മിനാബ് കൂട്ടക്കുരുതി: സ്‌കൂളിനെ തകർത്തത് അമേരിക്കൻ മിസൈൽ തന്നെയെന്ന് തെളിവുകൾ

ടെഹ്‌റാൻ: ദക്ഷിണ ഇറാനിലെ മിനാബിൽ 165 പേരുടെ മരണത്തിനിടയാക്കിയ സ്‌കൂൾ ആക്രമണത്തിന് പിന്നിൽ അമേരിക്ക തന്നെയെന്ന് ഉറപ്പിക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ആക്രമണം നടത്തിയത് ഇറാന്റെ തന്നെ മിസൈലുകളാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദങ്ങളെ പൂർണ്ണമായും തള്ളുന്നതാണ് പുതിയ അന്വേഷണ റിപ്പോർട്ടുകൾ.
സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ മിസൈൽ അവശിഷ്ടങ്ങൾ അമേരിക്കയുടെ പക്കൽ മാത്രം ലഭ്യമായ 'ടോമഹോക്ക്' ക്രൂയിസ് മിസൈലുകളുടേതാണെന്ന് അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കൊച്ചുകുട്ടികളാണ്.
ഇസ്രയേലിന്റെ പക്കൽ പോലുമില്ലാത്ത ടോമഹോക്ക് മിസൈലുകൾ അമേരിക്കൻ പടക്കപ്പലുകളിൽ നിന്നോ വിമാനങ്ങളിൽ നിന്നോ ആണ് വിക്ഷേപിച്ചതെന്ന് അന്വേഷണ ഏജൻസിയായ ബെല്ലിംഗ്കാറ്റിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ പക്കലുള്ള സാങ്കേതിക വിദ്യയല്ല സ്ഫോടനത്തിന് പിന്നിലെന്ന് ഉപഗ്രഹ ദൃശ്യങ്ങളും വീഡിയോ തെളിവുകളും വ്യക്തമാക്കുന്നുണ്ട്.
അമേരിക്കൻ സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന ചില മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കൂടുതൽ ശാസ്ത്രീയ തെളിവുകൾ പുറത്തുവരുന്നത്. എന്നാൽ, ഇപ്പോഴും ഉത്തരവാദിത്തം ഏറ്റെടുക്കാൻ അമേരിക്കയോ ഇസ്രയേലോ തയ്യാറായിട്ടില്ല.
ഇറാൻ മനഃപൂർവ്വം കുട്ടികളെ ലക്ഷ്യം വെച്ചതാണെന്ന ട്രംപിന്റെ പ്രസ്താവന ലോകവ്യാപകമായി കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിരപരാധികളായ കുരുന്നുകളെ കൊന്നൊടുക്കിയ സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ യുദ്ധക്കുറ്റത്തിന് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.









0 comments