print edition യുഎസ് ഉപരോധം പിൻവലിക്കണം ; ആണവക്കരാറിൽ ഒത്തുതീർപ്പിന് തയ്യാറെന്ന് ഇറാൻ

വാഷിങ്ടൺ
ഇറാനുമേലുള്ള ഉപരോധം പിൻവലിക്കുകയാണെങ്കിൽ അമേരിക്കയുമായി ആണവകരാറിലെത്താൻ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറെന്ന് ഇറാൻ മന്ത്രി. ഇറാനിലെ വിദേശ സഹമന്ത്രി മജീദ് തഖ്‌ത് റാവഞ്ചി വിദേശമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ‘കരാറിൽ ഒത്തുതീർപ്പ് വേണമെന്ന് ഇനി തീരുമാനിക്കേണ്ടത് അമേരിക്കയാണ്, അവർ സത്യസന്ധമായാണ് ഇടപെടുന്നതെങ്കിൽ ചർച്ചകൾക്ക് അവസാനം കരാറിലെത്താമെന്നാണ് കരുതുന്നത്’ – മജീദ് പറഞ്ഞു. സന്പുഷ്‌ടീകരിച്ച 60 ശതമാനം യുറേനിയം നേർപ്പിക്കാൻ തയ്യാറാണെന്ന് പറയുന്നത് തന്നെ ഇറാൻ ഒത്തുതീർപ്പിന് തയ്യാറാണെന്നുളളതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ബാലിസ്റ്റിക് മിസൈലുകളിലടക്കം ചർച്ച വേണമെന്ന ഇസ്രയേലിന്റെ ആവശ്യത്തോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, യുഎസിന്റെ ആവശ്യങ്ങളടങ്ങിയ കരാറുമായി ഒത്തുപോയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. മധ്യപൂർവദേശത്തിൽ യുഎസ് സൈനിക വിന്യാസം വർധിച്ചതായി വിദേശ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ എന്തെങ്കിലും അനിഷ്‌ട സംഭവങ്ങളുണ്ടാവുകയാണെങ്കിൽ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ പ്രതികരണം.
രണ്ടാംഘട്ട ചർച്ച ജനീവയിൽ
ഇറാൻ– യുഎസ് ആണവക്കരാറിൽ ജനീവയിൽ ഇരു രാജ്യങ്ങളും ചർച്ച നടത്തുമെന്ന് സ്വിറ്റ്‌സർലൻഡ് വിദേശ മന്ത്രാലയം അറിയിച്ചു. ഒമാന്റെ നേതൃത്വത്തിൽ ജനീവയിൽ വച്ചായിരിക്കും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുക. കഴിഞ്ഞ ആറിനാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയത്. എന്നാൽ സമാധാന ശ്രമങ്ങൾ നിലനിൽക്കുന്നതിനിടയിലും പശ്ചിമേഷ്യയിലേക്ക് യുദ്ധക്കപ്പലുകളയക്കുകയാണ് അമേരിക്ക. കഴിഞ്ഞ വെള്ളിയാഴ്ച ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്‌എസ് ജെറാൾഡ് ആർ ഫോർഡിനെ അമേരിക്ക പ്രദേശത്ത് വിന്യസിച്ചിരുന്നു.










0 comments