മാപ്പു പറഞ്ഞല്ല, പോരാടിത്തന്നെ അവകാശങ്ങൾ നേടിയെടുക്കും


ഹർഷിദ ബത്താലി
Published on Nov 23, 2026, 04:05 PM | 3 min read
സമരം ചെയ്തതിന് മാപ്പെഴുതിക്കൊടുത്ത് ക്ലാസിൽ കയറാമായിരുന്നു. പരീക്ഷയെഴുതാമായിരുന്നു. ഒരു സെമസ്റ്റർ നഷ്ടമാകുമെന്ന ഭയത്തിൽ, മന്ത്രിക്കും വിസിക്കും മുന്നിൽ അടിയറവെച്ച് പഠനം തുടരാമായിരുന്നു. പക്ഷേ, കാലടിയിലെ വിദ്യാർഥികൾ അതിന് തയ്യാറായില്ല. ചെയ്യാത്ത തെറ്റിന് എന്തിന് മാപ്പുപറയണം എന്നായിരുന്നു അവരുടെ ചോദ്യം. പലതവണ പലരീതിയിൽ സമ്മർദം ചെലുത്തിയിട്ടും സസ്പെൻഷനും പരീക്ഷാവിലക്കും കോടതിയിലെ തിരിച്ചടികളും നേരിട്ടിട്ടും നിലപാടിൽനിന്ന് ഒരിഞ്ച്പോലും അവർ പിന്നോട്ടുപോയില്ല. 83 ദിവസത്തിനിപ്പുറം ഹൈക്കോടതി സസ്പെൻഷൻ റദ്ദാക്കുമ്പോൾ അവർ തെളിയിക്കുന്ന ഒരു കാര്യമുണ്ട്. അവകാശങ്ങൾ ആരുടെയും ഔദാര്യമായി കിട്ടേണ്ടതല്ല, പോരാടിത്തന്നെ നേടിയെടുക്കാനുള്ളതാണ്.
ഒരു നാടകം അവതരിപ്പിച്ചതാണ് ഇതിന്റെയെല്ലാം തുടക്കം. പഠിക്കാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ചോദിച്ച വിദ്യാർഥികൾ പ്രതിഷേധത്തിന്റെ ഭാഗമായി അവതരിപ്പിച്ച നാടകം വിസിക്കെതിരായ ആക്രമണമായി ചിത്രീകരിക്കപ്പെട്ടു. അതിന്റെ പേരിൽ 16 വിദ്യാർഥികളെ ക്യാമ്പസിന് പുറത്താക്കി. പരീക്ഷയെഴുതാനുള്ള അവസരംപോലും നിഷേധിച്ചു. എന്നിട്ടും വിദ്യാർഥികൾ സമരം അവസാനിപ്പിച്ചില്ല. മാപ്പെഴുതി നൽകണമെന്നാണ് സംഘപരിവാർ നോമിനിയായ താൽക്കാലിക വിസിയും അതിന് കുടപിടിക്കുന്ന മന്ത്രി റോജിയും പറഞ്ഞത്. മാപ്പെഴുതി നൽകി തിരിച്ചുകയറില്ലെന്ന് ആവർത്തിച്ച കുട്ടികൾ ഇപ്പോൾ വിജയം കണ്ടിരിക്കുകയാണ്. ഈ സമരത്തിൽ അവർക്കൊപ്പം സംഘപരിവാരത്തിന് നിലപാടുകൾ അടിയറവെക്കാത്ത ഒരു വലിയ ജനത തന്നെയുണ്ടായിരുന്നു.
