മുസ്ലിം ബ്രദർഹുഡ് ഗ്രൂപ്പുകളെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്
print edition ഇറാന് ട്രംപിന്റെ ഭീഷണി ; യുഎസ് സൈനിക താവളങ്ങൾ അതീവ ജാഗ്രതയിൽ

വാഷിങ്‌ടൺ
സർക്കാർവിരുദ്ധ പ്രക്ഷോഭം തുടരുന്ന ഇറാനിൽ കടന്നാക്രമണഭീഷണി മുഴക്കുന്ന അമേരിക്ക മേഖലയിലെ സ്വന്തം സൈനികതാവളങ്ങളിൽ അതീവ ജാഗ്രതാനിർദ്ദേശ നൽകി. ഖത്തറിലെ സുപ്രധാന സൈനിക താവളത്തിലെ ഒരുവിഭാഗം ഉദ്യോഗസ്ഥരോട് ഒഴിഞ്ഞുപോകാൻ പെന്റഗൺ നിർദ്ദേശിച്ചു. 10,000 യുഎസ് സൈനികരെ ഉൾക്കൊള്ളുന്ന അൽ ഉദൈദ് വ്യോമതാവളത്തിൽനിന്ന് ഉദ്യോഗസ്ഥരെ മാറ്റിയതായി ഖത്തർ സ്ഥിരീകരിച്ചു.
മുൻകരുതലായാണ് നടപടിയെന്ന് യുഎസ് സൈനികവൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. അമേരിക്ക അക്രമിച്ചാല്‍ മേഖലയിലെ യുഎസ് സേനാതാവളങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ആണവകേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ജൂണിൽ ഇറാൻ ഈ താവളത്തിലേക്ക് ആക്രമണം നടത്തിയിരുന്നു. സൗദി അറേബ്യയിലെ യുഎസ് എംബസി ഉദ്യോഗസ്ഥരോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു.
അതേസമയം, ഇറാനുനേരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി തുടരുകയാണ്. പ്രതിഷേധക്കാർക്കെതിരെ സർക്കാർ പ്രതികാരം ചെയ്‌താൽ സൈനിക ഇടപെടൽ നടത്തുമെന്ന് ട്രംപ് ആവർത്തിച്ചു. അമേരിക്ക ആഗ്രഹിക്കുന്നുവെങ്കിൽ യുദ്ധത്തിന് സർവസജ്ജമാണെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രയേൽ എപ്പോഴും അമേരിക്കയെ യുദ്ധങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും തന്റെ രാജ്യത്ത് രക്തച്ചൊരിച്ചിൽ തടയാൻ എവിടേക്ക് തിരിയണമെന്ന് ട്രംപ് അറിയണന്നും ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
"ഇറാന്റെ ആണവകേന്ദ്രങ്ങൾക്കെതിരായ വ്യർത്ഥമായ ആക്രമണത്തെക്കുറിച്ച് ആവർത്തിച്ച് സംസാരിക്കുന്ന യുഎസ് പ്രസിഡന്റ്, ഇറാനിയൻ മിസൈലുകൾ അൽ-ഉദൈദിലെ യുഎസ് താവളം നശിപ്പിച്ചതിനെക്കുറിച്ചും പരാമർശിക്കുന്നത് നന്നായിരിക്കും’– പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഉപദേഷ്ടാവ് അലി ഷംഖാനി എക്‌സിൽ കുറിച്ചു.
പ്രതിഷേധങ്ങളെ തുടർന്ന് ഇറാനിൽ ഇതുവരെ 2,572 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്റർനെറ്റ് വിലക്കും നിയന്ത്രണങ്ങളും തുടരുകയാണ്. വേഗത്തിലുള്ള വിചാരണയും കുറ്റക്കാർക്ക് വധശിക്ഷയും നടപ്പാക്കുമെന്ന് ഇറാന്റെ നീതിന്യായ കോടതി മേധാവി ഖോലാം ഹൊസൈൻ മൊഹ്‌സെനി- പറഞ്ഞു.
മുസ്ലിം ബ്രദർഹുഡ് ഗ്രൂപ്പുകളെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്
ഈജിപ്ത്, ജോർദാൻ, ലെബനൻ എന്നിവിടങ്ങളിലെ മുസ്ലീം ബ്രദർഹുഡ് ഗ്രൂപ്പുകളെ അമേരിക്ക ഭീകരസംഘടനകളായി പ്രഖ്യാപിച്ചു. ഈ ഗ്രൂപ്പുകളെ തടയാൻ അമേരിക്ക ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചു. ലെബനൻ ശാഖ അൽ-ഫജ്ർ സേനയെ വീണ്ടും സജീവമാക്കിയതായും ഇസ്രയേലിനെതിരെ റോക്കറ്റുകൾ വിക്ഷേപിച്ചതായും യുഎസ് ആരോപിച്ചു. ഹമാസിന് പിന്തുണ നൽകിയതിനാണ് ഈജിപ്ഷ്യൻ, ജോർദാൻ വിഭാഗങ്ങൾക്കു വിലക്കേർപ്പെടുത്തിയത്. 1928ൽ ഈജിപ്തിൽ ഹസ്സൻ അൽ-ബന്നയാണ് മുസ്ലീം ബ്രദർഹുഡ് സ്ഥാപിച്ചത്.
ഗ്രീൻലൻഡ് : യുഎസ് ചർച്ചയ്‍ക്ക്
ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ യൂറോപ്യൻ സഖ്യകക്ഷികൾ പ്രതിഷേധമുയർത്തിയ സാഹചര്യത്തിൽ നയതന്ത്രനീക്കവുമായി അമേരിക്ക. ഡെൻമാർക്ക് വിദേശമന്ത്രി ലാർസ് ലോക്കെ റാസ്‌മുസ്സനെയും ഗ്രീൻലൻഡ് വിദേശമന്ത്രി വിവിയൻ മോട്ട്സ്‌ഫെൽറ്റിനെയും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് കാണും.
വൈറ്റ്ഹൗസിലെ ചർച്ചക്കുശേഷം, റാസ്‌മുസ്സനും മോട്ട്സ്‌ഫെൽഡും യുഎസ് കോൺഗ്രസിലെ ആർട്ടിക് കോക്കസിൽനിന്നുള്ള സെനറ്റർമാരുമായി കൂടിക്കാഴ്‌ച നടത്തും.
അമേരിക്കയുടെ ആഗ്രഹം നടക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഡെൻമാർക്കും സ്വയംഭരണ ദ്വീപായ ഗ്രീൻലൻഡും. അമേരിക്കയെയും ഡെൻമാർക്കിനെയും തെരഞ്ഞെടുക്കേണ്ടിവന്നാൽ തങ്ങൾ ഡെൻമാർക്കിനെയാണ് തെരഞ്ഞെടുക്കുന്നതെന്ന് ഗ്രീൻലൻഡ് പ്രധാനമന്ത്രി യെൻസ് -ഫ്രെഡറിക് നീൽസൺ ഡാനിഷ് തലസ്ഥാനമായ കോപ്പൻഹേഗനിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നീൽസന്റെ അഭിപ്രായങ്ങളെ പരിഹസരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചെയ്‌തത്. അയാൾ ആരാണെന്ന് തനിക്കറിയില്ലെന്നും പക്ഷേ ഇത് അയാൾക്ക് വലിയ പ്രശ്‌നമാകുമെന്നുമാണ് ട്രംപ് പ്രതികരിച്ചത്.










0 comments