ad
Deshabhimani

അളിയനുമാത്രമല്ല, മറ്റു സ്വന്തക്കാർക്കും കരുതൽ; സണ്ണി ജോസഫിന്റെ ബന്ധുനിയമനത്തിനെതിരെ കോൺഗ്രസുകാരും

Sunny Joseph

സണ്ണി ജോസഫ്‌

വെബ് ഡെസ്ക്

Published on Jun 07, 2026, 07:47 PM | 2 min read

കണ്ണൂർ : സ്വന്തം അളിയനെ പേഴ്‌സണൽ സ്‌റ്റാഫിൽ ഉയർന്ന തസ്‌തികയിൽ നിയമിച്ച വൈദ്യുതിമന്ത്രി സണ്ണി ജോസഫിനെതിരെ കോൺഗ്രസിൽനിന്നുതന്നെ കൂടുതൽ ആരോപണമുയർന്നു. കഴിഞ്ഞ ദിവസത്തെ കെപിസിസി യോഗത്തിൽ ബന്ധുനിയമനത്തിനെതിരെ വിമർശം ഉയർന്നതിനുപിന്നാലെയാണ്‌ കെ സുധാകരന്റെ കണ്ണൂരിലെ അനുയായികൾ, സണ്ണി ജോസഫ്‌ സ്വാധീനിച്ച്‌ നടത്തിയ കൂടുതൽ ബന്ധുനിയമനം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്‌.


ഏറ്റവുമടുത്ത നിരവധി ബന്ധുക്കളെ മുമ്പ്‌ വിവിധ സ്ഥാപനങ്ങളിൽ സണ്ണി ജോസഫ്‌ തിരുകിക്കയറ്റിയെന്നാണ്‌ ആരോപണം. യുഡിഎഫ്‌ ഭരണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ സ്വന്തക്കാർക്ക്‌ ജോലി സംഘടിപ്പിക്കുകയായിരുന്നു. മുൻകാലത്ത്‌ നിസ്സാര തസ്‌തികയിലേക്കുള്ള നിയമനത്തിന്റെ പേരിൽ ബഹളംവച്ച കോൺഗ്രസ്‌ നേതാക്കൾ സണ്ണിയുടെ നിലപാടിനെക്കുറിച്ച്‌ എന്തുപറയുന്നു എന്നാണ്‌ സുധാകരൻപക്ഷം ചോദിക്കുന്നത്‌.


സഹോദരൻ ഷാജി ജോസഫിനും സഹോദരി ഷെല്ലി ജോസഫിനും കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ (ഇപ്പോൾ കേരള ബാങ്ക്‌) നിയമനം കിട്ടിയത്‌ സണ്ണി നേതാവായി ഉയർന്ന കാലത്താണ്‌. മകൾ ആശാ റോസിനെ കാരശേരി സഹകരണ ബാങ്കിലും നിയമിച്ചു. സണ്ണി ഉളിക്കൽ സഹകരണ ബാങ്ക്‌ തലപ്പത്തുനിന്ന്‌ ഒഴിഞ്ഞപ്പോൾ മറ്റൊരു സഹോദരൻ ഐസൽ ജോസഫിന്‌ ജോലി നൽകി കരുതൽ കാട്ടി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച സഹോദരീഭർത്താവ്‌ ബെന്നി തോമസും ഉളിക്കൽ സഹകരണ ബാങ്കിലായിരുന്നു. അവിടെനിന്നാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റായും ഇപ്പോൾ മന്ത്രിയുടെ ഓഫീസിലേക്കും സണ്ണി കൈപിടിച്ച്‌ ഉയർത്തിയത്‌.


കരുതൽ സമീപനം ഭാര്യാസഹോദരനോടും കാണിച്ചു. മണത്തണ സഹകരണ ബാങ്കിൽ ജോലി നൽകിയാണ്‌ ഭാര്യാസഹോദരൻ ജോസ് എടത്താഴെയെ സ്‌നേഹിച്ചത്‌. ഏരുവേശി സഹകരണ ബാങ്കിൽ ഭാര്യാസഹോദരി ഡെയ്‌സി തോമസിനും ജോലി നൽകി. അളിയൻ ബെന്നി തോമസിന്റെ സഹോദരൻ ജോഷി തോമസിന്‌ തലശേരി രൂപത എഡ്യൂക്കേഷണൽ സഹകരണ സൊസൈറ്റിയിലാണ്‌ ജോലി തരപ്പെടുത്തിയത്‌. സ്വന്തം ഡ്രൈവർ ഗിരീഷ്‌കുമാറിന്‌ കുടുംബത്തിൽനിന്ന്‌ ശമ്പളം നൽകാൻ മടിച്ച്‌, കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത് മന്ത്രി കെ സി ജോസഫിന്റെ ഓഫീസിൽ നിയമിച്ചു. ജോലി സണ്ണിയുടെ വീട്ടിലും ശമ്പളം സർക്കാരിൽനിന്നും.

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ സണ്ണി ജോസഫിന്റെ മകൾ അഞ്ജു റോസിന്‌ സീറ്റ്‌ സംഘടിപ്പിച്ചതും ഒരുവിഭാഗം കോൺഗ്രസുകാർ ഉയർത്തിക്കാട്ടിയിരുന്നു. എൻട്രൻസിൽ 24945–ാം റാങ്കുകാരിയായ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ സീറ്റ്‌ കിട്ടിയത്‌ 2006-ൽ യുഡിഎഫ് ഭരണകാലത്താണ്‌. ഇതിനായി മെറിറ്റ്‌ ക്രമം മറികടന്നുവെന്നാണ്‌ ആരോപണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home