ad
Deshabhimani

ക്യൂബയ്‌ക്കെതിരായ പുതിയ യുഎസ് നടപടി; മനുഷ്യാവകാശ പ്രതിസന്ധി രൂക്ഷമാകുന്നു

cu pro ==
വെബ് ഡെസ്ക്

Published on Feb 01, 2026, 04:40 PM | 2 min read

ഹവാന:ക്യൂബയിലേക്കുള്ള ഇന്ധന വിതരണം തടയാനുള്ള യുഎസ് സർക്കാർ നീക്കം കടുപ്പിച്ചതോടെ ദ്വീപ് രാഷ്ട്രം ഗുരുതരമായ മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ജനുവരി 29-നാണ് പ്രസിഡന്റ് ഡോണൾഡ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന രാജ്യങ്ങൾക്ക് എതിരെ നൂറുശതമാനം വ്യാപാര നികുതി പ്രഖ്യാപിച്ചത്.


ക്യൂബയുടെ വൈദ്യുതി വിതരണം, ജലവിതരണം, പൊതുഗതാഗതം, ആശുപത്രികൾ എന്നിവയെ ഇത് നേരിട്ട് ബാധിക്കുമെന്ന് ക്യൂബൻ അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ ഇറക്കുമതി ഇന്ധനത്തെ ആശ്രയിച്ചാണ്. ഈ ആശ്രിതത്വം മുന്നിൽ കണ്ടാണ് വെനിസ്വേലയെ ചൊൽപ്പടിയിലാക്കിയതിന് പിന്നാലെ അമേരിക്ക ക്യൂബയെ ലക്ഷ്യമാക്കി സമ്മര്‍ദ്ദ തന്ത്രം കടുപ്പിച്ചത്. ഇന്ധനവിതരണം തടസ്സപ്പെടുന്നത് വ്യാപകമായ വൈദ്യുതി മുടക്കങ്ങൾക്കും ആരോഗ്യസേവനങ്ങളിലെ തടസ്സങ്ങൾക്കും കാരണമാകും.


ഇത് “ബ്ലാക്ക്‌മെയിലും നേരിട്ടുള്ള ഭീഷണിയും” ആണെന്നും,ജനങ്ങളെ ശിക്ഷിക്കുന്ന കൂട്ടശിക്ഷാ നയമാണിതെന്നും ക്യൂബൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആരോപിച്ചു.അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടപടിയെന്നും ക്യൂബ ചൂണ്ടിക്കാട്ടി.


നിരന്തരമായ ഉപരോധങ്ങൾ


1990-കളിൽ ഉപരോധം ശക്തമായപ്പോൾ ക്യൂബയിൽ ശരാശരി ഭക്ഷണ ലഭ്യതയിൽ 40ശതമാനം ഇടിവുണ്ടായിരുന്നു. ക്ഷയരോഗ മരണനിരക്ക് കുത്തനെ ഉയർന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു.


ലാറ്റിൻ അമേരിക്കയിലും കരീബിയൻ മേഖലയിലും യുഎസ് ആധിപത്യം ഉറപ്പാക്കുന്ന നയത്തിന്റെ ഭാഗമായാണ് യു എസ് നീക്കം. സ്വതന്ത്ര സാമ്പത്തിക-രാഷ്ട്രീയ പാത തെരഞ്ഞെടുക്കുന്ന രാജ്യങ്ങളെ “ദേശീയ സുരക്ഷാ ഭീഷണി”യായി പ്രഖ്യാപിച്ച് കീഴ്പ്പെടുത്തുന്ന തന്ത്രം തുടരുകയാണ്.


ക്യൂബയ്ക്കെതിരെ 1960-ൽ യുഎസ് പ്രസിഡന്റായിരുന്ന ഡ്വൈറ്റ് ഐസൻഹവർ ആരംഭിച്ച സാമ്പത്തിക ഉപരോധ ഞെരുക്കൽ തന്ത്രം വിവിധ ഭരണകൂടങ്ങൾ ശക്തിപ്പെടുത്തുകയാണ്. ജോൺ എഫ് കെനഡി ഭരണകാലത്ത് ഉപരോധം സമ്പൂർണ്ണമാക്കി. പിന്നീട് 1990-കളിൽ ക്ലിന്റൺ ഭരണകൂടം ഹെൽംസ്-ബർട്ടൺ,ടോറിസെല്ലി നിയമങ്ങൾ കൊണ്ടുവന്ന് ഉപരോധം അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിപ്പിച്ചു.


ഇത് വലിയ മനുഷ്യാവകാശ നയതന്ത്ര ചര്‍ച്ചകൾക്ക് തുടക്കമിട്ടു. തുടര്‍ന്ന് ഒബാമ ഭരണകാലത്ത് ചെറിയ ഇളവുകൾ ഏര്‍പ്പെടുത്തി. ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയതോടെ ക്യൂബയെ വീണ്ടും “ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യം” എന്ന പട്ടികയിൽ ഉൾപ്പെടുത്തി. ഇതിന് പിന്നാലെ 240-ലധികം പുതിയ ഉപരോധ നടപടികൾ നടപ്പാക്കി.


ഉപരോധത്തിന്റെ ഫലമായി മെഡിക്കൽ ഉപകരണങ്ങൾ, വെന്റിലേറ്ററുകൾ,ജലശുദ്ധീകരണ ഉപകരണങ്ങൾ എന്നിവ ലഭ്യമല്ലാത്ത സാഹചര്യവും നിലനിൽക്കുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.


ഇപ്പോഴത്തെ ഇന്ധനവിതരണം ലക്ഷ്യമിടുന്ന നടപടി ഇതിലെ ഏറ്റവും കടുത്ത ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ കോൺഗ്രസിലെ ക്യൂബൻ-അമേരിക്കൻ പ്രതിനിധികൾ ഈ ഞെരുക്കൽ തന്ത്രത്തെ “ദീർഘകാല രാഷ്ട്രീയ ലക്ഷ്യത്തിനായുള്ള അനിവാര്യ ബലി”യായി വിശേഷിപ്പിച്ച് ന്യായീകരിക്കയാണ്.ഇത് വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.


ഉപരോധങ്ങൾക്കിടയിലും ജനങ്ങൾ ഐക്യത്തോടെ പ്രതിസന്ധിയെ നേരിടുമെന്നും, സ്വയംനിർണയാവകാശം ഉപേക്ഷിക്കില്ലെന്നും ക്യൂബൻ സർക്കാർ അറിയിച്ചു. വൈദ്യുതി മുടക്കങ്ങളും ഇന്ധനക്ഷാമവും തുടരുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് ക്യൂബ വീണ്ടും ഐക്യരാഷ്ട്രസഭയെയും മനുഷ്യാവകാശ സംഘടനകളെയും സമീപിച്ചിരിക്കയാണ്.


ഇതിനിടെ ഐക്യരാഷ്ട്ര സംഘടനയെ തന്നെ ഇല്ലാതാക്കാനും സ്വന്തം നിയന്ത്രണത്തിലുള്ള പുതിയ ഏക ധ്രുവ ലോകം നിര്‍മ്മിക്കാനുമാണ് യു എസ് പദ്ധതി.ബോര്‍ഡ് ഓഫ് പീസ് എന്ന പേരിൽ ഗാസയുടെ മറവിൽ പുതിയ സംഘടന പ്രഖ്യാപിച്ച് നീക്കങ്ങൾ സജീവമാക്കിയി തുടരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home