സേനയിലേക്ക് 1258 പുതിയ അംഗങ്ങൾ; പൊലീസ് കോൺസ്റ്റബിൾമാരുടെ പരിശീലനം ആരംഭിച്ചു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 1258 അംഗങ്ങളുടെ പരിശീലനം ആരംഭിച്ചു. ഇക്കൊല്ലത്തെ നാലാമത്തെ ബാച്ച് റിക്രൂട്ട് പൊലീസ് കോൺസ്റ്റബിൾമാരുടെ പരിശീലനത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം സായുധ സേനാ ബറ്റാലിയൻ എഡിജിപി ബൽറാം കുമാർ ഉപാധ്യായ നിർവഹിച്ചു.
വിദ്യാസമ്പന്നരായ ചെറുപ്പക്കാരാണ് നിലവിൽ കേരള പൊലീസിലേക്ക് കടന്നു വരുന്നതെന്നും അവരുടെ അറിവും കഴിവും രാജ്യസേവനത്തിന് ഉതകുംവിധം വിനിയോഗിക്കാനാവണമെന്നും അദ്ദേഹം പറഞ്ഞു.
താരതമ്യേന അല്പം ബുദ്ധിമുട്ടുള്ള ജോലിയാണ് പൊലീസിലേതെങ്കിലും മനസിന് ഏറ്റവും സംതൃപ്തി തരുന്ന ഒന്നാണ് ഇതെന്ന് ചടങ്ങിൽ സംസാരിച്ച പരിശീലനവിഭാഗം ഐജിപി ഡോ. എസ് സതീഷ് ബിനോ അഭിപ്രായപ്പെട്ടു. ഏത് സമയത്തും തൻറെ മുന്നിലെത്തുന്ന പരാതിക്കാരെ സഹായിക്കാനുള്ള സഹാനുഭൂതി ഉള്ളവരായിരിക്കണം പൊലീസ് ഉദ്യോഗസ്ഥരെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എസ്എപി (190), കെഎപി 1 (156), കെഎപി 2 (116), കെഎപി 3 (150), കെഎപി 4 (168), കെഎപി 5 (142), എംഎസ്പി (178), കെഎഡബ്ല്യൂപി (158) എന്നിങ്ങനെ വിവിധ ബറ്റാലിയനുകളിലുള്ള 1,258 പുതിയ പരിശീലനാർത്ഥികൾക്കാണ് പരിശീലനം ആരംഭിച്ചത്.
തൈക്കാട് പൊലീസ് ട്രെയിനിംങ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സായുധ സേനാ ബറ്റാലിയൻ ഡിഐജി ഡോ. ജെ ഹിമേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് എസ്എപി കമാണ്ടൻറ് ദീപക് ധൻകർ സ്വാഗതവും, വനിതാ ബറ്റാലിയൻ കമാണ്ടൻറ് അഞ്ജലി ഭാവന നന്ദിയും പറഞ്ഞു.
പൊലീസ് ട്രെയിനിംങ് കോളേജ് പ്രിൻസിപ്പൽ മൊഹമ്മദ് ഷാഫി കെ, മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, എസ്എപിയിൽ നിന്നുള്ള പരിശീലകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സംസ്ഥാനത്തെ വിവിധ പൊലീസ് ബറ്റാലിയനുകളിലുമുള്ള പരിശീലനാർത്ഥികൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടന ചടങ്ങിൻറെ ഭാഗമായി.








0 comments