ad
Deshabhimani

പുതിയ തീരുവ ഭീഷണിയുമായി അമേരിക്ക, ഇന്ത്യയുൾപ്പെടെ 54 രാജ്യങ്ങൾക്ക് 12.5 ശതമാനം അധികനികുതി

forced labour
വെബ് ഡെസ്ക്

Published on Jun 03, 2026, 11:18 AM | 3 min read

വാഷിംഗ്ടൺ: അന്താരാഷ്ട്ര വ്യാപാര രംഗത്ത് വൻ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ ഉൾപ്പെടെയുള്ള 54 പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 12.5 ശതമാനം അധിക നികുതി ചുമത്താൻ അമേരിക്ക ഒരുങ്ങുന്നു. നിർബന്ധിത തൊഴിൽ ചൂഷണത്തിലൂടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ തങ്ങളുടെ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്നത് തടയുന്നതിൽ ഈ രാജ്യങ്ങൾ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ചാണ് പുതിയ നീക്കം. യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവിന്റെ റിപ്പോര്‍ട് അടിസ്ഥാനമാക്കിയാണ് അപ്രതീക്ഷിത നടപടി.


യുഎസ് ട്രേഡ് ആക്ട് 1974-ലെ 'സെക്ഷൻ 301' പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്റേറ്റീവ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ പുറത്തുവിട്ടുകൊണ്ടാണ് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് അംബാസഡർ ജാമിസൺ ഗ്രീർ ചൊവ്വാഴ്ച നികുതി നിര്‍ദ്ദേശം പരസ്യമാക്കിയത്. കഴിഞ്ഞ മാർച്ച് 11, 12 തീയതികളിലാണ് യുഎസ്ടിആര്‍ ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങൾക്കെതിരെ അന്വേഷണങ്ങൾ ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 2-ന് പുറത്തുവിട്ട കണ്ടെത്തലുകളിലാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി നിർദ്ദേശിച്ചിരിക്കുന്നത്.


എന്താണ് യുഎസ് ആരോപണം


നിർബന്ധിത തൊഴിൽ ചൂഷണത്തിലൂടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ആഗോളതലത്തിൽ തടയാൻ തങ്ങളുടെ പ്രധാന വ്യാപാര പങ്കാളികൾ പരാജയപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് യജമാന ഭാവത്തിലാണ് ഏകപക്ഷീയമായ പ്രഖ്യാപനം. "ഇത്തരം നടപടികൾ ആഗോള വിപണിയിൽ അമേരിക്കൻ തൊഴിലാളികൾക്ക് തുല്യതയില്ലാത്തതും അനാരോഗ്യകരവുമായ മത്സരം നേരിടേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കുന്നു. ഈ അസമത്വം ഇനി വെച്ചുപൊറുപ്പിക്കില്ല," എന്നും ജാമിസൺ ഗ്രീർ പ്രസ്താവനയിൽ പറഞ്ഞു.


ആകെ 60 രാജ്യങ്ങളുടെ വ്യാപാര നയങ്ങളെക്കുറിച്ചാണ് യു എസ് അന്വേഷണം നടത്തിയത്. ഇതിൽ സ്വന്തമായി ശക്തമായ നിരോധന നിയമങ്ങളില്ലാത്ത ഇന്ത്യ, ചൈന, ജപ്പാൻ, ബ്രസീൽ, ഓസ്‌ട്രേലിയ, യുകെ, സൗദി അറേബ്യ തുടങ്ങി 54 രാജ്യങ്ങൾക്കാണ് 12.5% അധിക നികുതി നിർദ്ദേശിച്ചിട്ടുള്ളത്. ഭാഗികമായി നിയമങ്ങളുള്ള ബാക്കി 6 രാജ്യങ്ങൾക്ക് 10% അധിക നികുതിയുമാണ് ഏർപ്പെടുത്തുക. യൂറോപ്യൻ യൂണിയൻ, കാനഡ, മെക്സിക്കോ, പാകിസ്ഥാൻ എന്നിവയാണ് ഈ പട്ടികയിലെ പ്രധാന രാജ്യങ്ങൾ. വ്യാപാര സംബന്ധമായ ഇത്തരം വിഷയങ്ങൾ ഇതുവരെ ഉഭയകക്ഷി ചർച്ചകളിലൂടെയാണ് പരിഹരിച്ചിരുന്നത്.


