ചെന്നിത്തലയുടെ തൂഫാനിൽ കുടുങ്ങുന്നത് സതീശന്റെ സ്വന്തക്കാർ

തിരുവനന്തപുരം: ലഹരിമാഫിയയെ പിടിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങുന്നത് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും അടുത്ത ബന്ധമുള്ളവർ. ചേർത്തല മാക്കേക്കടവിൽ 11.6 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പൂച്ചാക്കൽ മണ്ഡലം വൈസ് പ്രസിഡന്റ് ഷമീർ ഉൾപ്പെടെ അഞ്ചുപേർ പിടിയിലായതാണ് ഏറ്റവും പുതിയ സംഭവം. സതീശന്റെ സമൂഹമാധ്യമ കോ–ഓർഡിനേറ്ററുടെ അറസ്റ്റോടെയായിരുന്നു തൂഫാനിൽ സതീശന്റെ അടുപ്പക്കാർ കുടുങ്ങിത്തുടങ്ങിയത്. പിന്നാലെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം അടുത്ത ബന്ധം പുലർത്തുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും കഞ്ചാവുമായി അറസ്റ്റിലായി. ചെന്നിത്തലയുടെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്ത് പ്രതിജ്ഞയെടുത്തയാൾതന്നെയായിരുന്നു എംഡിഎംഎ കേസിൽ പിടിയിലായതും.
ഇപ്പോൾ പിടിയിലായ ഷമീർ മുഖ്യമന്ത്രി വി ഡി സതീശൻ, എക്സൈസ് മന്ത്രി എം ലിജു, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ലഹരിക്കെതിരെ സർക്കാർ നടത്തുന്ന ഓപ്പറേഷനിൽ മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും അടുപ്പക്കാരനായ യൂത്ത് കോൺഗ്രസ് നേതാവുതന്നെ പിടിയിലായത് യുഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കി.
ഷമീറിന്റെ അറസ്റ്റ് പുറത്തുവന്നതോടെ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ ഇടപെടലും വിവാദമായി. ഇയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഷാനിമോൾ അർധരാത്രി പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് സമ്മർദം ചെലുത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഷാനിമോൾ ഉപയോഗിച്ചതും ഷമീറിന്റെ വാഹനമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ് പ്രചാരണവാഹനം അടിച്ചുതകർത്ത കേസിലും സിപിഐ എം ഏരിയ കമ്മിറ്റിയംഗത്തെ ആക്രമിച്ച കേസിലും ഷമീർ പ്രതിയാണ്. ബലാത്സംഗക്കേസുകളിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലുമായും ഷമീറിന് അടുത്ത ബന്ധമുണ്ട്.
ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങിയ കോൺഗ്രസ് നേതാവാണ് തൊടുപുഴ നഗരസഭ മുൻ ചെയർമാൻ സനീഷ് ജോർജ്. ഐഎൻടിയുസി തൊടുപുഴ റീജണൽ കമ്മിറ്റി ചെയർമാനായിരുന്ന ഇയാളെ സെപ്തംബർ 17ന് ഏഴല്ലൂർ–ചെറുതോട്ടിൻകര റോഡിൽ എംഡിഎംഎ ഉപയോഗിച്ചെന്ന കേസിലാണ് പൊലീസ് പിടികൂടിയത്. സുഹൃത്ത് നിസാർ മുഹമ്മദും ഒപ്പമുണ്ടായിരുന്നു. ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽനിന്ന് എംഡിഎംഎ പറ്റിപ്പിടിച്ച കവറും ലഹരി ഉപയോഗിക്കാനുള്ള ഗ്ലാസ് ഫ്യൂമറും പിടിച്ചെടുത്തു. എന്നാൽ, സനീഷിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാതെ 2000 രൂപ പിഴയിട്ട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ആഭ്യന്തരമന്ത്രി ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുപ്പക്കാരനായ സനീഷിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാർടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കുകയും ചെയ്തു.
