Deshabhimani

സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് അവകാശപ്പെട്ട് ട്രംപ്; അതേസമയം ഇറാനിൽ വീണ്ടും ആക്രമണം

Trump
വെബ് ഡെസ്ക്

Published on Nov 03, 2026, 08:56 AM | 2 min read

വാഷിങ്ടണ്‍: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുവശത്ത് അവകാശപ്പെടുമ്പോഴും, ഇറാനിൽ വീണ്ടും ആക്രമണം. ഇറാനിലെ ഖ്വഷ്ം ദ്വീപിൽ യുഎസ് ശക്തമായ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ദ്വീപിന് നേരെ നടന്ന പുതിയ വ്യോമാക്രമണത്തെക്കുറിച്ച് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്.


ഹോർമുസ് കടലിടുക്കിന് സമീപമുള്ള ദ്വീപിലും തെക്കൻ മേഖലയിലെ ബന്ദർ ലെംഗെയിലും ശക്തമായ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്.

ദ്വീപിൽ അഞ്ചും ബന്ദർ ലെംഗെയിൽ രണ്ടും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ഫോടനത്തിന് തൊട്ടുമുമ്പ് ക്വഷ്ം ദ്വീപിന് മുകളിലൂടെ രണ്ട് പോർവിമാനങ്ങൾ പറക്കുന്നത് കണ്ടതായി പ്രദേശവാസികളും വ്യക്തമാക്കി.


അതേസമയം ഹോർമുസ് കടലിടുക്കിന് സമീപം മൂന്ന് അമേരിക്കൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സ്ഫോടനങ്ങൾ നടന്നിരിക്കുന്നത്. യുഎസിന്റെ രണ്ട് MQM-170 നിരീക്ഷണ ഡ്രോണുകൾ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി ഐആർജിസി അറിയിച്ചു. ഹോർമുസ് കടലിടുക്കിന് കിഴക്ക് ഭാഗത്തുവെച്ച് യുഎസിന്റെ അത്യാധുനിക MQ-9 ഡ്രോണും തങ്ങൾ വികസിപ്പിച്ച പുതിയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി ഇറാന്റെ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.


കഴിഞ്ഞ കുറച്ച് ആഴ്ചകളായി വാഷിംഗ്ടൺ ഇറാനെതിരെ രഹസ്യമായി നടത്തുന്ന പരിമിതമായ സൈനിക ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള സ്വയം പ്രതിരോധ നടപടിയാണ് ഈ ആക്രമണമെന്ന് ചില യുഎസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.


"കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങൾ പോരാട്ടങ്ങളൊന്നും നടത്തിയിട്ടില്ല" എന്നാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞത്. ഒരു ധാരണയിൽ ഉടൻ എത്തിയേക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ സൈനിക നീക്കം. രണ്ട് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള പദ്ധതി ആരംഭിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.


എങ്കിലും ഔദ്യോഗികമായി ഇരു രാജ്യങ്ങളും തമ്മിൽ കരാറുകളൊന്നും ഒപ്പുവെച്ചിട്ടില്ല. എട്ട് മാസമായി തുടരുന്ന യുദ്ധം ഇനിയും അവസാനിച്ചിട്ടുമില്ല. യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ സംഭവവികാസങ്ങൾ. ഇറാനെതിരെ പെട്ടെന്ന് സൈനിക നടപടി സ്വീകരിക്കാൻ തിടുക്കമില്ലെന്നും നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ തുറന്നിട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്ന് അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ട്രംപ് ഇറാനില്‍ വീണ്ടും ആക്രമണം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home