'വ്യോമാക്രമണം കൊണ്ടുമാത്രം ജയിക്കാനാവില്ല'; ഇറാനെതിരെയുള്ള യുദ്ധത്തിൽ നിന്ന് പിന്മാറാൻ വഴിതേടി യുഎസ്

ഡോണൾഡ് ട്രംപ് , ഡാൻ കെയ്ൻ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻനിര സൈനിക ഉപദേശകനും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാനുമായ ജനറൽ ഡാൻ കെയ്ൻ ഇറാനെതിരെയുള്ള യുദ്ധത്തിൽ നിന്ന് പിന്മാറാനുള്ള വഴികൾ തേടുന്നതായി റിപ്പോർട്ട്. വ്യോമാക്രമണം കൊണ്ടുമാത്രം ഇറാനെ കീഴ്‌പ്പെടുത്താനാവില്ലെന്ന് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
കൂടുതൽ സൈനിക നീക്കങ്ങൾ അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്നും വ്യോമാക്രമണം കൊണ്ടുമാത്രം ട്രംപിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ലെന്നും ഡാൻ കെയ്ൻ സ്വകാര്യ ചർച്ചകളിൽ വ്യക്തമാക്കിയെന്നാണ് പുറത്തുവരുന്ന സൂചന. സിഐഎ ഡയറക്ടർ ജോൺ റാറ്റ്‌ക്ലിഫ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരുമായി അദ്ദേഹം ആശങ്കകൾ പങ്കുവെച്ചു.
യുദ്ധം തുടരുന്നത് അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പേട്രിയറ്റ് മിസൈൽ ശേഖരത്തിന്റെ മൂന്നിൽ രണ്ടും, ഥാഡ് മിസൈലുകളുടെ പകുതിയും അമേരിക്കയ്ക്ക് നഷ്ടമായിക്കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു. ഒരു മിസൈൽ നിർമ്മിക്കാൻ 40 ലക്ഷം ഡോളറും രണ്ട് വർഷത്തോളം സമയവും വേണമെന്നതും അമേരിക്കയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
യുഎസ് സെൻട്രൽ കമാൻഡും ഇസ്രായേലും കൂടുതൽ ശക്തമായ ആക്രമണങ്ങൾക്ക് സമ്മർദം ചെലുത്തുമ്പോഴും കരസേനയെ ഇറക്കാൻ ട്രംപിന് താല്പര്യമില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. കൂടാതെ ആക്രമണം ശക്തമാക്കിയാൽ ഗൾഫ് രാജ്യങ്ങളിലെ ഊർജ നിലയങ്ങൾക്ക് നേരെ ഇറാൻ ശക്തമായ തിരിച്ചടി നൽകുമെന്ന് മിഡിൽ ഈസ്റ്റിലെ സഖ്യരാജ്യങ്ങൾ ട്രംപിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.









0 comments