print edition ലോകാരോഗ്യസംഘടനയില്‍നിന്ന് യുഎസ് പിന്മാറി ; കുടിശ്ശിക കൊടുക്കില്ല

ന്യൂയോർക്ക്
അമേരിക്ക ലോകാരോഗ്യ സംഘടനയിൽനിന്ന് ഔദ്യോഗികമായി പിൻവാങ്ങിയത് രണ്ടുവർഷമായുള്ള 26 കോടി ഡോളർ കുടിശ്ശിക അടച്ചുതീർക്കാതെ. വിട്ടുപോകുന്നതിനുമുമ്പ് ബാധ്യതകൾ പൂർണ്ണമായും അടയ്ക്കണമെന്ന വ്യവസ്ഥകൾ ലംഘിച്ചാണ് യുഎസ് നടപടി. 2025 ജനുവരിയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റ ദിവസം പ്രഖ്യാപിച്ച നീക്കമാണ് ഒരുവർഷം പിന്നിടുന്പോൾ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചുകൊണ്ട് പ്രവർത്തികമാക്കിയത്.
1948-ലെ സംയുക്ത പ്രമേയം അനുസരിച്ച് ഒരു രാജ്യം ലോകാരോഗ്യ സംഘടന വിടുന്നതിനുമുമ്പ് ഒരുവർഷത്തെ നോട്ടീസ് കാലയളവും നിലവിലുള്ള സാമ്പത്തിക പ്രതിബദ്ധതകൾ നിറവേറ്റലും നിയമപരമായി വ്യവസ്ഥചെയ്യുന്നുണ്ട്.
എന്നാൽ, കടങ്ങൾ തീർപ്പാക്കിയിട്ടില്ലെന്ന് യുഎസ് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഐക്യരാഷ്ട്രസഭയുമായി ബന്ധമുള്ള 31 ഉം സ്വതന്ത്രമായ 35 ഉം അന്താരാഷ്ട്ര സംഘടനകളിൽനിന്ന് അമേരിക്ക പിൻവാങ്ങൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രംപിന് 37 ശതമാനം പിന്തുണമാത്രം
അമേരിക്കയിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ രണ്ടാം ടേമിന്റെ ആദ്യ വർഷത്തെ പ്രകടനത്തിന് 37 ശതമാനം പേരുടെ പിന്തുണമാത്രം. കാനഡയിലെ പ്രമുഖ പോളിങ് സ്ഥാപനങ്ങളിലൊന്നായ ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സർവേയിലാണ് വെളിപ്പെടുത്തൽ. അമേരിക്കക്കാരിൽ 56 ശതമാനവും ട്രംപിന്റെ നിലപാടുകളെ ശക്തമായി എതിർത്തു.
റിപ്പബ്ലിക്കൻ പാർടി അനുകൂലികളിൽപ്പോലും ട്രംപിനോടുള്ള വിയോജിപ്പ് ശക്തമാണെന്ന് സർവേയിൽ കണ്ടെത്തി. ട്രംപിന്റെ അജൻഡയിലെ 17 പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പൊതുജനാഭിപ്രായം വിലയിരുത്തിയത്. ഇതിൽ രണ്ട് എണ്ണത്തിൽ മാത്രമാണ് ട്രംപ് വിയോജിപ്പിനെക്കാൾ കൂടുതൽ പിന്തുണ നേടിയത്. മെക്സിക്കോ അതിർത്തിയിലെ കുടിയേറ്റക്കാരുടെ വരവ് കുറയുന്നതിലും ഓഹരിവിപണിയുടെ പ്രകടനത്തിലും മാത്രമാണിത്. ജീവിതച്ചെലവ് കൈകാര്യംചെയ്യുന്നതിൽ സർവേയിൽ പങ്കെടുത്ത70 ശതമാനം പേരും പ്രസിഡന്റിന്റെ രീതിയെ എതിർത്തു.










0 comments