print edition ഒമാനില്‍ ഇറാന്‍ യുഎസ് ചർച്ച ; നല്ല തുടക്കമെന്ന് ഇറാന്‍

ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നർ, അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ക്കൊപ്പം ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദി
അനസ് യാസിന്‍
Published on Feb 07, 2026, 03:02 AM | 1 min read
മനാമ
സൈനികഏറ്റുമുട്ടല്‍ ഭീതി നിലനില്‍ക്കെ, അമേരിക്കയിലെയും ഇറാനിലെയും ഉന്നത നേതാക്കള്‍ ഒമാനിൽ ചർച്ചകൾ നടത്തി. പശ്ചിമേഷ്യയില്‍ അമേരിക്ക സൈനിക വിന്യാസം ശക്തമാക്കിയത് മേഖലയില്‍ യുദ്ധഭീതി പടര്‍ത്തിയതിന് പിന്നാലെയാണ് മസ്‌കത്തില്‍ ഇരുരാജ്യവും പരോക്ഷ ചർച്ച നടത്തിയത്.
കൂടുതൽ കൂടിയാലോചനകൾക്കായി പ്രതിനിധികൾ തെഹ്റാനിലേക്ക് മടങ്ങുമെന്നും എന്നാൽ ഈ കൂടിക്കാഴ്ച ഒരു "നല്ല തുടക്കം" ആണെന്നും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അരാഗ്ചി, ഇറാനിയന്‍ ടെലിവിഷനോട് പ്രതികരിച്ചു. ചർച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അബ്ബാസ് അരാഗ്ചിയുമായും അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകനും ദൂതനുമായ ജാരെഡ് കുഷ്നർ എന്നിവരുമായും ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദിയാണ് പ്രത്യേകം ചർച്ച നടത്തിയത്. നയതന്ത്രപരവും സാങ്കേതികവുമായ ചർച്ചകൾ പുനരാരംഭിക്കുന്നതിന് അനുയോജ്യമായ സാഹചര്യം ഒരുക്കാനാണ് കൂടിയാലോചന നടത്തിയതെന്ന് ഒമാൻ അറിയിച്ചു. നേരിട്ടുള്ള ചര്‍ച്ചയില്‍ ആണവ കരാറിനെക്കുറിച്ച് മാത്രം ചര്‍ച്ചയെന്ന് ഇറാന്‍ ആവര്‍ത്തിക്കുമ്പോള്‍, ഇറാന്റെ മിസൈല്‍ പരീക്ഷണങ്ങളും പ്രാദേശിക ഇടപെടലുകളും ചര്‍ച്ച ചെയ്യണമെന്നാണ് യുഎസ് നിലപാട്. തുടർചർച്ചയുടെ വേദിയോ സമയമോ തീരുമാനിച്ചിട്ടില്ല.
യുദ്ധഭീതി ഒഴിയുന്നില്ല
ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും മേഖലയിൽ യുദ്ധഭീതി ഒഴിയുന്നില്ല. ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ ഇറാന്‍ ഭരണകൂടം വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. ഇറാനിലെ യുഎസ് പൗരന്മാരോട് ഉടന്‍ രാജ്യം വിടാൻ അമേരിക്ക കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇറാന്‍ 2,000 കിലോമീറ്റര്‍ പരിധിയുള്ള ഖുറംഷഹര്‍-4 ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിക്കാന്‍ സജ്ജമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. റവല്യൂഷണറി ഗാര്‍ഡ് തങ്ങളുടെ സൈനിക വിന്യാസം പ്രതിരോധത്തില്‍ നിന്ന് ആക്രമത്തിലേക്ക് മാറ്റിയതായും ശത്രുക്കള്‍ക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നും ഇറാന്റെ പ്രസ് ടിവി റിപ്പോര്‍ട്ട്ചെയ്തു. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെ വന്‍ യുഎസ് പടക്കപ്പലുകള്‍ അറബിക്കടലില്‍ നിലയുറപ്പിച്ചിട്ടുണ്ട്.










0 comments