ഇടക്കാല തെരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ വിജയിച്ചാൽ അവസാന അടവ് പ്രയോഗിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ, അവർ പാസാക്കുന്ന ബില്ലുകൾ തടയാൻ താൻ പ്രസിഡന്റിന്റെ പ്രത്യേക അധികാരമായ വീറ്റോ ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുകയാണെങ്കിൽ താൻ മിസ്റ്റർ വീറ്റോ ആയി മാറിയേക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു പോഡ്കാസ്റ്റിലാണ് ട്രംപ് തന്റെ നിലപാട് പരസ്യമാക്കിയത്. ഡെമോക്രാറ്റിക് ഭൂരിപക്ഷത്തെ നേരിടുമെന്ന ചോദ്യത്തിന്, ഞാൻ മിസ്റ്റർ വീറ്റോ ആയി മാറും, രാജ്യത്തെ നശിപ്പിക്കാൻ ഞാൻ അവരെ അനുവദിക്കില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. ഡെമോക്രാറ്റുകൾ അയക്കുന്ന ബില്ലുകൾ താൻ നിരസിക്കുമെന്നും തടഞ്ഞുവെക്കുമെന്നും ട്രംപ് പറഞ്ഞു. അവർ ബില്ലുകൾ അയച്ചുകൊണ്ടേയിരിക്കും, ഞാൻ അത് വീറ്റോ ചെയ്യും. ഒന്നോ രണ്ടോ മാസം തുടർച്ചയായി എല്ലാ ബില്ലുകളും വീറ്റോ ചെയ്യപ്പെടുമ്പോൾ സമയം വെറുതെ കളയുകയാണെന്ന് മനസ്സിലാക്കി അവർ ഒത്തുതീർപ്പിനായി വരും.
രണ്ടാം ഭരണകാലത്ത് ട്രംപ് ഇതുവരെ രണ്ട് തവണ മാത്രമാണ് വീറ്റോ അധികാരം ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ ആദ്യ ഭരണകാലത്ത് 10 ബില്ലുകൾ അദ്ദേഹം വീറ്റോ ചെയ്തിരുന്നു. വീണ്ടും മത്സരരംഗത്തിറങ്ങാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഭരണഘടനയുടെ 22-ാം ഭേദഗതി ഒരാളെ രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റാകുന്നതിൽ നിന്ന് തടയുന്നതിനാൽ അതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് പ്രസിഡന്റിന്റെ വീറ്റോ അധികാരം?
യുഎസ് ഭരണഘടന അനുസരിച്ച് കോൺഗ്രസ് (ജനപ്രതിനിധി സഭയും സെനറ്റും) പാസാക്കുന്ന നിയമങ്ങൾ തള്ളിക്കളയാൻ പ്രസിഡന്റിന് അധികാരമുണ്ട്. ഇതിനെയാണ് വീറ്റോ എന്ന് വിളിക്കുന്നത്. എന്നാൽ ഈ വീറ്റോ മറികടക്കാൻ കോൺഗ്രസിന് സാധിക്കും. അതിനായി ജനപ്രതിനിധി സഭയിലെയും സെനറ്റിലെയും മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ ബിൽ വീണ്ടും പാസാക്കേണ്ടതുണ്ട്.
21 കോടി വോട്ടർമാർ വിധിയെഴുതുന്ന വോട്ടെടുപ്പിന്റെ ഫലം ട്രംപ് ഭരണകൂടത്തിന് നിർണായകമാകും. ചൊവ്വാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 4.30ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ബുധൻ രാവിലെ 11.30യോടുകൂടി അവസാനിക്കും. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയങ്ങളും ഇസ്രയേലുമായി ചേർന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധവും സൃഷ്ടിച്ച കടുത്ത ജീവിതച്ചെലവ് പ്രതിസന്ധി റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ദേശീയ സർവേകളിൽ ഡെമോക്രാറ്റുകൾ 51.5 ശതമാനം പിന്തുണയുമായി ബഹുദൂരം മുന്നിലാണ്. റിപ്പബ്ലിക്കൻമാർക്ക് 43.1 ശതമാനം പിന്തുണ മാത്രമാണുള്ളത്.
തപാൽ വോട്ടെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. ആകെ രജിസ്റ്റർ ചെയ്ത 21 കോടി വോട്ടർമാരിൽ 5.3 കോടിയിലധികം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തി. ഇതിൽ 2.9 കോടി പേർ നേരിട്ടും 2.3 കോടി പേർ തപാൽ ബാലറ്റിലൂടെയുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. തപാൽ വോട്ടുകൾ തടയാൻ ട്രംപ് നടത്തിയ നീക്കങ്ങൾ യുഎസ് സുപ്രീംകോടതി തള്ളിയിരുന്നു.








0 comments