ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം; ഇറാനെതിരെ അമേരിക്കയുടെ ശക്തമായ സൈനിക ആക്രമണം

അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണം | ഫയൽ ചിത്രം
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക. വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്നും ഉത്തരവാദികൾ വലിയ വില നൽകേണ്ടി വരുമെന്നും യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.
ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ, സർഫസ്-ടു-എയർ മിസൈലുകൾ, കപ്പൽവേധ ക്രൂയിസ് മിസൈൽ കേന്ദ്രങ്ങൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയാണ് അമേരിക്കൻ ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദർ അബ്ബാസ്, സിരിക്, ഖ്വെഷ്ം ദ്വീപ് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവെച്ച ഇടക്കാല കരാറിനെ ഈ ആക്രമണങ്ങൾ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിയൻ എണ്ണ വിൽപ്പനയ്ക്കുള്ള അനുമതിയും അമേരിക്ക റദ്ദാക്കി.
ഇസ്‌ലാമാബാദ് ധാരണാപത്രത്തിന്റെ ലംഘനമാണിതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. കരാറിന്റെ ലംഘനത്തിന് അമേരിക്ക വലിയ വില നൽകേണ്ടി വരുമെന്നും രാജ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഘരിബാബാദി മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷത്തിന് വിരാമമിടാനുള്ള ചർച്ചകളെ ഈ ആക്രമണങ്ങൾ വലിയ രീതിയിൽ ബാധിക്കുമെന്ന് ഉറപ്പായി. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നു നൽകുക, ഇറാനിയൻ ആണവ പദ്ധതികൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ചർച്ചകളാണ് ഇതോടെ വഴിമുട്ടിയത്.











0 comments