പ്രതികാര നടപടിയുമായി യുഎസ്: ദക്ഷിണ സുഡാനിൽ നിന്നുള്ള മുഴുവൻ പേരുടെയും വിസ റദ്ദാക്കി

വാഷിങ്ടൺ : ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിൽ നിന്നുള്ള മുഴുവൻ പേരുടെയും വിസ റദ്ദാക്കി ട്രംപ് സർക്കാർ. അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് അമേരിക്ക നാടുകടത്തിയ മുഴുവൻ സുഡാൻ പൗരൻമാരെയും സ്വീകരിക്കാൻ സർക്കാർ തയാറായില്ലെന്നു കാണിച്ചാണ് അമേരിക്കയിലുള്ള മുഴുവൻ ദക്ഷിണ സുഡാൻ പൗരൻമാരുടെയും വിസ റദ്ദാക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് വിവരം അറിയിച്ചത്. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ നാടുകടത്തുന്ന പൗരന്മാരെ അതതു രാജ്യങ്ങൾ സ്വീകരിക്കണമെന്ന് നിയമമുണ്ടെന്നും എന്നാൽ ഇത് പാലിക്കുന്നതിൽ ദക്ഷിണ സുഡാൻ വീഴ്ച വരുത്തിയെന്നുമാണ് അമേരിക്കയുടെ വാദം.
നിലവിൽ യുഎസ് വിസ കൈവശം വച്ചിരിക്കുന്നവരുടെ വിസ റദ്ദാക്കിയെന്നും ഇനി വിസയ്ക്ക് അപേക്ഷിക്കുന്ന ദക്ഷിണ സുഡാൻ പൗരന്മാരുടെ അപേക്ഷകൾ നിരസിക്കപ്പെടുമെന്നും തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും റൂബിയോ വ്യക്തമാക്കി. കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിൽ ദക്ഷിണ സുഡാൻ അമേരിക്കയുടെ നിയമങ്ങൾ അനുസരിച്ചാൽ തീരുമാനം പുനഃപരിശോധിക്കുമെന്നും റൂബിയോ പറഞ്ഞു.
ട്രംപ് അധികാരത്തിലെത്തിയ ശേഷം അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങളെ നാടുകടത്തിയിരുന്നു. താരിഫ് ഉയർത്തുന്നതടക്കമുള്ള നിരവധി ജനദ്രോഹ നടപടികളിലൂടെ രാജ്യങ്ങൾക്കിടയിലുള്ള വ്യാപാര ബന്ധത്തിലടക്കം വിള്ളൽ വീഴ്ത്തുന്ന ട്രംപ് സർക്കാരിന്റെ ഏറ്റവും പുതിയ നടപടിയാണ് ദക്ഷിണ സുഡാൻ പൗരൻമാരുടെ വിസ റദ്ദാക്കിയത്. ഇതാദ്യമായാണ് ഒരു രാജ്യത്തുള്ള മുഴുവൻ പൗരൻമാർക്കുമെതിരെ ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്.










0 comments