print edition പശ്ചിമേഷ്യയിലേക്ക് യുഎസ് പടക്കപ്പലുകള്‍

ദുബായ്
ഇറാനെതിരായ സംഘർഷാവസ്ഥയുടെ പശ്‌ചാത്തലത്തിൽ പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനിക ശേഖരം നീക്കി യുഎസ്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും ദക്ഷിണ ചൈനാക്കടലിൽനിന്ന് അതിനൊപ്പം സഞ്ചരിക്കുന്ന അനുബന്ധ യുദ്ധക്കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു.
ആവശ്യമായിവന്നാൽ നടപടിയെടുക്കാനാണ് യുഎസ് കപ്പലുകൾ ഇറാനിലേക്ക് നീക്കുന്നതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എയർഫോഴ്‌സ് വണ്ണിൽ പറഞ്ഞു.
ഇറാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന് ഏറെക്കുറെ ശമനമായശേഷവും അമേരിക്ക പ്രശ്നം വഷളാക്കാനുള്ള ശ്രമത്തിലാണ്. പ്രാദേശിക സഖ്യകക്ഷികളുടെ സമ്മർദവും ഇറാന്റെ പ്രതിരോധശേഷി സംബന്ധിച്ച ആശങ്കയും കാരണം കടന്നാക്രമണത്തിനുള്ള നീക്കത്തിൽനിന്ന് അമേരിക്ക താൽക്കാലികമായി പിൻവാങ്ങിയിരുന്നു. തന്റെ ഇടപെടൽ കാരണം 800 തടവുകാരുടെ വധശിക്ഷ നിർത്തിവച്ചുവെന്ന ട്രംപിന്റെ അവകാശവാദം ഇറാന്റെ ഉന്നത പ്രോസിക്യൂട്ടർ നിഷേധിച്ചു. രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ നിർണായകമായ അർധസൈനിക വിഭാഗമായ റവലൂഷനറി ഗാർഡിന്റെ വാർഷിക പരിപാടിയായ ഗാർഡിയൻ ദിനം വെള്ളിയാഴ്ച ഇറാൻ ആചരിച്ചു. അതേസമയം, ഇറാനിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തെ തുടർന്നുള്ള രക്തരൂക്ഷിതമായ സംഘർഷത്തിൽ കൊല്ലപ്പെട്ടത് അയ്യായിരത്തിലേറെ പേരാണെന്ന് വെളിപ്പെടുത്തൽ.
3,117 പേർ കൊല്ലപ്പെട്ടുവെന്നാണ് ഇറാൻ സർക്കാർ വെളിപ്പെടുത്തിയ കണക്ക്. അധികാരികൾ 26,800 പേരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് യുഎസ് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി പറഞ്ഞു.










0 comments