റവല്യൂഷണറി ഗാർഡ് ഇയു കരിമ്പട്ടികയിൽ
print edition യുഎസ് കപ്പൽവ്യൂഹം അടുക്കുന്നു ; എന്തിനും സജ്ജമെന്ന് ഇറാൻ

തെഹ്‌റാൻ
ആണവകരാർ ഉണ്ടാക്കാനുള്ള സമയം അതിക്രമിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെ ആക്രമണത്തെ നേരിടാൻ സജ്ജമായി ഇറാൻ. അമേരിക്ക ആക്രമിച്ചാൽ, യുഎസ് താവളങ്ങളെയും വിമാനവാഹിനിക്കപ്പലുകളെയും തൽക്ഷണം ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ, ഇസ്രയേലിലെ ഐലാത്ത് തുറമുഖത്ത് യുഎസ് പടക്കപ്പൽ നങ്കൂരമിട്ടു. ഈജിപ്ത്, ജോർദാൻ അതിർത്തിക്കടുത്തുള്ള അക്കാബ ഉൾക്കടലിലെ തെക്കൻ തുറമുഖത്ത് കപ്പൽ എത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും യെനെറ്റ് ന്യൂസ് റിപ്പോർട്ട്‌ചെയ്‌തു. പ്രസിഡന്റ് തീരുമാനിക്കുന്ന ഏത് നടപടിക്കും യുഎസ് സൈന്യം തയ്യാറാണെന്ന് പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.
ഗൾഫ് മേഖലയിലെ നിരവധി യുഎസ് സൈനിക ആസ്തികൾ മധ്യദൂര മിസൈലുകളുടെ പരിധിയിലാണെന്ന് ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രാമിനിയ പറഞ്ഞു. പ്രതിസന്ധി ഒഴിവാക്കാൻ ആണവചർച്ചകൾ നടത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. സംഘർഷങ്ങൾ കുറയ്ക്കാന്‍ ചർച്ചകൾക്ക് സന്നദ്ധമാകണമെന്ന് ഖത്തർ നേതാവ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യനും ആഹ്വാനംചെയ്തു.
റവല്യൂഷണറി ഗാർഡ് ഇയു കരിമ്പട്ടികയിൽ
ഇറാന്റെ സായുധസേനാ വിഭാഗമായ റവല്യൂഷണറി ഗാർഡിനെ "ഭീകര’സംഘടനയായി കരിമ്പട്ടികയിൽപെടുത്തി യൂറോപ്യൻ യൂണിയൻ. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ മാരകമായ അടിച്ചമർത്തൽ നടത്തിയതിന്റെ പേരിലാണ് നടപടി. ഈ നീക്കം നിയമവിരുദ്ധവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമാണെന്ന് ഇറാൻ വിദേശമന്ത്രാലയം പ്രതികരിച്ചു.










0 comments