വെനസ്വേലയുടെ ആകാശം ചുവന്നുതുടുത്തു ! അടുത്ത ദുരന്തത്തിന്റെ സൂചനയോ? യഥാർത്ഥ കാരണം

വെനസ്വേലയിലെ ആകാശം ചുവന്നുതുടുത്ത നിലയിൽ (Photo: X/@MonitorNewsve)
കാരക്കാസ്: വൻ നാശനഷ്ടം വിതച്ച ഇരട്ട ഭൂകമ്പങ്ങൾക്ക് പിന്നാലെ വെനസ്വേലയുടെ ആകാശം ചുവന്നുതുടുത്തു. തലസ്ഥാനമായ കാരക്കാസിലാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആകാശം കടും ചുവപ്പ് നിറത്തിലേക്ക് മാറിയത്. ഇതോടെ ഇത് വരാനിരിക്കുന്ന മറ്റൊരു വലിയ ദുരന്തത്തിന്റെ സൂചനയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങി.
ദിവസങ്ങൾക്ക് മുൻപ് രാജ്യത്തുണ്ടായ ശക്തമായ ഇരട്ട ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ, ഇത് 'ഭൂകമ്പ വെളിച്ചം' ആണെന്ന് പലരും കരുതി. എന്നാൽ, ഈ ആകാശ വിസ്മയത്തിന് പിന്നിൽ ഭൂകമ്പവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്തരീക്ഷ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. പ്രാദേശികമായി 'കാൻഡിലാസോ' എന്ന് വിളിക്കുന്ന തികച്ചും സ്വാഭാവികമായ ഒരു അന്തരീക്ഷ പ്രതിഭാസമാണിത്.
സൂര്യപ്രകാശത്തിന്റെ തരംഗദൈർഘ്യവും അന്തരീക്ഷത്തിലെ പൊടിപടലങ്ങളും തമ്മിലുള്ള പ്രതിപ്രവർത്തനമാണ് ഈ കടും ചുവപ്പ് നിറത്തിന് കാരണം. സാധാരണയായി പകൽ സമയത്ത് നീല വെളിച്ചം അന്തരീക്ഷത്തിൽ തട്ടി എല്ലാ ദിശകളിലേക്കും ചിതറിപ്പോകുന്നു. എന്നാൽ സൂര്യോദയ സമയത്തും സൂര്യാസ്തമയ സമയത്തും സൂര്യപ്രകാശത്തിന് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നതിനാൽ നീല വെളിച്ചം പൂർണ്ണമായും ഇല്ലാതാവുകയും തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് നിറങ്ങൾ മാത്രം ആകാശത്ത് അവശേഷിക്കുകയും ചെയ്യും.
ഇത്തവണ കാരക്കാസിലെ ആകാശത്തിന് ഇത്രയധികം തീവ്രത കൈവരാൻ ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്നും അറ്റ്ലാന്റിക് സമുദ്രം വഴി വീശിയെത്തിയ വൻ പൊടിപടലങ്ങളും കാരണമായിട്ടുണ്ട്. അന്തരീക്ഷത്തിൽ ഉയർന്ന അളവിൽ പൊടി നിറഞ്ഞതോടെ പ്രകാശത്തിന്റെ വിസരണം ശക്തിപ്പെടുകയും ആകാശം ചോരനിറത്തിൽ തിളങ്ങുകയും ചെയ്തു.
ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളുടെ പൊടിയും ഇതിന് ചെറിയ രീതിയിൽ ആക്കം കൂട്ടിയിട്ടുണ്ടാകാമെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഭൂകമ്പവും ഈ ചുവന്ന ആകാശവും ഒരേ സമയത്ത് സംഭവിച്ചു എന്നത് തികച്ചും യാദൃശ്ചികം മാത്രമാണെന്ന് ഭൗമശാസ്ത്രജ്ഞർ ഉറപ്പിച്ചു പറയുന്നു.
അതേസമയം വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങളിൽ 58,000ത്തിലധികം കെട്ടിടങ്ങൾ തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഉപഗ്രഹം കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജൂൺ 24ന് റിക്ടർ സ്കെയിലിൽ 7.2 - 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെനസ്വേലയിലുണ്ടായത്. ദുരന്തത്തിൽ 1,700ലധികം ആളുകൾ മരണപ്പെടുകയും ആയിരക്കണക്കിന് പേരെ കാണാതാവുകയും ചെയ്തു. നൂറ്റാണ്ടിനിടയിൽ വെനസ്വേലയിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്.
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ 'സെന്റിനൽ-1' റഡാർ ഉപഗ്രഹത്തിൽ നിന്നുള്ള ഉയർന്ന വ്യക്തതയുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ കോറി ഷെറും ജാമൺ വാൻ ഡെൻ ഹോക്കും ചേർന്നാണ് ഈ പഠനം നടത്തിയത്. ഭൂചലനം നടന്ന് ഒരു ദിവസത്തിന് ശേഷം ഏകദേശം 58,870 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റഡാർ വിവരങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഇത് പ്രാഥമിക വിലയിരുത്തൽ മാത്രമാണെന്നും നേരിട്ടുള്ള പരിശോധനകളിലൂടെ മാത്രമേ കൃത്യമായ നാശനഷ്ടം സ്ഥിരീകരിക്കാനാകൂ എന്നും ഗവേഷകർ വ്യക്തമാക്കി.











0 comments