്കുന്ന ഇന്ത്യൻ ഗോൾഫ് യൂണിയനും (ഐജിയു) ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി വ്യാഴാഴ്ച പരിഗണിക്കും.








0 comments