വെറുതെ സമരം ചെയ്ത് സമയം കളയാതെ മാപ്പെഴുതി കൊടുക്കാൻ ഉപദേശിച്ചവർക്ക് കാലടിയിലെ കുട്ടികൾ നൽകിയ മറുപടിയാണ് ഈ വിജയം. പ്രതിഷേധിച്ചതിന്റെ പേരിൽ വിദ്യാർഥികളെ ശിക്ഷിക്കാനും പരീക്ഷയിൽനിന്ന് അകറ്റിനിർത്താനും കഴിയുമെന്ന ധാരണയ്ക്കേറ്റ തിരിച്ചടികൂടിയാണിത്. അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ ഒരിക്കലും വെറുതെയാകില്ലെന്ന പ്രതീക്ഷയാണ് കാലടി വീണ്ടും നൽകുന്നത്.
ന്യായമായ ആവശ്യങ്ങളുമായാണ് കാലടിയിലെ വിദ്യാർഥികൾ സമരമാരംഭിച്ചത്. പഠിപ്പിക്കാൻ അധ്യാപകർ, കുടിക്കാൻ ശുദ്ധജലം, പഠനം പൂർത്തിയാക്കിയാൽ സമയത്ത് സർട്ടിഫിക്കറ്റ്, നാടകം പഠിക്കുന്നവർക്ക് പ്രവർത്തിക്കുന്ന സ്പോട്ട് ലൈറ്റുകൾ, ഗവേഷകർക്ക് ഫെലോഷിപ്പ് മുടങ്ങരുത് തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ. ഇതിന്റെ ഭാഗമായാണ് പ്രവർത്തനരഹിതമായ സ്പോട്ട് ലൈറ്റുകളുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയത്. എന്നാൽ, അതിനെ വിസിയുടെ ശവസംസ്കാരമായി ചിത്രീകരിച്ച് ആർഎസ്എസ്–യുഡിഎഫ് അനുകൂലികൾ പ്രചാരണം നടത്തി. പിന്നാലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.
കാലടിയിലെ സമരത്തിന് മറ്റൊരു തലം നൽകിയത് മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് നഫീസത്തുൽ മിസ്രിയയുടെ ഇടപെടലായിരുന്നു. കോളേജിൽ ബിരുദദാനച്ചടങ്ങിനെത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനോട് കാലടിയിലെ വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കാത്തത് എന്തിനെന്ന് മിസ്രിയ ഉൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകർ ചോദിച്ചു. മന്ത്രിയോട് ചോദ്യം ചോദിച്ചതിന് മറുപടിയായി ലഭിച്ചത് കള്ളപ്രചാരണങ്ങളും സൈബറാക്രമണങ്ങളുമായിരുന്നു. അതുകൊണ്ടും അവസാനിച്ചില്ല. പിന്നാലെ മഹാരാജാസ് കോളേജ് യൂണിയൻ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണുമടക്കമുള്ള വിദ്യാർഥികൾക്കെതിരെ സസ്പെൻഷൻ നടപടിയുമെത്തി.
നഫീസത്തുൽ മിസ്രിയക്കെതിരെ കോൺഗ്രസ്–ലീഗ് അണികളുടെ കടുത്ത സൈബർ ആക്രമണങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളുമുണ്ടായി. പക്ഷേ മിസ്രിയ പിന്മാറിയില്ല. ചോദ്യത്തിന് മറുപടിയില്ലാത്തതുകൊണ്ടാണ് ആക്രമണമെന്നും ഭയന്ന് പിന്മാറില്ലെന്നും വ്യക്തമാക്കി. മിസ്രിയ ഉൾപ്പെടെ പത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് പിന്നീട് കോടതി മുൻകൂർ ജാമ്യവും അനുവദിച്ചു. തുടർന്ന് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രതിഷേധമുയർന്നു. പ്രതിഷേധങ്ങൾ കേരളത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിച്ചു.
