കെഎസ്ഇബിയിൽ അഴിമതിക്ക് തുനിഞ്ഞിറങ്ങി സർക്കാർ; എതിർത്ത രാജമാണിക്യത്തിനെ ഒഴിവാക്കി

തിരുവനന്തപുരം: നിയമാനുസൃത നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തി ഉയർന്ന വിലയ്ക്ക് സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള യുഡിഎഫ് സർക്കാരിന്റെ വഴിവിട്ട നീക്കങ്ങളെ എതിർത്തതോടെ കെഎസ്ഇബി സിഎംഡി എംജി രാജമാണിക്യത്തിനെ തെറിപ്പിച്ച് പ്രതികാര നടപടി. ടെൻഡറോ റഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അംഗീകാരമോ ഇല്ലാതെ ജനറൽ നെറ്റ്വർക് ആക്സസ് പ്ലാറ്റ്ഫോം വഴി കൊള്ളവിലയ്ക്ക് വൈദ്യുതി വാങ്ങി കോടികളുടെ അഴിമതി നടത്താനുള്ള സർക്കാരിന്റെ വഴിവിട്ട ശ്രമത്തിന് കൂട്ടുനിൽക്കാത്തതിനാണ് രാജമാണിക്യത്തെ കെഎസ്ഇബി തലപ്പത്തുനിന്ന് തെറിപ്പിച്ചത്.
കോടിക്കണക്കിന് രൂപയുടെ അധിക സാമ്പത്തിക ബാധ്യത ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുമായിരുന്ന തീരുമാനത്തിലെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടി ഫയൽ ഒപ്പിടാൻ നിരസിച്ചതിനാണ് രാജമാണിക്യത്തിനെതിരെയുള്ള നടപടിക്ക് കാരണം. ജനങ്ങളെ ചൂഷണം ചെയ്ത് സ്വകാര്യ കമ്പനികൾക്ക് വഴിവിട്ട ലാഭമുണ്ടാക്കാൻ സൗകര്യമൊരുക്കുന്ന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്ക് തടസ്സം നിന്ന ഉദ്യോഗസ്ഥനെ തൽസ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടാണ് യുഡിഎഫ് സർക്കാർ തങ്ങളുടെ പ്രതികാരബുദ്ധി വീണ്ടും പുറത്തെടുത്തിരിക്കുന്നത്.
ടെൻഡറും റെഗുലേറ്ററി കമീഷന്റെ അനുവാദവും ഇല്ലാതെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കം എതിർത്ത എം ജി രാജമാണിക്യത്തിന് കെഎസ്ഇബി സിഎംഡി സ്ഥാനത്തുനിന്ന് മാറ്റം. നിയമാനുസൃത നടപടിക്രമം പാലിക്കാതെ ജനറൽ നെറ്റ്വർക് ആക്സസ് പ്ലാറ്റ്ഫോമിൽനിന്ന് (ജിഎൻഎ) 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിൽ വിയോജിച്ചതോടെയാണ് രാജമാണിക്യത്തെ തെറിപ്പിച്ചത്. സംസ്ഥാനത്തിന് വൈദ്യുതി ആവശ്യമില്ലാത്ത പകൽ സമയത്തടക്കം 24 മണിക്കൂറും 8.63 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനായിരുന്നു സർക്കാരിന്റെ നീക്കം.
ജിഎൻഎ വഴി വൈദ്യുതി വാങ്ങാനുള്ള PWR B1 /118/2026-- PWR Part1 എന്ന ഫയലിൽ അനുകൂല നിലപാടാണ് മുഖ്യമന്ത്രി വി ഡി സതീശൻ സ്വീകരിച്ചത്. നിയമവിരുദ്ധവും അധിക ബാധ്യത വരുത്തുന്നതുമായ ഇടപാടിന് അംഗീകാരം നൽകരുതെന്ന് രാജമാണിക്യം നിലപാടെടുത്തു. ഒക്ടോബർ 24ന് എത്തിയ ഫയൽ പരിശോധിച്ചശേഷമാണ് രാജമാണിക്യം മന്ത്രി സണ്ണി ജോസഫിന് കൈമാറിയത്. ജിഎൻഎ ഇടപാട് ആശാസ്യമല്ലെന്ന കുറിപ്പ് അംഗീകരിച്ചാണ് മന്ത്രി ഫയൽ മുഖ്യമന്ത്രിക്ക് വിട്ടത്. ഇത് മുഖ്യമന്ത്രി മറികടക്കുകയായിരുന്നു.
പ്രത്യക്ഷത്തിൽ കുറഞ്ഞ നിരക്കെന്ന് തോന്നുമെങ്കിലും ആവശ്യമില്ലാത്ത സമയത്തും വാങ്ങേണ്ടി വരുന്നതിനാൽ ഹിമാചൽ പ്രദേശിൽനിന്ന് വാങ്ങുന്ന വൈദ്യുതിയേക്കാൾ ബാധ്യതയാകും ജിഎൻഎ പ്ലാറ്റ്ഫോം വഴിയുള്ള ഇടപാടെന്ന് വ്യക്തമാക്കിയിരുന്നു. സിഎംഡി സ്ഥാനത്തേക്ക് പുതിയതായി എത്തിച്ചത് ജൂനിയറായ സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെയും. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ കുറഞ്ഞ ആരും സിഎംഡി സ്ഥാനത്തേക്ക് മുന്പ് എത്തിയിട്ടില്ല. ഇൗ നീക്കത്തിൽ ധനവകുപ്പും എതിർപ്പ് അറിയിച്ചതായാണ് വിവരം. ഇതിനുപിന്നാലെ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലിനും സ്ഥാനചലനമുണ്ടായി.
മന്ത്രി സണ്ണി ജോസഫിനെ മറികടന്ന് വകുപ്പിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി തനിക്ക് വഴങ്ങുന്ന ഉദ്യോഗസ്ഥരെ ചുമതലകളിലെത്തിച്ചു. ജിഎൻഎ വഴിയുള്ള വൈദ്യുതി ഇടപാടിൽ സംസ്ഥാനത്തെ സിവിൽ സർവീസ് ഉന്നതന്റെ ബിനാമി കന്പനിയാണ് രംഗത്തുള്ളതെന്നും സൂചനയുണ്ട്. സത്ലജ് ജൽ വൈദ്യുത് നിഗം അടക്കമുള്ള പൊതുമേഖല കന്പനികൾ യൂണിറ്റിന് 3.32 രൂപയ്ക്കടക്കം വൈദ്യുതി നൽകാൻ വിപണിയിൽ ഉള്ളപ്പോഴാണ് സർക്കാരിന്റെ നീക്കം.








0 comments