ഇളവോ ? എന്ത് ഇളവ് ? റഷ്യൻ എണ്ണ ഇറക്കുമതിക്ക് നിയന്ത്രണം; ഇന്ത്യക്ക് നൽകിയ ആനുകൂല്യം റദ്ദാക്കി അമേരിക്ക

പ്രതീകാത്മക ചിത്രം
വാഷിങ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയിരുന്ന താൽക്കാലിക ഇളവ് ഇനി പുതുക്കില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ അസ്ഥിരത പരിഹരിക്കാനായി നേരത്തെ അനുവദിച്ച 30 ദിവസത്തെ ഇളവാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്.
നിലവിൽ കടലിൽ എത്തിയിട്ടുള്ള (In-transit) എണ്ണയുടെ ഇടപാടുകൾക്ക് മാത്രമേ പുതിയ ഇളവ് ബാധകമാകൂ. റഷ്യയ്ക്ക് ഇതിലൂടെ വലിയ സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിയില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ആഗോള ഊർജ്ജ വിപണിയെ ഇറാൻ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ആ സമ്മർദ്ദം കുറയ്ക്കാനായിരുന്നു ഈ താൽക്കാലിക നടപടിയെന്ന് സ്കോട്ട് ബെസെന്റ് വിശദീകരിച്ചു.
അമേരിക്കയുടെ നിർണ്ണായക പങ്കാളിയായ ഇന്ത്യ, ഇനിമുതൽ യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ്-ഇസ്രായേൽ നീക്കങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇത് ക്രൂഡ് ഓയിലിന്റെ ലഭ്യത കുറയുന്നതിനും വില വർദ്ധിക്കുന്നതിനും കാരണമായി. ഈ വിടവ് നികത്താൻ വേണ്ടിയാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്ക മുൻപ് അനുമതി നൽകിയിരുന്നത്.
റഷ്യയുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം കർശനമായി നടപ്പിലാക്കുന്നതിലൂടെ അവരുടെ സാമ്പത്തിക സ്രോതസ്സുകൾ തടയുക എന്നതാണ് അമേരിക്കൻ നീക്കം. എന്നാൽ ഇത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ആഭ്യന്തര എണ്ണവില വർദ്ധിക്കാൻ കാരണമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.










0 comments