പാചകവാതക വിലവർധന; ജനദ്രോഹ നടപടി പിൻവലിക്കാൻ കേന്ദ്രം തയാറാകണം: പിണറായി വിജയൻ

തിരുവനന്തപുരം : ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ വർധിപ്പിച്ച നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ഗാർഹിക പാചക വാതകവില വർധിപ്പിക്കുന്നത്. ഈ ജനദ്രോഹ നടപടി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം- പിണറായി വിജയൻ വ്യക്തമാക്കി.
വർധിപ്പിച്ച നിരക്ക് പ്രകാരം 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് 951രൂപയായി. മാർച്ച് ഏഴിന് സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു. വാണിജ്യ പാചക വാതത്തിൻ്റെ വില ഇരട്ടിയിലധികം വർധിച്ചതിനാൽ ഹോട്ടൽ വ്യവസായം സമ്പൂർണ്ണ തകർച്ചയിലേക്ക് കൂപ്പ് കുത്തുകയാണ്. മെയ് പകുതിക്ക് ശേഷം പെട്രോൾ, ഡീസൽ വിലകളിൽ ലിറ്ററിന് മൊത്തത്തിൽ 7.50 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതിനൊപ്പം സിഎൻജിയ്ക്കും കിലോഗ്രാമിന് 6 രൂപയും വർധിച്ചു.
ജനങ്ങൾ ആശ്വാസം ഉറപ്പാക്കുന്ന വിധത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണം. പെട്രോളിയം വില വർധനമൂലം ലഭ്യമാകുന്ന അധിക നികുതി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നും വിലക്കയറ്റത്തിന്റെ രൂക്ഷതയിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കണമെന്നും നിയമസഭയിൽ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തുടരുന്ന നിഷേധാത്മക - ജനദ്രോഹ നിലപാടുകൾ തിരുത്തണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.









0 comments