ad
Deshabhimani

ഹോർമുസിൽ വീണ്ടും ആക്രമണം: യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിൽ

Donald Trump

ഡോണാൾഡ്‌ ട്രംപ്

വെബ് ഡെസ്ക്

Published on Jun 07, 2026, 07:27 PM | 2 min read

വാഷിംഗ്ടൺ : അമേരിക്കയും ഇസ്രായേലും ചേർന്ന് ആരംഭിച്ച യുദ്ധം 100 ദിവസം പിന്നിടുമ്പോൾ, താൽക്കാലിക വെടിനിർത്തൽ നീട്ടുന്നതിനും സ്ഥിരമായ സമാധാന കരാറിലെത്തുന്നതിനുമുള്ള ചർച്ചകൾ വഴിമുട്ടി. ഏപ്രിൽ 8 മുതൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാറിനെ ലംഖിക്കുന്ന രീതിയിൽ മേഖലയിൽ വീണ്ടും ആക്രമണങ്ങൾ ശക്തമായതാണ് പ്രതിസന്ധിക്ക് കാരണം. തടഞ്ഞു വെച്ച കോടിക്കണക്കിന് ഡോളറിന്റെ ഇറാനിയൻ ആസ്തികൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും ലെബനനിലെ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള സംഘർഷവുമാണ് യുഎസ്-തെഹ്‌റാൻ ചർച്ചകൾക്ക് തടസമാകുന്നത്.


അതിനിടെ, ആഗോള ഊർജ്ജ കയറ്റുമതിയുടെ പ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്കിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയായ രണ്ട് ഇറാനിയൻ ഡ്രോണുകൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. വെള്ളിയാഴ്ച ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾക്ക് നേരെ പ്രയോഗിച്ച ആറ് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചതായും സെന്റകോം വ്യക്തമാക്കി. ഇതിന് തിരിച്ചടിയായി ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി.


ഗൾഫ് രാജ്യങ്ങൾക്ക് നാശനഷ്ടം; ട്രംപിന്റെ പുതിയ നീക്കം


കഴിഞ്ഞ ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതു മുതൽ, ഗൾഫ് മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും യുഎസ് സൈനിക താവളങ്ങൾക്കും നേരെ ഇറാനും സഖ്യകക്ഷികളും വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. ഈ സാഹചര്യത്തിൽ, അമേരിക്ക തടഞ്ഞു വെച്ചിരുന്ന ഇറാന്റെ ഫണ്ടുകൾ ഗൾഫ് സഖ്യകക്ഷികളുടെ പുനർനിർമാണത്തിനായി വിനിയോഗിക്കാനുള്ള പദ്ധതിയാണ് യുഎസ് പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപിന്റെ ഭരണകൂടം ആലോചിക്കുന്നത്.


എന്നാൽ തങ്ങളുടെ ആസ്തികൾ പൂർണമായി വിട്ടുനൽകണം എന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുന്നു. ഇറാൻ പൂർണമായും തകർച്ചയുടെ വക്കിലാണെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, ഇറാന്റെ പക്കൽ ഇപ്പോഴും 22 ശതമാനം വരെ മിസൈൽ ശേഖരം അവശേഷിക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. അത് വലിയൊരു സംഖ്യയാണ്, എങ്കിലും ഞങ്ങൾ ആദ്യം ആക്രമിക്കുമ്പോൾ ഉണ്ടായിരുന്ന അത്രയും ഇല്ല, ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.


ആഗോള വിപണിയിൽ എണ്ണവില ഉയരുന്നു


യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് നിലവിൽ അടഞ്ഞു കിടക്കുന്നത് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 90 ഡോളറിന് മുകളിലും അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് 13 ഡോളറിനടുത്തുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എണ്ണവില വർധനവ് അമേരിക്കയിൽ വരാനിരിക്കുന്ന മിഡ് ടേം തെരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്ക ശക്തമാണ്.


എന്നാൽ വിപണി പ്രതീക്ഷിച്ചതുപോലെ വില 300 ഡോളറിലേക്ക് എത്തിയില്ലെന്നും നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നുമാണ് ട്രംപിന്റെ വിലയിരുത്തൽ. പാകിസ്ഥാൻ നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നുണ്ട്. പാക് ആഭ്യന്തര മന്ത്രി മോഹ്സിൻ നഖ്വി ഇറാന്റെ വിദേശകാര്യ പ്രതിനിധിയുമായി ടെഹ്‌റാനിൽ കൂടിക്കാഴ്ച നടത്തി പാക് പ്രധാനമന്ത്രിയുടെ കത്ത് കൈമാറിയതായും റിപ്പോർട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home