കൂടത്തിൽ കൊലപാതകം: പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ പ്രതി ആവശ്യപ്പെട്ടു; കൂടുതൽ തെളിവുകൾ

തിരുവനന്തപുരം: കേരളത്തെ നടുക്കിയ കരമന കൂടത്തിൽ കൊലപാതകത്തിൽ പ്രതി രവീന്ദ്രൻ നായർക്കെതിരെ കൂടുതൽ തെളിവുകൾ. കൊല്ലപ്പെട്ട ജയമാധവൻ നായരെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ രവീന്ദ്രൻ നായർ ഡോക്ടർ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡോക്ടർ മൊഴി നൽകി. ഫോറൻസിക് വിദഗ്ദരുടെ മൊഴിയും രേഖപ്പെടുത്തി
15 വർഷങ്ങൾക്കിടെ ഈ കുടുംബത്തിലെ 7 പേരാണ് മരിച്ചത്. 6മരണങ്ങളും ദുരൂഹമായിരുന്നുവെങ്കിലും ഏഴാമത്തെ മരണത്തോടെയാണ് നിഗൂഢതയുടെ ചുരുളഴിഞ്ഞത്. 2017 ൽ കുടുംബത്തിലെ ഒടുവിലെ കണ്ണിയായ ജയമാധവൻ നായരുടെ മരണമാണ് സംശയം ശക്തമാക്കിയത്. ഈ കേസിന്റെ അന്വേഷണത്തിൽ കുടുംബത്തിലെ കാര്യസ്ഥന്റെ കൊടുംക്രൂരത പുറത്തുവന്നു. ബ്രെയിൻ മാപ്പിങ്ങിലൂടെയാണ് പ്രതിയുടെ പങ്ക് കണ്ടെത്തിയത്.
2017 ൽജയമാധവനെ വീട്ടിലെ കട്ടിലിൽ നിന്നു വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കട്ടിലിൽനിന്ന് വീണ് തലയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചുവെന്നാണ് കാര്യസ്ഥൻ നൽകിയ മൊഴി. കുടുംബത്തിലെ അവസാനത്തെ കണ്ണിയായിരുന്നു ജയമാധവൻ.
ഇദ്ദേഹത്തിന്റെ മരണത്തോടെ കാര്യസ്ഥൻ രവീന്ദ്രന്റെയും ബന്ധുക്കളുടെയും പേരിൽ കുടുംബത്തിലെ 100 കോടിക്ക് മുകളിൽ വരുന്ന സ്വത്തുവകകൾ ഇഷ്ടദാനം എഴുതിയതായി കണ്ടെത്തി. ഇതോടെ രവീന്ദ്രനിലേക്ക് അന്വേഷണം ശക്തമായി. തൊട്ടടുത്ത് ആശുപത്രിയുണ്ടായിട്ടും ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതും ക്രൈംബ്രാഞ്ചിന്റെ സംശയം വർധിപ്പിച്ചു. കൂടാതെ ജയമാധവനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത് രവീന്ദ്രന്റെ സുഹൃത്തിന്റെ ഓട്ടോയിലുമായിരുന്നു. അടുത്തു തന്നെ ഓട്ടോറിക്ഷകൾ ഉണ്ടായിട്ടും സുഹൃത്തിനെ വിളിച്ചു വരുത്തി ആശുപത്രിയിൽ കൊണ്ടുപോകാൻ കാത്തിരുന്നതും സംശയം ശക്തമാക്കി.
ഇതോടൊപ്പം ജയമാധവൻ നായരുടെ മരണത്തിലെ കൊലപാതക സാധ്യത പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പ്രകടമായി. തലയ്ക്കേറ്റ സാരമായ പരിക്കാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നറിയാൻ നടത്തിയ ഫോറൻസിക് പരിശോധനകളും രവീന്ദ്രന് എതിരായി. സ്ഥലത്തുനിന്ന് രക്തക്കറ പുരണ്ട തടിക്കഷ്ണം കണ്ടെടുത്തു. സഹോദരൻ ജയപ്രകാശ് രക്തം ഛർദ്ദിച്ചാണ് മരിച്ചതെങ്കിലും അന്ന് പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല.









0 comments