മിസൈൽ ശേഖരം കുറഞ്ഞേക്കുമെന്ന ആശങ്ക; ഇറാനെതിരായ വ്യോമാക്രമണം നിർത്തിവെച്ച് യുഎസ്

Photo by / US MARINE CORPS / AFP
തെഹ്റാൻ : വ്യോമ പ്രതിരോധ മിസൈൽ ശേഖരം കുറയുമെന്ന ആശങ്കകൾക്കിടെ പതിമൂന്ന് ദിവസമായി ഇറാനിൽ തുടരുന്ന ശക്തമായ വ്യോമാക്രമണങ്ങൾ നിർത്തിവെച്ചതായി യുഎസ് സൈന്യം അറിയിച്ചു. അതേസമയം പശ്ചിമേഷ്യയിൽ ഇറാനും യുഎസും തമ്മിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നയതന്ത്ര ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെള്ളിയാഴ്ച മുതിർന്ന ഉപദേഷ്ടാക്കളുമായും കാബിനറ്റ് ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം.
വ്യോമാക്രമണം തുടർന്നാൽ യുഎസിന് സഹായം നൽകുന്ന അയൽരാജ്യങ്ങൾക്കെതിരെ ഇറാൻ പ്രത്യാക്രമണം തുടരും. ജോർദാൻ, കുവൈറ്റ്, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിലെ യുഎസ് സൈനികരെയും താവളങ്ങളെയും സംരക്ഷിക്കുന്നതിന് യുദ്ധോപകരണങ്ങൾ വീണ്ടും ഉപയോഗിക്കുന്നത് അധികച്ചെലവും നഷ്ടവുമാണെന്നാണ് വിലയിരുത്തൽ.
നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻമാരെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കൾ തള്ളിക്കളഞ്ഞ് കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഈ പുതിയ അറിയിപ്പ്. അതേസമയം ഇറാനെതിരെ നടത്തിവരുന്ന ആക്രമണങ്ങൾ മാത്രമാണ് നിർത്തിവെച്ചതെന്നും നാവിക ഉപരോധം പൂർണമായി തുടരുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പരസ്പരമുള്ള ആക്രമണങ്ങൾ നിർത്തിവെച്ചെങ്കിലും പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്.
ഇതിനിടെ ചെങ്കടലിലെ തന്ത്രപ്രധാനമായ ഹൊദൈദ നഗരത്തിൽ സൗദി നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി മിസൈലികളും ഡ്രോണുകളും പ്രയോഗിച്ചതായി യെമനിലെ ഹൂതി വിമതർ പറഞ്ഞു. ഹോർമുസ് വഴിയുള്ള വിതരണം തടസപ്പെട്ടത്തിനു ശേഷം സൗദി എണ്ണ കയറ്റുമതി ചെയ്യുന്ന ബാബ്-അൽ-മന്ദബ് കടലിടുക്ക് അടച്ചതായും ഹൂതികൾ അറിയിച്ചു.









0 comments