Deshabhimani

'മനുഷ്യരെ ചേർത്തുനിർത്തുന്ന കരങ്ങളുടെ നിലയ്ക്കാത്ത പോരാട്ടം': ഇന്ന് ഡിവൈഎഫ്ഐ 46-ാം സ്ഥാപക ദിനം

DYFI
വെബ് ഡെസ്ക്

Published on Nov 03, 2026, 11:28 AM | 2 min read

തിരുവനന്തപുരം: നവംബർ 03, ഇന്ന് ഡിവൈഎഫ്ഐയുടെ 46-ാം സ്ഥാപക ദിനം. നീതി നിഷേധിക്കപ്പെടുന്നവർക്കു വേണ്ടിയുള്ള ശബ്ദമായും കഷ്ടത അനുഭവിക്കുന്ന മനുഷ്യർക്കു വേണ്ടിയും യുവജനതയുടെ പോരാട്ടം ആരംഭിച്ചിട്ട് 46 വർഷങ്ങൾ. ഖാലിസ്ഥാൻ തീവ്രവാദികളുടെ വിഘടനവാദ മുദ്രാവാക്യങ്ങൾക്കെതിരായി യുവജനങ്ങൾ പൊരുതിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഡിവൈഎഫ്ഐ എന്ന ആശയം ഉയർന്നുവന്നത്. 1980 ഒക്ടോബർ 31 മുതൽ നവംബർ 3 വരെ പഞ്ചാബിലെ ലുധിയാനയിലെ ശഹീദ് കർത്താർ സിംഹ് ശരബ ഗ്രാമത്തിൽ നടന്ന സമ്മേളനത്തിൽ വെച്ചാണ് ഡിവൈഎഫ്ഐ രൂപീകൃതമായത്. പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് ഡിവൈഎഫ്ഐയുടെ വേര് ഉറച്ചു. ഇന്ന് രാജ്യത്താകെയുള്ള മനുഷ്യരെ ചേർത്തുപിടിക്കുന്ന തണൽവൃക്ഷമായി ഡിവൈഎഫ്ഐ മാറി.


DYFI


നമ്മുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ കോണുകളിലും ഡ‍‍ിവൈഎഫ്എയെ കാണാൻ സാധിക്കും. കേരളം കണ്ട മഹാപ്രളയത്തിലും ഉരുൾപൊട്ടലിലും ഈ യുവജനസംഘടനയുടെ പോരാട്ടം ചെറുതായിരുന്നില്ല. സ്വന്തം ജീവനെ ഭയന്ന് ഒരു വിഭാ​ഗം മാറിനിൽക്കുമ്പോൾ സ്വജീവൻ പണയപ്പെടുത്തി ഒരുപാട് ജീവനുകളെ അവർ കരയ്ക്കു പിടിച്ചു കയറ്റി. മുഷ്ടി ചുരുട്ടിയ കൈകളിൽ മനുഷ്യരുടെ ജീവനും സ്വത്തും എന്നും ഭദ്രമായിരുന്നു. അത്യാവശ്യഘട്ടത്തിൽ ഫോണെ‌ടുത്ത് ഡിവൈഎഫ്ഐ സംഘടനയിലെ യുവാക്കളെ ആദ്യം തയ്യാറെടുക്കുന്നതിനു പിന്നിലെ അർഥവും ഒന്നുതന്നെ. ചേർത്തുപി‌ടിക്കുന്ന കരങ്ങളിൽ അനുഭവപ്പെടുന്ന സുരക്ഷിതത്വം.


ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. രക്തദാനത്തിനും വയറെരിയുന്നവർക്ക് ഭക്ഷണം നൽകാനും വീടുവീടാന്തരം കയറി ആക്രി പെറുക്കി വിറ്റ് കേരളത്തെ പടുത്തുയർത്താനും മുന്നിൽ നിന്നതും ഈ യൂത്ത് ബ്രി​ഗേഡ് തന്നെ. ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവം പൊതിച്ചോർ പ്രവർത്തനം അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധനേടി. ബ്രിട്ടീഷ് മാധ്യമമായ ഗാർഡിയൻ വരെ മനുഷ്യ സ്നേഹത്തിന്റെ ഈ യുവമാതൃകയെ പ്രശംസിച്ചു. അപ്പോഴും അന്നം നൽകുന്നതിനെ വരെ അശ്ലീലവുമായി കൂട്ടിക്കുഴയ്ക്കുകയും വാക്കുകളാൽ വിഷം കലർത്തിയവർക്കുമുള്ള ഈ യുവാക്കളുടെ മറുപടി മനുഷ്യരെ ചേർത്തു നിർത്തികൊണ്ടുതന്നെയായിരുന്നു. അവർ അവരുടെ പോരാട്ടങ്ങൾ തുടർന്നു.


DYFI


മനുഷ്യർക്കൊപ്പം പരിസ്ഥിതിയെയും പരിപാലിച്ച മറ്റൊരു യുവജനസംഘടന വേറെയില്ലെന്ന് തന്നെ പറയാം. ഏറ്റവും കൂടുതൽ വൃക്ഷത്തൈ വെച്ചുപിടിപ്പിക്കുന്നതിന് പരിസ്ഥിതി സംഘടനയ്ക്ക് നൽകുന്ന അവാർഡിനും സ്ഥിരമായി തെരഞ്ഞെടുക്കപ്പെടുന്നതും ഇതേ സംഘടന തന്നെ. ഡൽഹി ജന്തർ മന്തറിൽ യുവജനപ്രക്ഷോഭത്തിനു പിന്തുണയും രാവും പകലുമില്ലാതെ അവർക്കായുള്ള പോരാട്ടത്തിലും ഡിവൈഎഫ്ഐ സംഘടന നിറഞ്ഞുനിന്നു. വിദ്യാർഥികളുടെ ഭാവിയെ ഇല്ലാതാക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ നിരന്തരം പോരാടി. ഇപ്പോൾ ജനങ്ങളുടെ വോട്ടവകാശത്തിലും കത്രിക വെയ്ക്കുന്ന കേന്ദ്രത്തിനെതിരെ പടപൊരുതുന്നതിലും മുൻനിരയിലാണ് ഈ യുവജനസംഘടന. ഈ പോരാട്ടങ്ങൾക്ക് അവസാനമില്ല, തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home