എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബംഗ്ലാദേശിൽ ദമ്പതികൾക്ക് വധശിക്ഷ

പ്രതീകാത്മകചിത്രം
ധാക്ക : എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശിൽ ദമ്പതികൾക്ക് വധശിക്ഷ വിധിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ കൊലപാതക വിചാരണയാണിതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. അഞ്ച് ദിവസത്തെ വാദം കേൾക്കലിനുശേഷമാണ് കോടതി ദമ്പതികൾക്ക് വധശിക്ഷ വിധിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായ സംഭവം നടന്ന് 19 ദിവസങ്ങൾക്ക് ശേഷമാണ് ധാക്ക മെട്രോപൊളിറ്റൻ ചൈൽഡ് റിപ്രഷൻ പ്രിവൻഷൻ ട്രൈബ്യൂണൽ ശിക്ഷ വിധിച്ചത്.
സോഹെൽ റാണ, ഭാര്യ സ്വപ്ന ഖാത്തൂൺ എന്നീ പ്രതികൾക്ക് വധശിക്ഷ വിധിക്കുകയും യഥാക്രമം 5 ലക്ഷം ടാക (4,073 യുഎസ് ഡോളർ), 2 ലക്ഷം ടാക (2 ലക്ഷം ഡോളർ) പിഴ ചുമത്തുകയും ചെയ്തതായി ജഡ്ജി മസ്രൂർ സലേക്കിൻ പറഞ്ഞു. നഷ്ടപരിഹാരം കുട്ടിയുടെ കുടുംബത്തിന് നൽകണമെന്ന് കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ കുറ്റവാളികളുടെ സ്ഥാവര, ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്ത് തുക തിരിച്ചുപിടിക്കാമെന്ന് കോടതി പറഞ്ഞു. തിങ്ങിനിറഞ്ഞ കോടതിയിലാണ് കേസിന്റെ വിധി പ്രസ്താവിച്ചത്. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.
പൊലീസ് കുറ്റപത്രം കോടതിയിൽ ലഭിച്ചതിന് ശേഷം അഞ്ച് ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയായതായും ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ കൊലപാതക വിചാരണയാണിതെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു. പ്രതികളെ പ്രതിനിധീകരിക്കാൻ ഒരു സ്വകാര്യ അഭിഭാഷകനും തയ്യാറായിരുന്നില്ല. അതിനാൽ കോടതി സർക്കാർ അഭിഭാഷകനെ നിയമിച്ചിരുന്നു.
വിധിയിൽ സംതൃപ്തനാണെന്നും ശിക്ഷ വേഗത്തിൽ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കുടുംബത്തിന് നീതി ലഭിച്ചതായും വിധിയിൽ സംതൃപ്തിയുണ്ടെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അസീസുർ റഹ്മാൻ ദുലു പറഞ്ഞു. ബംഗ്ലാദേശ് നിയമപ്രകാരം, വിചാരണ കോടതികൾ നൽകുന്ന വധശിക്ഷകൾ നടപ്പിലാക്കുന്നതിന് മുമ്പ് ഹൈക്കോടതി പുനഃപരിശോധിക്കുകയും സ്ഥിരീകരിക്കുകയും വേണം. വിചാരണ കോടതി രേഖകൾ ലഭിച്ചുകഴിഞ്ഞാൽ, വേഗത്തിൽ വാദം കേൾക്കാൻ ശ്രമിക്കുമെന്ന് അറ്റോർണി ജനറൽ റുഹുൽ ഖുദ്ദൂസ് കസൽ പറഞ്ഞു. സുപ്രീം കോടതി ബെഞ്ച് കേസിന് മുൻഗണന നൽകിയാൽ, പുനഃപരിശോധന, അപ്പീൽ നടപടികൾ ഉൾപ്പെടെയുള്ള നിയമ പ്രക്രിയ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് നിയമമന്ത്രി മുഹമ്മദ് അസദുസ്സമാൻ പറഞ്ഞു.
മെയ് 19 നാണ് കേസിനാസ്പദമായ സംഭവം. ധാക്കയിലെ പല്ലാബി പ്രദേശത്തെ ദമ്പതികളുടെ അപ്പാർട്ട്മെന്റിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം. പല്ലാബിയിലെ സെക്ഷൻ -11 പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് കുട്ടി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. സോഹെലും സ്വപ്നയും ഇതേ കെട്ടിടത്തിൽ തന്നെയാണ് താമസിച്ചിരുന്നത്. പ്രസ്തുത ദിവസം രാവിലെ കുട്ടിയെ സോഹെലും സ്വപ്നയും തങ്ങളുടെ മുറിയിലേക്ക് എത്തിച്ച ശേഷം കുളിമുറിയിൽ പൂട്ടിയിടുകയും ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ശേഷം തലയും കൈകളും വെട്ടിക്കളയുകയും തലയില്ലാത്ത മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിക്കുകയും ചെയ്തു. വെട്ടിമാറ്റിയ തല കുളിമുറിയിലെ ബക്കറ്റിൽ വച്ചിരുന്നു. തുടർന്ന് സോഹെൽ റാണ രക്ഷപ്പെട്ടു.
രാവിലെ 10:30 ഓടെ, കുടുംബാംഗങ്ങൾ പെൺകുട്ടിയെ സ്കൂളിൽ അയയ്ക്കുന്നതിനായി തിരയാൻ തുടങ്ങി. ഒടുവിൽ സോഹെലും സ്വപ്നയും താമസിക്കുന്ന മുറിക്ക് പുറത്ത് കുട്ടിയുടെ ചെരുപ്പുകൾ കണ്ടു. ആവർത്തിച്ച് വിളിച്ചിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടർന്ന്, അയൽക്കാർ വാതിൽ ബലമായി തുറന്നപ്പോൾ കട്ടിലിനടിയിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തി.
ഖാത്തൂണിനെ അപ്പാർട്ട്മെന്റിൽ വെച്ചും, റാണയെ അതേ ദിവസം തന്നെ നാരായൺഗഞ്ചിന്റെ പ്രാന്തപ്രദേശത്തുള്ള ഫത്തുള്ളയിൽ വെച്ചും അറസ്റ്റ് ചെയ്തു. പിന്നീട് റാണ കോടതിയിൽ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ബംഗ്ലാദേശിൽ ബാലപീഡനവും ലൈംഗിക അതിക്രമങ്ങളും വർദ്ധിച്ചുവരുന്നതായുള്ള മനുഷ്യാവകാശ ഗ്രൂപ്പുകളുടെയും മാധ്യമ സംഘടനകളുടെയും റിപ്പോർട്ടുകൾക്കിടയിലാണ് സംഭവമുണ്ടായത്. ഇത് രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി. ബംഗ്ലാദേശിലെ സുപ്രീം കോടതിയും BRAC എന്ന സംഘടനയും അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ നിരക്ക് ഏകദേശം മൂന്ന് ശതമാനമാണെന്ന് കണ്ടെത്തി. അതേസമയം പ്രതികളിൽ 70 ശതമാനത്തെയും വിചാരണയ്ക്കൊടുവിൽ വിട്ടയച്ചു.









0 comments