സംസ്കൃത സർവകലാശാല: വിദ്യാർഥികൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ സാംസ്കാരിക ലോകം പുലർത്തുന്ന മൗനം അങ്ങേയറ്റം നിരാശാജനകം- എസ്എഫ്ഐ

കേരളത്തിലെ സാംസ്കാരിക പ്രവർത്തകർക്ക് എഴുതുന്ന തുറന്ന കത്ത്
പ്രിയപ്പെട്ട സാംസ്കാരിക പ്രവർത്തകരെ,
കേരളത്തിന്റെ ജനാധിപത്യ, പുരോഗമന ചരിത്രത്തിൽ എക്കാലവും തിരുത്തൽ ശക്തിയായി നിലകൊണ്ടിട്ടുള്ളവരാണ് നിങ്ങൾ. അനീതികൾക്കെതിരെയും ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെയും ശബ്ദമുയർത്താൻ നിങ്ങൾ കാലാകാലങ്ങളിൽ കാണിച്ചിട്ടുള്ള ആർജ്ജവം കേരളീയ സമൂഹത്തിന് എക്കാലവും വലിയ കരുത്താണ് നൽകിയിട്ടുള്ളത്. എന്നാൽ, കഴിഞ്ഞ കുറച്ചു നാളുകളായി കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കും നേരെ കേരളത്തിലെ സാംസ്കാരിക ലോകം പുലർത്തുന്ന മൗനം അങ്ങേയറ്റം നിരാശാജനകമാണ്.
അടിസ്ഥാന സൗകര്യങ്ങൾക്കും കുടിവെള്ളത്തിനും അധ്യാപകരുടെ ഒഴിവുകൾ നികത്തുന്നതിനും വേണ്ടി ജനാധിപത്യപരമായി സമരം ചെയ്തതിന്റെ പേരിലാണ് ഒരു കൂട്ടം വിദ്യാർത്ഥികളെ സർവ്വകലാശാലാ അധികാരികൾ വേട്ടയാടുന്നത്. തങ്ങളുടെ പ്രതിഷേധം സർഗ്ഗാത്മകമായി ഒരു നാടകത്തിലൂടെ അവതരിപ്പിച്ചു എന്നതിന്റെ പേരിലാണ് ഈ വിദ്യാർത്ഥികൾ ഇത്ര വലിയ പ്രതികാര നടപടികൾ അനുഭവിക്കേണ്ടി വരുന്നത്. കലയിലൂടെയും, ആവിഷ്കാരത്തിലൂടെയും, വിയോജിപ്പുകൾ രേഖപ്പെടുത്തുന്നത് ഒരു ജനാധിപത്യ സമൂഹത്തിൽ തികച്ചും സ്വാഭാവികമാണ്. എന്നിട്ടും, ഒരു സർഗ്ഗാത്മക സമരത്തെ അധികാരമുപയോഗിച്ച് ഇത്രയും അസഹിഷ്ണുതയോടെ നേരിട്ടിട്ടും കലയുടെയും സാഹിത്യത്തിന്റെയും വക്താക്കളായ നിങ്ങൾ കേരളത്തിന്റെ ജനാധിപത്യ, പുരോഗമന ചരിത്രത്തിൽ എക്കാലവും തിരുത്തൽ ശക്തിയായി നിലകൊണ്ടിട്ടുള്ളവരാണ് നിങ്ങൾ. അനീതികൾക്കെതിരെയും ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെയും ശബ്ദമുയർത്താൻ നിങ്ങൾ കാലാകാലങ്ങളിൽ കാണിച്ചിട്ടുള്ള ആർജ്ജവം കേരളീയ സമൂഹത്തിന് എക്കാലവും വലിയ കരുത്താണ് നൽകിയിട്ടുള്ളത്മൗനം പാലിക്കുന്നത് അങ്ങേയറ്റം അത്ഭുതപ്പെടുത്തുന്നു. സർഗ്ഗാത്മക സമരത്തെ 'അപരിഷ്കൃതം' എന്ന് വിളിച്ച് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും അധിക്ഷേപിച്ചിട്ടും കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക ലോകം മൗനം കൊണ്ടു. ആ വിദ്യാർത്ഥികളോട് ഐക്യപ്പെട്ട് മഹാരാജാസ് കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ഉന്നത വിദ്യാഭ്യാസ മന്ത്രിയോട് ചോദ്യം ചോദിച്ചതിന് പിറകെ പെൺകുട്ടിക്കെതിരെ സൈബർ ആക്രമണം നടന്നപ്പോഴും സസ്പെൻഡ് ചെയ്തപ്പോഴും മൗനം തന്നെയാണ് തുടർന്നതും.
