print edition 2 ലക്ഷം വിസ റദ്ദാക്കാൻ യുഎസ്

വാഷിങ്‌ടൺ: അമേരിക്കയിൽ അഭയാർഥികളാകാൻ അപേക്ഷിച്ച രണ്ടു ലക്ഷത്തോളം വിദേശികളുടെ ബിസിനസ്, ടൂറിസ്റ്റ് വിസകൾ റദ്ദാക്കാൻ നടപടി തുടങ്ങി. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിസ റദ്ദാക്കലാകുമിത്. 2016–2026 കാലത്ത് നൽകിയ ബി1, ബി2 വിസ ഉടമകളിൽ അഭയാർഥി അപേക്ഷ നൽകിയവരെയാണ് നടപടി ബാധിക്കുക.
ഹ്രസ്വകാല സന്ദർശകരായെത്തി പിന്നീട് അഭയാർഥി അപേക്ഷ നൽകിയവരുടെ കുടിയേറ്റ ഇതര വിസകൾ കണ്ടെത്തി റദ്ദാക്കാനാണ് തീരുമാനം. അഭയാർഥി അപേക്ഷയിൽ തീർപ്പുകൽപ്പിക്കാത്തവരെ തരംതിരിക്കും. ബിസിനസ്, ടൂറിസ്റ്റ് യാത്രികപദവി നഷ്‌ടപ്പെടും. ബി1 വിസ പ്രധാനമായും ബിസിനസ് ആവശ്യങ്ങൾക്കും ബി2 വിസ ടൂറിസം, കുടുംബസന്ദർശനം, ചികിത്സ എന്നിവയ്‌ക്കുമാണ് അനുവദിക്കുന്നത്. രണ്ടാംതവണയും പ്രസിഡന്റായ ഡോണാൾഡ് ട്രംപ് കുടിയേറ്റവിരുദ്ധവേട്ടയുടെ ഭാഗമായി വിസ മാനദണ്ഡങ്ങൾ കർശനമാക്കിയതിന് പിന്നാലെയാണ് നടപടി.
18 മാസത്തിനിടെ കുറ്റകൃത്യങ്ങളിൽ ആരോപണവിധേയരായവരും ശിക്ഷിക്കപ്പെട്ടവരുമായ 1.75 ലക്ഷം പേരുടെ വിസ റദ്ദാക്കി. ഗർഭിണികൾ അമേരിക്കയിലെത്തി പ്രസവിച്ച് കുട്ടിക്ക് പൗരത്വം നേടുന്ന "ബർത്ത് ടൂറിസം' തടയാനും നടപടി ശക്തമാക്കിയിരുന്നു. എന്നാൽ, ജന്മാവകാശപൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നീക്കം സുപ്രീംകോടതി വിലക്കി.
എച്ച്1ബി വിസയ്‌ക്ക് അധികഫീസ്
എച്ച്-1ബി വിസ അപേക്ഷകൾക്ക് 1,03,265 യുഎസ് ഡോളർ അധിക ഫീസ് ഈടാക്കാൻ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് നിർദേശിച്ചു. നിലവിലുള്ള വിസ പെറ്റീഷൻ ഫീസിന് പുറമെ ഈ തുക പ്രത്യേകം ഈടാക്കാനാണ് നിർദേശം. നിയമപരമായ കുടിയേറ്റ നടപടികൾക്കുള്ള സർക്കാർ ചെലവ് കണ്ടെത്താനാണ് തുകയെന്നാണ് വിശദീകരണം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള സാങ്കേതിക വിദഗ്ധർക്കും യുഎസ് കമ്പനികൾക്കും ഇത് വലിയ തിരിച്ചടിയാകും. എച്ച്-1ബി വിസ അപേക്ഷകൾക്ക് ലക്ഷം ഡോളർ ഫീസ് ചുമത്താനുള്ള ട്രംപിന്റെ നീക്കം റദ്ദാക്കിയ കോടതി ഉത്തരവ് സ്റ്റേചെയ്യാൻ ഫെഡറൽ അപ്പീൽ കോടതി വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നിർദേശം.









0 comments