നേരത്തെ അറിയാമായിരുന്നിട്ടും

ഇന്ത്യ അനങ്ങാതിരുന്നു


2026 മാർച്ച് 12 ന് നിർബന്ധിത തൊഴിൽ ചൂഷണവുമായി ബന്ധപ്പെട്ട് ലോകത്തെ 60 രാജ്യങ്ങൾക്കെതിരെ യു.എസ് 'സെക്ഷൻ 301' പ്രകാരം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രാരംഭ ഘട്ടത്തിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചായിരുന്നു അന്വേഷണം. പാകിസ്ഥാൻ ഉൾപ്പെടെ രാജ്യങ്ങൾ ഇതിന്റെ ആദ്യ പട്ടകയിൽ നിന്ന് പുറത്തു കടന്നു. ഇന്ത്യ ഏറ്റവും ഉയര്‍ന്ന താരിഫിൽ അകപ്പെട്ടു. ഇന്ത്യയുടെ പ്രധാന വ്യാപാര എതിരാളികളായ പാകിസ്ഥാനും ഇന്തോനേഷ്യയും കുറഞ്ഞ നികുതി നിരക്കായ 10 ശതമാനത്തിന്റെ പരിധിയിൽ വരുന്നത് ഇന്ത്യയ്ക്ക് കൂടുതൽ വെല്ലുവിളിയാണ്. നിലവിൽ പുറപ്പെടുവിച്ചിട്ടുള്ളത് ഒരു നികുതി നിർദ്ദേശം മാത്രമാണെന്നും ഇത് അന്തിമമായി നടപ്പിലാക്കിയിട്ടില്ലെന്നും വിശദീകരിക്കയാണ് വാണിജ്യ മന്ത്രാലയം ചെയ്തത്.


ന്യൂഡൽഹിയി ഇന്ത്യയും അമേരിക്കയും തമ്മിൽ സുപ്രധാന ഉഭയകക്ഷി വ്യാപാര കരാറുകൾക്കായുള്ള ചർച്ചകൾ തുടര്‍ന്നു വരുന്ന സമയമാണിത്. യു എസ് ചീഫ് നെഗോഷ്യേറ്ററുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയിലുള്ള ഈ സമയത്ത് തന്നെയാണ് യുഎസിന്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ചര്‍ച്ചകളിൽ ഈ പ്രശ്നം ഉന്നയിക്കാനോ പ്രതിരോധിക്കാനോ ദീര്‍ഘവീക്ഷണം ഉണ്ടായില്ല. അധിക നികുതി പ്രഖ്യാപനം വന്നയുടനെ തന്നെ ഇന്ത്യൻ ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വലിയ ഇടിവ് രേഖപ്പെടുത്തി. റെക്കോര്‍ഡ് തകര്‍ച്ചിലാണ് (95.64) രൂപയിപ്പോൾ.


Related News

ഇന്ത്യയെ സംബന്ധിച്ച് ടെക്സ്റ്റൈൽ-വസ്ത്രവ്യാപാര മേഖല വളരെ പ്രധാനപ്പെട്ടതാണ്. ഈ മേഖലയിൽ വെറും 45% കമ്പനികൾ മാത്രമാണ് യുഎസ്ടിആര്‍ മാനദണ്ഡങ്ങൾ പാലിക്കുന്നത്. അതുകൊണ്ട് തന്നെ യു.എസിന്റെ 12.5% അധിക നികുതി പ്രഖ്യാപനം ടെക്സ്റ്റയിൽ ഉൾപ്പെടെ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് മൊത്തത്തിൽ വലിയ ഭീഷണിയാകും.


പൊതുജനങ്ങളുടെയും വിവിധ രാജ്യങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കാൻ ജൂലൈ 6 വരെ സമയ പരിധി നൽകിയിട്ടുണ്ട്. ജൂലൈ 7 മുതൽ ഈ വിഷയത്തിൽ യുഎസ് പൊതു ഹിയറിംഗ് നടത്തും. അതിനുശേഷമേ നികുതികൾ ഔദ്യോഗികമായി നടപ്പിലാക്കൂ. ഏകപക്ഷീയമായി നികുതി പ്രഖ്യാപിക്കയും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കാൻ വിടുകയും ചെയ്തു. സാമ്പത്തിക സമ്മര്‍ദ്ദം ഉയര്‍ത്തി നിലനിര്‍ത്തി ചര്‍ച്ചകളും ഹിയറിങും എന്ന തന്ത്രമാണ് യു എസ് പ്രയോഗിക്കുന്നത്.


forced labour


ലോകം കാണാതെ പോകുന്ന ചൂഷണം


നിർബന്ധിത തൊഴിൽ ചൂഷണം എന്നത് പെട്ടെന്ന് ഉണ്ടായ പ്രശ്നമല്ല, മറിച്ച് വർഷങ്ങളായി അന്താരാഷ്ട്ര തലത്തിൽ ചര്‍ച്ചകളിലും സംവാദങ്ങളിലും പരിഹാര ആവശ്യം ഉയരുന്നതാണ്. ഐഎൽഒയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടും 2.5 കോടിയിലധികം ആളുകൾ നിർബന്ധിത തൊഴിൽ ചൂഷണത്തിന് ഇരയാകുന്നുണ്ട്. ഇതിൽ 71 ശതമാനവും സ്ത്രീകളും പെൺകുട്ടികളുമാണ്. നാലിൽ ഒരാൾ കുട്ടികളാണ്. യൂറോപ്പിലും വടക്കേ അമേരിക്കയിലുമായി മാത്രം 15 ലക്ഷത്തോളം ഇരകൾ ഈ ചൂഷണം അനുഭവിക്കുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home