അക്രമം നടത്തിയെന്നതിന് യാതൊരു തെളിവും ഇല്ലാതിരുന്നിട്ടും കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർത്ഥികളെ മാസങ്ങളോളം സസ്പെൻഡ് ചെയ്തു. 16 വിദ്യാർത്ഥികളെയാണ് 60 ദിവസം പിന്നിട്ടിട്ടും തിരിച്ചെടുക്കാതെയും പരീക്ഷ എഴുതുവാൻ അനുവദിക്കാതെയും വിദ്യാഭ്യാസ അവകാശം നിഷേധിച്ചിരിക്കുന്നത്. ഒടുവിൽ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പരീക്ഷയെഴുതാൻ അനുമതി നൽകിയിട്ടും, സ്വന്തം വിദ്യാർത്ഥികളെ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കാൻ വേണ്ടി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയ ഒരു വൈസ് ചാൻസലറുടെ സമാനതകളില്ലാത്ത പകപോക്കലിനാണ് ഇപ്പോൾ കേരളം സാക്ഷ്യം വഹിക്കുന്നത്. ഒരു തെറ്റും ചെയ്യാത്ത വിദ്യാർത്ഥികളോട് മാപ്പെഴുതി നൽകാൻ ആവശ്യപ്പെടുന്ന സർവ്വകലാശാലയുടെ നടപടി അങ്ങേയറ്റം ഏകാധിപത്യപരവും അപലപനീയവുമാണ്. ഇതിനെതിരെ നീതി തേടി വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം കിടക്കുമ്പോഴും, സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും പ്രതികരിക്കാറുള്ള നിങ്ങളുടെ ഭാഗത്ത് നിന്ന് ഒരു വാക്ക് പോലും പുറത്തുവരാത്തത് എന്തുകൊണ്ടാണ്?
ഇത് എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മാത്രം പ്രശ്നമായി ചുരുക്കിക്കാണരുത്. ഒരു തലമുറയുടെ വിദ്യാഭ്യാസ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിത്. കലാലയങ്ങളിലെ ജനാധിപത്യം ഇല്ലാതാക്കാനും വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ വിയോജിക്കാനുള്ള അവകാശത്തെ അടിച്ചമർത്താനുമുള്ള ഇത്തരം ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ സാംസ്കാരിക കേരളം മൗനം പാലിക്കുന്നത്, ആ തെറ്റായ നടപടികൾക്ക് കൂടുതൽ വളമാകുകയേ ഉള്ളൂ. അധികാരത്തിന്റെ ഉന്നതങ്ങളിൽ ഇരിക്കുന്നവർ വിദ്യാർത്ഥികളെ ഇത്രമേൽ ദ്രോഹിക്കുമ്പോൾ, സത്യം തുറന്നുപറയാനും ഇരകൾക്കൊപ്പം നിൽക്കാനും മടിക്കുന്ന ഈ മൗനം നിങ്ങളുടെ ഇന്നലകളിലെ പോരാട്ടങ്ങളുടെ ശോഭ കെടുത്തുന്നതാണ്.
നീതി നിഷേധിക്കപ്പെടുന്ന ആ വിദ്യാർത്ഥികളുടെ കണ്ണുനീരും ബുദ്ധിമുട്ടുകളും കാണാൻ നിങ്ങൾ തയ്യാറാകണം. സർവ്വകലാശാലയിലെ ജനാധിപത്യ വിരുദ്ധതയ്ക്കെതിരെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരെയും വിദ്യാഭ്യാസ നിഷേധത്തിനെതിരെയും നിങ്ങളുടെ ശബ്ദം ഉയരണം. അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും, സത്യത്തിനും നീതിക്കും വേണ്ടി, കലാലയങ്ങളുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ ബോധ്യത്തിനും വേണ്ടി വിദ്യാർത്ഥികൾക്കൊപ്പം അണിനിരക്കണമെന്നും എസ്എഫ്ഐക്ക് വേണ്ടി അഭ്യർത്ഥിക്കുന്നു.







0 comments