വെനസ്വേലയിലെ എണ്ണക്കമ്പനികളിൽ നോട്ടമിട്ട് അമേരിക്ക; പുതിയ രാഷ്ട്രീയനീക്കം

വെനസ്വേലയിലെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്.
ന്യൂയോർക്ക് : വെനസ്വേലയിലെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന് മേലുള്ള ഉപരോധങ്ങൾ പിൻവലിച്ച് അമേരിക്ക. ട്രംപ് ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് രാജ്യത്തെ എണ്ണസമ്പത്ത് വിദേശികൾക്ക് തുറന്നുകൊടുക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
വെനസ്വേലയിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക നടത്തുന്ന ആസൂത്രിത നീക്കങ്ങളുടെ ഭാഗമായാണ് ഡെൽസി റോഡ്രിഗസിന് മേൽ ഉപരോധങ്ങൾ കൊണ്ടുവന്നത്.
വെനസ്വേലൻ തലസ്ഥാനമായ കാരാക്കസിൽ വച്ച് കഴിഞ്ഞ ജനുവരി മൂന്നിന് അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ടാണ് യുഎസ് സൈന്യം നിക്കോളാസ് മഡുറോയെയും പത്നിയെയും പിടികൂടിയത്. മയക്കുമരുന്ന് കടത്ത് എന്ന വ്യാജാരോപണം ഉന്നയിച്ച് ഇവരെ നിലവിൽ ന്യൂയോർക്കിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ലാറ്റിനമേരിക്കൻ നേതാക്കളെ വേട്ടയാടുന്ന അമേരിക്കൻ നയത്തിന്റെ തുടർച്ചയാണിത്.
ഡെൽസി റോഡ്രിഗസുമായി സഹകരിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം വെനസ്വേലയുടെ എണ്ണക്കമ്പനിയായ പിഡിവിഎസ്എയുടെ നിയന്ത്രണം കൈക്കലാക്കാനാണ്. നിലവിൽ എണ്ണ വിപണനത്തിനുള്ള വിലക്കുകൾ നീക്കിയത് അമേരിക്കൻ കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാനുള്ള വഴിയൊരുക്കലാണ്. ഇതിനായി രാജ്യത്തെ സ്വകാര്യ മൂലധനത്തിനും അന്താരാഷ്ട്ര ആർബിട്രേഷനും തുറന്നുനൽകുന്ന നിലപാടാണ് റോഡ്രിഗസ് സ്വീകരിക്കുന്നത്.
നിക്കോളാസ് മഡുറോ ഇപ്പോഴും നിയമപരമായ പ്രസിഡന്റായി തുടരുമ്പോഴാണ് അമേരിക്കയുടെ ഈ ഏകപക്ഷീയമായ ഇടപെടൽ. മഡുറോയുടെ അസാന്നിധ്യം താല്കാലികമാണെന്ന് വെനസ്വേലൻ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഡെൽസി റോഡ്രിഗസിന്റെ 90 ദിവസത്തെ താല്കാലിക ഭരണകാലാവധി ഏപ്രിൽ 3ന് അവസാനിക്കാനിരിക്കെയാണ് അമേരിക്കയുടെ ഈ തിരക്കിട്ടുള്ള നീക്കം.
തന്റെ മേലുള്ള ഉപരോധം നീക്കിയതിനെ സ്വാഗതം ചെയ്ത ഡെൽസി റോഡ്രിഗസ്, ഡോണാൾഡ് ട്രംപിന്റെ നടപടിയെ പ്രകീർത്തിച്ച് ടെലഗ്രാമിൽ കുറിപ്പിട്ടു. എന്നാൽ സ്വന്തം രാജ്യത്തിന്റെ പരമാധികാരം അമേരിക്കക്ക് അടിയറവ് വെക്കുന്ന നടപടിയാണിത്. ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളെ തകർക്കാൻ അമേരിക്ക ഉപയോഗിക്കുന്ന പുതിയ നീക്കത്തിന്റെ തുടക്കമാണിതിനെ കണക്കാക്കാം.










0 comments