എഐ പരീക്ഷാ തട്ടിപ്പ് വിവാദം; ദക്ഷിണ കൊറിയൻ വിദ്യാഭ്യാസ മന്ത്രി രാജിവച്ചു

ദക്ഷിണ കൊറിയൻ വിദ്യാഭ്യാസ മന്ത്രി ചോയ് ക്യോ-ജിൻ
സിയോൾ : എഐ പരീക്ഷ തട്ടിപ്പ് വിവാദത്തിന് പിന്നാലെ ദക്ഷിണ കൊറിയൻ വിദ്യാഭ്യാസ മന്ത്രി ചോയ് ക്യോ-ജിൻ രാജിവച്ചു. പ്രസിഡന്റ് ലീ ജെ മ്യുങ് രാജി സ്വീകരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. രാജ്യത്തെ വാർഷിക കോളേജ് പ്രവേശന പരീക്ഷയ്ക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ പരാജയപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. നവംബർ 19 വ്യാഴാഴ്ചയാണ് വാർഷിക കോളേജ് പ്രവേശന പരീക്ഷയായ 'സുനൂങ്' നടന്നത്.
ഏപ്രിലിൽ നടന്ന നാഷണൽ ടാക്സ് അക്കൗണ്ടന്റ് പരീക്ഷയിൽ ഒന്നാമതെത്തിയ വിദ്യാർഥി പരീക്ഷയെഴുതുന്നതിന് എഐ ഉപയോഗിച്ചുവെന്ന് സമ്മിതിച്ചിരുന്നു. ഇതോടെയാണ് വൻ വിവാദത്തിന് തുടക്കമായത്. മൈക്രോ ക്യാമറ ഉപയോഗിച്ച് പരീക്ഷാ ചോദ്യങ്ങൾ ഫോട്ടോയെടുത്ത് ഒരു എഐ പ്ലാറ്റ്ഫോമിലേക്ക് നൽകി, ഉത്തരങ്ങൾ സ്മാർട്ട്ഫോണിലൂടെ കണ്ടെത്തിയാണ് വിദ്യാർഥി തട്ടിപ്പ് നടത്തിയത്.
കൊറിയയിലെ ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ കരിയർ തീരുമാനിക്കുന്ന കോളേജ് സ്കോളാസ്റ്റിക് എബിലിറ്റി ടെസ്റ്റാണ് 'സുനൂങ്'. ഒമ്പത് മണിക്കൂർ വരെ നീളുന്ന പരീക്ഷയാണിത്. പരീക്ഷയിലെ ക്രമക്കേടുകൾക്കും തട്ടിപ്പുകൾക്കുമെതിരായ വിമർശനങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി.








0 comments