ad
Deshabhimani

ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി: ചൈനീസ് റിഫൈനറിക്ക് അമേരിക്കൻ ഉപരോധം

America-China

പ്രതീകാത്മക എഐ ചിത്രം (Credit: Gemini)

വെബ് ഡെസ്ക്

Published on Apr 25, 2026, 05:13 PM | 2 min read

ബെയ്ജിങ് : ഇറാനിൽ നിന്ന് എണ്ണ വാങ്ങിയതിന് ചൈനയിലെ ഒരു സ്വകാര്യ 'ടീപോട്ട്' റിഫൈനറിക്ക് ട്രംപ് ഭരണകൂടം വെള്ളിയാഴ്ച ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ അസംസ്‌കൃത എണ്ണയുടെയും പെട്രോളിയം ഉല്പന്നങ്ങളുടെയും ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നായ ഹെംഗ്ലി പെട്രോകെമിക്കൽ (ഡാലിയൻ) റിഫൈനറിയെയാണ് അമേരിക്ക ലക്ഷ്യംവെച്ചിരിക്കുന്നത്. ചൈനയിലെ സ്വകാര്യ എണ്ണശുദ്ധീകരണ ശാലകൾക്കെതിരെ അമേരിക്ക സ്വീകരിച്ചു വരുന്ന കർശനമായ നിലപാടിന്റെ തുടർച്ചയാണിത്.


അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടന്ന് രഹസ്യമായി എണ്ണ കടത്താൻ ഉപയോഗിക്കുന്ന 'ഷാഡോ ഫ്ലീറ്റിന്റെ' ഭാഗമായി പ്രവർത്തിക്കുന്ന ഏകദേശം 40 ഷിപ്പിംഗ് കമ്പനികൾക്കും കപ്പലുകൾക്കും എതിരെയും ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്ക് മേൽ നിയന്ത്രണം വരുന്നത് ആഗോള തലത്തിൽ എണ്ണ വിതരണത്തെ ബാധിക്കും.


കഴിഞ്ഞ വർഷം ഹെബെ സിൻഹായ് കെമിക്കൽ ഗ്രൂപ്പ്, ഷാൻഡോങ് ഷൗഗുവാങ് ലൂക്കിംഗ് പെട്രോകെമിക്കൽ, ഷാൻഡോങ് ഷെങ്‌സിംഗ് കെമിക്കൽ എന്നീ 'ടീപോട്ട്' റിഫൈനറികൾക്ക് മേൽ ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയിരുന്നു.


അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ ചൈനയിലെ ഈ ടീപോട്ട് റിഫൈനറികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചൈനയുടെ ആകെ എണ്ണ ശുദ്ധീകരണ ശേഷിയുടെ നാലിലൊന്ന് ഈ ടീപോട്ട് റിഫൈനറികളാണ് കൈകാര്യം ചെയ്യുന്നത്. വളരെ കുറഞ്ഞ ലാഭവിഹിതത്തിൽ പ്രവർത്തിക്കുന്ന ഈ റിഫൈനറികൾ ചൈനയിലെ ആഭ്യന്തര ആവശ്യകത കുറഞ്ഞതിനാൽ വലിയ സാമ്പത്തിക സമ്മർദത്തിലാണ്.


അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ റിഫൈനറികളുടെ യുഎസ് ആസ്തികൾ മരവിപ്പിക്കുകയും, അവരുമായി ബിസിനസ് ഇടപാടുകൾ നടത്തുന്നതിൽ നിന്ന് അമേരിക്കക്കാരെ തടയുകയും ചെയ്യും. ഇത് ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ നിന്ന് വലിയ സ്വതന്ത്ര റിഫൈനറികൾ പിന്തിരിയാൻ കാരണമായിട്ടുണ്ട്.


ഇറാനിൽ നിന്ന് കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 80 ശതമാനവും ചൈനയിലേക്കാണ് പോകുന്നത്. എന്നിരുന്നാലും സ്വതന്ത്ര റിഫൈനറികൾക്ക് അമേരിക്കയുമായി ബന്ധമില്ലാത്തതിനാൽ, യുഎസ് ഉപരോധങ്ങൾ കാര്യമായി ഏൽക്കില്ല. ഈ ഇടപാടുകൾക്ക് സഹായം നൽകുന്ന ചൈനീസ് ബാങ്കുകൾക്ക് മേൽ ഉപരോധം ഏർപ്പെടുത്താനും ചിലപ്പോൾ അമേരിക്ക ശ്രമിച്ചേക്കാമെന്നാണ് വിദ​ഗ്ധർ സൂചിപ്പിക്കുന്നത്.


ക്യൂബയോട് ചെയ്യുന്നതു പോലെ തന്നെ ഉപരോധം ഏർപ്പെടുത്തി ഇറാനെയും സാമ്പത്തികമായി ശ്വാസംമുട്ടിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ആഗോള വിപണിയിലേക്ക് എണ്ണ എത്തിക്കുന്നതിനായി ഇറാൻ ആശ്രയിക്കുന്ന കപ്പലുകൾ, ഇടനിലക്കാർ, ഉപഭോക്താക്കൾ എന്നിവരെയും അമേരിക്ക വരുതിയിലാക്കിയേക്കാം.


ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ചൈനീസ് ബാങ്കുകൾക്ക് നേരത്തെ തന്നെ അമേരിക്ക ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇറാനിയൻ എണ്ണയുടെ മേലുള്ള അമേരിക്കൻ ഉപരോധത്തിൽ താല്കാലിക ഇളവ് നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വിലയേക്കാൾ ഉയർന്ന തുകക്ക് ഇറാനിയൻ എണ്ണ വാങ്ങാൻ ടീപോട്ട് റിഫൈനറികൾ നിർബന്ധിതരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home