ഇന്ത്യ നേരത്തെ തന്നെ ഭീഷണിക്ക് വഴങ്ങി, വെനസ്വേലയിലെ യു എസ് അതിക്രമം ബാധിക്കില്ലെന്ന് വിദഗ്‌ധർ

വെനസ്വേലയ് നേരെയുള്ള യുഎസ് ആതിക്രമം ഇന്ത്യയുടെ ഊർജ സുരക്ഷയിലോ വ്യാപാര ബന്ധങ്ങളിലോ നേരിട്ട് സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്ന് വിദഗ്‌ധർ. അമേരിക്കൻ ഭീഷണിക്ക് കീഴിൽ ഒതുങ്ങി നിന്ന് നേരത്ത തന്നെ ഇന്ത്യ വ്യാപാര ബന്ധത്തിൽ നിന്നും പിൻവാങ്ങിയിരുന്നു.
2010 മുതൽ ഒരു ദശാബ്ദത്തോളം ക്രൂഡോയിലിനായി ഇന്ത്യ ഏറ്റവും ആശ്രയിച്ചിരുന്നത് വെനസ്വേലയെയാണ്. യു എസ് ഭീഷണി കനത്തതോടെ നരേന്ദ്ര മോദി സർക്കാർ മെല്ലെ പിൻവാങ്ങി തുടങ്ങിയിരുന്നു.
വെനസ്വേലയിൽ സൈനിക അതിക്രമം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും അമേരിക്ക ബന്ദിയാക്കിപ്പോൾ കേന്ദ്ര സർക്കാരിന്റെ പ്രതികരണം എവിടെയും തൊടാതെയുള്ളതായിരുന്നു. അമേരിക്കയുടെ പേര് പറയാതെ വെനസ്വേലയിലെ ജനങ്ങൾക്കും അവരുടെ താത്പര്യങ്ങൾക്കും ഒപ്പം നിൽക്കുന്നെന്ന് നയതന്ത്ര നാടകം അവതരിപ്പിക്കയാണ് ചെയ്തത്.
Related News
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, 2025 നവംബർ വരെയുള്ള നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ വെനിസ്വേലയിൽ നിന്ന് 255.3 മില്യൺ ഡോളറിന്റെ എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഇത് ഈ കാലയളവിലെ മൊത്തം എണ്ണ ഇറക്കുമതിയുടെ 0.3% മാത്രമാണ്.
2025 ൽ വെനസ്വേലൻ ക്രൂഡ് ഓയിൽ ഇറക്കുമതി 81.3 ശതമാനം കുറഞ്ഞു. മൊത്തത്തിലുള്ള ഉഭയകക്ഷി വ്യാപാരം നാമമാത്രമായി നിലനിർത്തുക മാത്രമായിരുന്നു- ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) സ്ഥാപകൻ അജയ് ശ്രീവാസ്തവ പറയുന്നു.
2019 മുതൽ തന്നെ യുഎസ് ഉപരോധങ്ങൾക്ക് ഇന്ത്യ കീഴ്പ്പെട്ടിരുന്നു. പ്രതികാര ചുങ്കവും അതിനുമേലുള്ള ഇരട്ട ചുങ്കവും കൂടി വന്നതോടെ എണ്ണ ഇറക്കുമതി മാത്രമല്ല വെനിസ്വേലയുമായുള്ള വാണിജ്യ ഇടപാടുകൾ മുഴുവൻ തന്നെയും വെട്ടിക്കുറച്ചുവരികയാണ്.

വെനിസ്വേലയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 95.3 മില്യൺ യുഎസ് ഡോളറായിരുന്നു, ഇതിൽ 41.4 മില്യൺ യുഎസ് ഡോളറിന്റെ ഫാർമസ്യൂട്ടിക്കൽസ് ഉൾപ്പെടുന്നു.
രാജ്യത്തെ സമ്പത്തിന് കുരുക്കിട്ടു
ആഗോള എണ്ണ വിപണിയിൽ വലിയ തോതിൽ ആധിപത്യം പുലർത്തുന്ന പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷനിൽ (ഒപെക്) വെനസ്വേല അംഗമാണ്. മറ്റ് എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളെ അപേക്ഷിച്ച് വെനസ്വേല നിലവിൽ താരതമ്യേന ചെറിയ അളവിൽ മാത്രമാണ് അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കുന്നത്. അമേരിക്കൻ ഉപരോധങ്ങളാണ് രാജ്യത്തെ എണ്ണ ഖനത്തിന് കുരുക്കിട്ടത്.
ഒപെക് ഡാറ്റ പ്രകാരം, ഒപെക്കിന്റെ മൊത്തം എണ്ണ കയറ്റുമതിയുടെ ഏകദേശം 3.5% മാത്രമാണ് അവരുടെ വിഹിതം. ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം 1% മാത്രമാണ് ഇത്.
വെനിസ്വേലയ്‌ക്കെതിരായ യുഎസ് ഉപരോധം മൂലമാണ് ഈ കുറവ്. ഇപ്പോൾ വെനിസ്വേലയുടെ എണ്ണ വിതരണത്തിന്റെ ഭൂരിഭാഗവും ചൈനയിലേക്കാണ് പോകുന്നത്.
ലോകത്തിലെ എണ്ണ ശേഖരത്തിന്റെ ഏകദേശം 18 ശതമാനം വെനിസ്വേലയുടെ കൈവശമാണ്. സൗദി അറേബ്യ (ഏകദേശം 16 ശതമാനം), റഷ്യ (ഏകദേശം 5-6 ശതമാനം), യുണൈറ്റഡ് സ്റ്റേറ്റ്സ് (ഏകദേശം 4 ശതമാനം) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ ശേഖരം.










0 comments