പശ്ചിമേഷ്യയിലെ ആക്രമണം: പിൻവാങ്ങാൻ സമയപരിധി നിശ്ചയിക്കാതെ അമേരിക്ക

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിന് നിശ്ചിത സമയപരിധിയില്ലെന്ന് വ്യക്തമാക്കി അമേരിക്ക. പശ്ചിമേഷ്യയിലെ യുദ്ധം എത്രകാലം തുടരണമെന്നത് സംബന്ധിച്ച അന്തിമ തീരുമാനം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേതായിരിക്കുമെന്ന് പെന്റഗൺ അറിയിച്ചു. ട്രംപ് നിശ്ചയിച്ച തന്ത്രപരമായ ലക്ഷ്യങ്ങൾ പൂർത്തിയാകുന്നത് വരെ ആക്രമണം തുടരുമെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറയുന്നത്.
ഇസ്രായേലുമായി ചേർന്ന് മൂന്നാഴ്ച മുമ്പ് ആരംഭിച്ച സംയുക്ത സൈനിക നീക്കങ്ങളിൽ നിന്ന് ഉടൻ പിൻമാറില്ലെന്ന് ഹെഗ്‌സെത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിൽ ആസൂത്രണം ചെയ്ത രീതിയിൽ തന്നെയാണ് സൈനിക നീക്കങ്ങൾ മുന്നോട്ട് പോകുന്നത്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സൈന്യം ശരിയായ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിൽ വ്യോമാക്രമണങ്ങളും മിസൈൽ പ്രയോഗങ്ങളും ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് പെന്റഗണിന്റെ വെളിപ്പെടുത്തൽ. യുദ്ധം അവസാനിപ്പിക്കാൻ വ്യക്തമായ സമയക്രമം ഇല്ലാത്തത് സംഘർഷം കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
ഇറാൻ യുദ്ധത്തിന് 200 ബില്യൺ ഡോളർ കൂടി തേടി പെന്റഗൺ
ഇറാനുമായുള്ള സംഘർഷത്തിൽ സൈനിക ആവശ്യങ്ങൾക്കായി 200 ബില്യൺ ഡോളർ (ഏകദേശം 16 ലക്ഷം കോടിയിലധികം രൂപ) അധികമായി അനുവദിക്കണമെന്ന് പെന്റഗൺ ആവശ്യപ്പെട്ടു. പ്രതിരോധ വകുപ്പ് വൈറ്റ് ഹൗസിന് സാമ്പത്തിക അഭ്യർഥന നൽകിയെന്നാണ് വിവരം. കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം അനുവദിച്ച വൻ നികുതി ഇളവ് ബില്ലിലൂടെ പ്രതിരോധ വകുപ്പിന് ലഭിച്ച അധിക ഫണ്ടിന് പുറമെയാണിത്. ഇത്രയും വലിയൊരു തുക സൈനിക ആവശ്യത്തിനായി ആവശ്യപ്പെടുന്നത് അസാധാരണമായാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ ചെലവിനുള്ള അഭ്യർഥന പരിഗണിക്കാൻ യുഎസ് കോൺഗ്രസ് തയ്യാറെടുക്കുന്നുണ്ടെങ്കിലും, വൈറ്റ് ഹൗസ് ഇതിൽ അന്തിമ തീരുമാനമെടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.










0 comments