പൈലറ്റും എസ്‌കോർട്ടും വേണ്ടെന്ന് വീമ്പിളക്കി: മുഖ്യമന്ത്രിയുടെ യാത്രയ്‌ക്കായി 11 ഡ്രൈവർമാർകൂടി

തിരുവനന്തപുരം: കൈയടി നേടാൻ പൈലറ്റും എസ്‌കോർട്ടും വേണ്ടെന്ന് വീമ്പുപറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രയ്‌ക്കായി 11 ഡ്രൈവർമാരെക്കൂടി നിയോഗിച്ചു. മുഖ്യമന്ത്രിക്കായി നിയോഗിച്ചിരുന്ന നിലവിലുള്ള നാല് ഡ്രൈവർമാർക്കുപുറമെയാണിത്. ആംഡ് സ്പെഷ്യൽ ബറ്റാലിയൻ ആസ്ഥാനത്തുനിന്ന് പൈലറ്റിനും എസ്‌കോർട്ടിനും എന്ന പേരിലാണ് ഇത്രയുംപേരെ ഒറ്റയടിക്ക് നിയമിച്ചത്.
തന്റെ വാഹനവ്യൂഹത്തിലെ സുരക്ഷാവാഹനങ്ങളുടെ എണ്ണം കുറയ്ക്കണമെന്നും ലാളിത്യം വേണമെന്നുമൊക്കെയായിരുന്നു അധികാരമേറ്റയുടൻ മുഖ്യമന്ത്രിയുടെ വീമ്പുപറച്ചിൽ. എന്നാൽ, ചരിത്രത്തിൽ ഇതുവരെയില്ലാത്ത സുരക്ഷയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കുള്ളത്. പോകുന്നയിടങ്ങളിലെല്ലാം നൂറുകണക്കിന് പൊലീസുകാരെ വിന്യസിക്കുന്നു. ഇതിനുപുറമെ മുഖ്യമന്ത്രി എത്തുന്നതിന് മൂന്നുമണിക്കൂർമുമ്പ് ഷീൽഡുകളും ലാത്തികളും ടിയർ ഗ്യാസുകളും സഹിതം 30 പൊലീസ് ഉദ്യോഗസ്ഥരെ അധികമായി വിന്യസിക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് നേരത്തേ നിർദേശം നൽകിയിരുന്നു.
മുഖ്യമന്ത്രി വസതിയിൽനിന്ന് പുറത്തുപോകുന്നതിന് ഒരുമണിക്കൂർമുന്പേ ഡിവൈഎസ്‌പിയുടെ മേൽനോട്ടത്തിൽ പൊലീസുകാരെ വിന്യസിച്ച് യാത്രയ്ക്കുള്ള സൗകര്യം ഒരുക്കും. ഔദ്യോഗികവസതിയിലും കനത്തസുരക്ഷ ഒരുക്കിയിട്ടുണ്ട്.








0 comments