രാഷ്ട്രീയ നേതൃത്വവും സാംസ്കാരിക ലോകവും സമരത്തിനൊപ്പം അണിനിരന്നു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പിണറായി വിജയൻ, എം വി ഗോവിന്ദൻ, ഇ പി ജയരാജൻ, കെ എൻ ബാലഗോപാൽ, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, പി കെ ബിജു, പി രാജീവ്, കടകംപള്ളി സുരേന്ദ്രൻ, വി ശിവൻകുട്ടി, ജോൺ ബ്രിട്ടാസ് എംപി തുടങ്ങി നിരവധി നേതാക്കൾ സമരപ്പന്തലിലെത്തിയും ഐക്യദാർഢ്യം അറിയിച്ചും കുട്ടികൾക്കൊപ്പം നിന്നു. നടൻ പ്രകാശ് രാജ് സമരവേദിയിലെത്തി പഠിക്കാനുള്ള സൗകര്യം ചോദിച്ച കുട്ടികൾ എന്തിനാണ് മാപ്പുപറയേണ്ടതെന്ന് ചോദിച്ചു. എഴുത്തുകാരായ സച്ചിദാനന്ദൻ, സാറാ ജോസഫ്, എൻ എസ് മാധവൻ, ബന്യാമിൻ, കെ പി രാമനുണ്ണി, ടി ഡി രാമകൃഷ്ണൻ, അശോകൻ ചരുവിൽ, കെ ഇ എൻ, സംവിധായകരായ കമൽ, പ്രിയനന്ദനൻ, അഭിനേതാക്കളായ കനി കുസൃതി, സജിത മഠത്തിൽ, ഗായകരായ മുരുകൻ കാട്ടാക്കട, സൂരജ് സന്തോഷ്, ഗായത്രി വർഷ, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവരും വിദ്യാർഥികൾക്ക് പിന്തുണയുമായെത്തി.
നിരാഹാരമിരുന്നും രാപകൽ സമരപ്പന്തലിൽ ഉറച്ചുനിന്നും നിയമപോരാട്ടം നടത്തിയും അവർ മുന്നോട്ടുപോയി. മാപ്പെഴുതി നൽകിയാൽ 12 പേരെ തിരിച്ചെടുക്കാമെന്നും നാലുപേരുടെ സസ്പെൻഷൻ രണ്ടുമാസം കൂടി നീട്ടാമെന്നുമുള്ള സർവകലാശാലയുടെ വാഗ്ദാനവും അവർ തള്ളി. ഒക്ടോബർ 30ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരീക്ഷയെഴുതാൻ ഇടക്കാല അനുമതി നൽകി. എന്നാൽ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സർവകലാശാല കോടതിയെ സമീപിക്കുന്ന അസാധാരണ സംഭവത്തിനും കേരളം സാക്ഷ്യം വഹിച്ചു. തുടർന്ന് വിദ്യാർഥികൾക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. പിന്നീട് ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെ, രണ്ടുമാസത്തിലേറെയായി കുട്ടികളെ പുറത്തുനിർത്തിയിട്ടും സർവകലാശാലയുടെ അരിശം തീർന്നില്ലേ എന്നായിരുന്നു കോടതി ചോദിച്ചത്.
ഒടുവിൽ 83 ദിവസത്തെ പോരാട്ടത്തിന് വിജയമെത്തി. 16 വിദ്യാർഥികളുടെയും സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി. അന്വേഷണസമിതിയെ നിയോഗിച്ച ഉത്തരവും റിപ്പോർട്ടും മാപ്പുപറയണമെന്ന തീരുമാനവും റദ്ദാക്കി. ക്യാമ്പസിൽ പ്രവേശിക്കാനും ക്ലാസിലിരിക്കാനും പ്രത്യേക പരീക്ഷ നടത്താനും ഉത്തരവിട്ടു. സമരം ചെയ്താൽ ഒന്നും കിട്ടില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ വിജയം. നീതിയുള്ള ആവശ്യങ്ങൾക്കായി സംഘടിച്ച് പോരാടിയാൽ അവകാശങ്ങൾ നേടിയെടുക്കാനാകുമെന്ന പ്രതീക്ഷയാണ് കാലടിയിലെ എസ്എഫ്ഐ സമരം ബാക്കിവയ്ക്കുന്നത്.








0 comments