ഇതിനേക്കാളൊക്കെ മുമ്പ്, തൂഫാന്റെ തുടക്കകാലത്താണ് സതീശന്റെ അടുത്ത അനുയായി കാസർകോട്ട് 139.29 ഗ്രാം എംഡിഎംഎയുമായി പിടിയിലായ കെ എച്ച് മുഹമ്മദ് ഹുസൈൻ പിടിയിലാവുന്നത്. യൂത്ത് കോൺഗ്രസ് വെങ്ങോല പഞ്ചായത്ത് 142-ാം ബൂത്ത് കമ്മിറ്റി പ്രസിഡന്റായ ഇയാൾ 'ടീം വി ഡി സതീശൻ' സമൂഹമാധ്യമ പേജിന്റെ കോ–ഓർഡിനേറ്ററായിരുന്നു. മുഹമ്മദ് ഹുസൈനൊപ്പം പി എ അബ്ദുൽ സലാം, പി എ അബ്ബാസ് എന്നിവരും അറസ്റ്റിലായി. മുഖ്യമന്ത്രിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഹുസൈൻ. സതീശൻ മുഹമ്മദ് ഹുസൈന്റെ വീട്ടിലെത്തിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്തുവന്നിരുന്നു. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പമുള്ള മുഹമ്മദ് ഹുസൈന്റെ ചിത്രവും പുറത്തുവന്നു.
പെരുമ്പാവൂരിൽ ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ തൂഫാൻ റോഡ് ഷോയിൽ പങ്കെടുത്തയാളായിരുന്നു മുഹമ്മദ് ഹുസൈൻ. ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കുകയും അതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 'ഇപ്പോൾ കേരളത്തിനൊരു ആഭ്യന്തരമന്ത്രിയുണ്ടെന്ന് അഭിമാനിക്കാം' എന്ന കുറിപ്പോടെയായിരുന്നു ദൃശ്യങ്ങൾ പങ്കുവച്ചത്. ലഹരിവിരുദ്ധ പ്രചാരണത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിന്നാലെ എംഡിഎംഎ കേസിൽ പിടിയിലായി. മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ സംഘവുമായി ബന്ധപ്പെട്ടിരുന്നയാളെ പിടികൂടിയതാകട്ടെ ചെന്നിത്തലയുടെ ലഹരിവേട്ടയും.
കാസർകോട് എംഡിഎംഎ കേസിൽ സതീശന്റെ അടുപ്പക്കാരെക്കുറിച്ചുള്ള അന്വേഷണം തുടക്കംമുതൽ മെല്ലെപ്പോക്കിലാണ്. മുഹമ്മദ് ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികളിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുന്നതുപോലും വൈകിപ്പിച്ചു. ഫോണുകൾ പരിശോധനയ്ക്ക് അയച്ചെന്ന മുഖ്യമന്ത്രിയുടെ വാദവും പൊളിഞ്ഞു. പരിശോധനയ്ക്ക് കോടതിയുടെ അനുമതി തേടുകപോലും ചെയ്തിരുന്നില്ല.
കള്ളം പുറത്തായതോടെ ആഭ്യന്തരവകുപ്പ് തെറ്റിദ്ധരിപ്പിച്ചെന്നായി സതീശൻ. പ്രതികളുടെ രാഷ്ട്രീയബന്ധങ്ങളും പണമിടപാടുകളും അന്വേഷിക്കുന്നതിലും മെല്ലെപ്പോക്ക്. ഇതിനിടെ പ്രതികളെ പിടികൂടിയ ചന്തേര ഇൻസ്പെക്ടർ എം വി ഷിജുവിനെ സ്ഥലംമാറ്റുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ പ്രതിയായ കേസിൽ അന്വേഷണം ഇഴയുമ്പോൾ ആഭ്യന്തരമന്ത്രി ചെന്നിത്തലയുടെ ഓപ്പറേഷൻ തൂഫാനിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു. ലഹരിമാഫിയയെ പിടിക്കാനിറങ്ങിയ തൂഫാനിൽ സ്വന്തം പാർടിക്കാർ കുടുങ്ങുമ്പോൾ അവർക്കെതിരായ അന്വേഷണം എന്തുകൊണ്ട് ഇഴയുന്നുവെന്ന ചോദ്യമാണ് യുഡിഎഫ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നത്.








0 comments