print edition യുഎസ്, ഇറാൻ പ്രതിനിധികൾ ദോഹയിൽ

ദോഹ : രണ്ടുദിവസത്തെ സൈനികനടപടികൾക്കൊടുവിൽ ഇറാനുമായി നയതന്ത്ര ചർച്ചകൾക്കായി യുഎസ് പ്രതിനിധികൾ ഖത്തറിലെത്തി. നേരിട്ടുള്ള ചർച്ചകൾക്ക് മുന്പ് തങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് വിട്ടുനൽകണമെന്നതടക്കമുള്ള ഉപാധികളിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ ജാറെദ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും ദോഹയിലുണ്ടെന്ന് ഖത്തർ വിദേശ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ അടുത്ത ദിവസങ്ങളിലൊന്നും യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ ഇറാന് പദ്ധതിയില്ലെന്ന് വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി.
ചർച്ചയ്ക്ക് ഇറാൻ അപേക്ഷിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം ഇറാൻ തള്ളി. ഖത്തറിലെ ബാങ്കുകളിലുള്ള 600 കോടി ഡോളറിന്റെ ഇറാനിയൻ ആസ്തികൾ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക ചർച്ചകൾക്കായാണ് ഇറാന്റെ വിദഗ്ദ്ധ സംഘം ഖത്തറിലെത്തിയത്. യുഎസുമായുള്ള ധാരണാപത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് മധ്യസ്ഥരായ ഖത്തർ പ്രതിനിധികളുമായി ഇറാൻ സംഘം ചർച്ച നടത്തും. അതേസമയം, നയതന്ത്ര നീക്കം തുടരുമ്പോഴും യുഎസ് പിന്തുണയോടെ ഇസ്രയേൽ വംശഹത്യയും അധിനിവേശവും തുടരുകയാണ്. വെടിനിർത്തൽ കരാർ പൂർണമായും ലംഘിച്ച് തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യം വീണ്ടും വ്യോമാക്രമണം നടത്തി. ഗാസയിൽ ആക്രമണങ്ങളിൽ എട്ട് പലസ്‌തീൻകാർകൂടി കൊല്ലപ്പെട്ടു.










0 comments