ad
Deshabhimani

print edition വെനസ്വേലയിൽ പച്ചക്കള്ളം പറഞ്ഞ്‌ യുഎസ് അട്ടിമറി

us military

PHOTO: AFP

avatar
എ ശ്യാം

Published on Jan 04, 2026, 12:00 AM | 2 min read

പച്ചക്കള്ളങ്ങൾ ആവർത്തിച്ചാവർത്തിച്ച്‌ പറഞ്ഞാണ്‌ ട്രംപിന്റെ കിങ്കരന്മാർ അന്താരാഷ്‌ട്ര നിയമങ്ങളൊന്നും മാനിക്കാതെ വെനസ്വേലയിൽ കടന്നാക്രമണം നടത്തി മഡുറോയേയും ഭാര്യയേയും തട്ടിക്കൊണ്ടുപോയത്‌. കമ്യൂണിസ്‌റ്റ്‌ വിരോധം ഭ്രാന്തോളമായ ട്രംപിന്‌ രണ്ട്‌ ലക്ഷ്യങ്ങളാണുള്ളത്‌. ക്യൂബയിലും അതുമായി സഹകരിക്കുന്ന രാജ്യങ്ങളിലും ഭരണ അട്ടിമറി നടത്തി മേഖല പൂർണമായും ആധിപത്യത്തിലാക്കുക. വെനസ്വേലയുടെ എണ്ണസമ്പത്താണ്‌ രണ്ടാമത്തേത്‌.​


അമേരിക്കയിലെ എതിർരാഷ്‌ട്രീയക്കാരെ പോലും കമ്യൂണിസ്‌റ്റ്‌ എന്ന്‌ വിളിച്ചാണ്‌ ട്രംപ്‌ ആക്രമിക്കാറുള്ളത്‌. കഴിഞ്ഞദിവസം ന്യൂയോർക്ക് മേയറായി ചുമതലയേറ്റ സൊഹ്‌റാൻ മംദാനിയായിരുന്നു ട്രംപിന്റെ കമ്യൂണിസ്‌റ്റ്‌ ഭീതിയുടെ ഒടുവിലെ ഇര. വെനസ്വേലയിലെ തീവ്രവലത്‌ വംശീയവാദിയായ മരിയ കൊറീന മചാഡോയ്‌ക്ക്‌ മൂന്ന്‌ മാസം മുമ്പ്‌ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചപ്പോൾത്തന്നെ അമേരിക്കൻ നീക്കെ വ്യക്തമായിരുന്നു. അതിനും മാസങ്ങൾ മുമ്പേ കരീബിയൻ കടലിൽ പച്ചക്കള്ളങ്ങൾ പറഞ്ഞ്‌ വെനസ്വേലൻ കപ്പലുകളെ അമേരിക്ക ആക്രമിച്ചുതുടങ്ങിയിരുന്നു.​ ആ സന്ദർഭത്തിലാണ്‌ വെനസ്വേലയ്‌ക്കെതിരായ ട്രംപിന്റെ നീക്കങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്ന്‌ 1980ലെ സമാധാന നൊബേൽ ജേതാവായ അർജന്റീനിയൻ മനുഷ്യാവകാശ പ്രവർത്തകൻ അഡോൾഫോ പെരസ്‌ എസ്‌ക്വിവേൽ കുറ്റപ്പെടുത്തിയത്‌. ‘നുണ പറയലാണ്‌ എല്ലാ ഹിംസയുടെയും മാതാവ്‌. അമേരിക്കയുടെ നയങ്ങളെയും താൽപര്യങ്ങളെയും എതിർക്കുന്ന ജനതകൾക്കെതിരെ ട്രംപ്‌ അതാണ്‌ പ്രയോഗിക്കുന്നത്‌’ എന്നാണ്‌ എസ്‌ക്വിവേൽ ചൂണ്ടിക്കാട്ടിയത്‌.​


ഒരു സൈനിക ശക്തിയെന്ന്‌ പറയാനാവാത്ത വെനസ്വേല, അമേരിക്കൻ സമ്പത്ത്‌ കൊള്ളയടിക്കുന്നു എന്ന പച്ചക്കള്ളംപോലും അട്ടിമറിക്ക്‌ സാധൂകരണമായി ട്രംപ്‌ പറയുന്നുണ്ട്‌. രണ്ടാഴ്‌ച മുമ്പ്‌ വെനസ്വേലയെ ‘വിദേശ ഭീകര സംഘടന’ എന്നാക്ഷേപിച്ച്‌ നടത്തിയ പ്രസ്‌താവനയിലാണ്‌ അമേരിക്കൻ സമ്പത്ത്‌ വെനസ്വേല കൊള്ളയടിക്കുന്നുവെന്നും മയക്കുമരുന്ന്‌ കടത്തലും മനുഷ്യക്കടത്തും നിയന്ത്രിക്കുന്നത്‌ മഡുറോയാണെന്നും ട്രംപ്‌ ആരോപിച്ചത്‌. അമേരിക്ക 45 വർഷം തടവിന്‌ ശിക്ഷിച്ച, യഥാർഥ മയക്കുമരുന്ന്‌ കടത്തുകാരനായ ഹോണ്ടുറാസ്‌ മുൻ പ്രസിഡന്റ്‌ ഹുവാൻ ഒർലാൻഡോ ഹെർണാണ്ടസിനെ ഹോണ്ടുറാസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ രണ്ട്‌ ദിവസം മുന്പ്‌ ട്രംപ്‌ മാപ്പ്‌ നൽകി വിട്ടയച്ചത്‌ കഴിഞ്ഞയാഴ്‌ചയാണ്‌.


ക്യൂബയടക്കം മേഖലയിൽ ഇടതുപക്ഷഭരണമുള്ള മറ്റ്‌ രാജ്യങ്ങൾക്കെതിരെയും നീക്കങ്ങളുണ്ടാവും. തെക്കനമേരിക്കയെ വടക്കിന്റെ സമ്പൂർണ ആധിപത്യത്തിലാക്കുന്നതിന്‌ ഉപയോഗിച്ചിരുന്ന പഴയ മൺറോ സിദ്ധാന്തമാണ്‌ ട്രംപ്‌ നടപ്പാക്കുന്നത്‌. അമേരിക്ക ചരിത്രത്തിലിന്നുവരെ നടത്തിയ നാന്നൂറിൽപരം വിദേശ ആക്രമണങ്ങളിൽ പകുതിയിലധികവും മുക്കാൽ നൂറ്റാണ്ടിനിടയിലാണ്‌. അതിൽ പകുതിയും സോവിയറ്റ്‌ യൂണിയന്റെ തകർച്ചയ്‌ക്ക്‌ ശേഷവുമായിരുന്നു. അമേരിക്കയുടെ സർവാധിപത്യം ലോകത്തെ കൂടുതൽ അശാന്തമാക്കുകയാണ്‌. രണ്ടാംവട്ടം അധികാരമേറ്റ്‌ ഒരുവർഷം തികയുംമുമ്പേ ആറ്‌ രാജ്യങ്ങളിൽ ട്രംപ്‌ ആക്രമണം നടത്തിക്കഴിഞ്ഞു. ഇതെല്ലാം സമാധാനത്തിന്‌ വേണ്ടിയാണ്‌ എന്ന പെരുംനുണയും മാധ്യമങ്ങളിലൂടെ വർഷിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home