print edition വെനസ്വേല ഭൂകമ്പം; ജീവന്റെ തുടിപ്പുതേടി തിരച്ചിൽ

ലാ ഗ്വൈറയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ബന്ധുക്കളെ തിരയുന്നുവര്‍
കരാക്കസ്: ഇരട്ട ഭൂകമ്പത്തിൽ ഉലഞ്ഞ വെനസ്വേലയിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ ജീവനുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. നിരവധിപേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു.
920 മരണം സ്ഥിരീകരിച്ചു. 3,360- പേർക്ക് പരിക്കേറ്റു. ഇനിയും 172 പേർ കുടുങ്ങിക്കിടക്കുന്നതായാണ് ഔദ്യോഗിക കണക്കെന്ന് ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെടുക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും ഡെൽസി വ്യക്തമാക്കി. ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച ലാ ഗ്വൈറ സംസ്ഥാനത്ത് 60 ശതമാനം വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.
തകർന്നുവീണ വൻ വൈദ്യുതി പ്രസരണ ടവർ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി തീർക്കുന്നതോടെ ഊർജ പ്രതിസന്ധി പൂർണമായി പരിഹരിക്കാനാകും. ലാ ഗ്വൈറയിലേക്കുള്ള യാത്രയ്ക്ക് സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
ദുരന്തം നടന്ന് നാലുദിവസമായിട്ടും സിവിൽ ഡിഫൻസ് വിഭാഗവും സൈന്യവും പ്രാദേശിക കൂട്ടായ്മകളും ചേർന്നുള്ള തിരച്ചിൽ തുടരുകയാണ്. മറ്റ് രാജ്യങ്ങളിൽനിന്നുള്ള വിദഗ്‌ധ സംഘങ്ങൾ തിരച്ചിലിനായി എത്തിയിട്ടുണ്ട്. കോൺക്രീറ്റ് കൂനക്കടിയിൽ പ്രിയപ്പെട്ടവരുടെ ജീവന്റെ തുടിപ്പുകൾക്കായുള്ള കാത്തിരിപ്പിലാണ് കുടുംബങ്ങൾ.
അവശിഷ്ടങ്ങൾക്കടിയിൽനിന്ന് ബന്ധുവിന്റെ കരച്ചിൽ കേട്ട കുടുംബം സ്വന്തമായി മണ്ണുമാറ്റി രക്ഷാപ്രവർത്തനം നടത്തുന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ പുറത്തുവന്നു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പിഞ്ചുകുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ആയിരങ്ങളെ കാണാതായിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
ആശ്രയമായി ക്യൂബൻ മെഡിക്കൽസംഘം
ഭൂകമ്പബാധിത പ്രദേശങ്ങളിൽ അടിയന്തര സേവനങ്ങളുമായി ക്യൂബൻ മെഡിക്കൽസംഘം. വെനസ്വേലയിൽ നേരത്തെ തന്നെ വിവിധ ആരോഗ്യപദ്ധതികളുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ക്യൂബൻ ആരോഗ്യപ്രവർത്തകരെ ഭൂകമ്പത്തിൽ പരിക്കേറ്റ ആയിരക്കണക്കിന് ആളുകൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി വിവിധ പ്രദേശങ്ങളിലേക്ക് വിന്യസിച്ചു.
ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ആശുപത്രികൾ കടുത്ത പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ ക്യൂബൻ മെഡിക്കൽ മിഷന്റെ പ്രവർത്തനം വെനസ്വേലയ്ക്ക് വലിയ ആശ്വാസമായി. അടിയന്തര ശസ്ത്രക്രിയകളും പ്രാഥമിക ചികിത്സയും നൽകാൻ താൽക്കാലിക മെഡിക്കൽ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.










0 comments