ad
Deshabhimani

ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ യുഎസ്; എണ്ണ കയറ്റുമതി നിർത്തുമെന്ന് മറുപടി

US Iran

ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി, യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്

വെബ് ഡെസ്ക്

Published on Aug 24, 2026, 08:25 AM | 1 min read

വാഷിങ്ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക. പുതിയ ഉപരോധങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു. ഇറാനെയും വ്യാപാരബന്ധം പുലർത്തുന്ന സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് യുഎസിന്റെ പുതിയ നടപടി. ഇറാനെതിരെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സാമ്പത്തിക ആക്രമണമായിരിക്കുമിതെന്നും അമേരിക്കയുടെ മുന്നറിയിപ്പ്.


അമേരിക്കയുടെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തി. സാമ്പത്തിക സമ്മർദം തുടർന്നാൽ പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതി പൂർണമായി നിർത്തിവയ്ക്കുമെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി. അമേരിക്കൻ ഉപരോധത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ നടപടിയെ യുദ്ധപ്രവൃത്തിയായി കാണുമെന്നും മുന്നറിയിപ്പ് നൽകി.


ഇതോടെ ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ആഗോള എണ്ണവിതരണത്തിന്റെ പകുതിയിലധികവും കടന്നു പോകുന്ന ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം മാസങ്ങളായി ത​ടസപ്പെട്ടിരിക്കുകയാണ്. എണ്ണവിലയിലും ഇതിന്റെ ആഘാതം പ്രകടമാണ്.


ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്തുകയാണ് പുതിയ ഉപരോധങ്ങളിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. ഇറാനുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങളെയും സ്ഥാപനങ്ങളെയും ഉപരോധത്തിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള നീക്കവും സാമ്രാജ്യത്വ ഭീഷണിയുടെ ഭാ​ഗമാണ്.


അമേരിക്കയുടെ പുതിയ നീക്കം പരാജയപ്പെടുമെന്ന് ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഖ്ചി പ്രതികരിച്ചു. സമ്മർദം വർധിപ്പിക്കുന്നതിനുപകരം നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് ഇറാന്റെ നിലപാട്. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ പാകിസ്ഥാനും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥശ്രമങ്ങളുമായി രംഗത്തുണ്ട്.


ഇതിനിടെ ഹോർമുസ് വഴിയുള്ള കപ്പൽ ​ഗതാ​ഗതത്തിന് സേവന ഫീസ് ഇടാക്കാനൊരുങ്ങുകയാണ് ഇറാൻ. ഇതുമായി ബന്ധപ്പെട്ട ബിൽ ഇറാൻ പാർലമെന്റ് അം​ഗീകരിച്ചു. ഹോർമുസ് കടലിടുക്ക് പിടിച്ചെടുത്ത് അതുവഴി പശ്ചിമേഷ്യയിൽ ആധിപത്യം സ്ഥാപിക്കുകയെന്ന അമേരിക്കയുടെ ലക്ഷ്യത്തിന് തിരിച്ചടിയാണ് ഇറാന്റെ പുതിയ നീക്കം. ഫെബ്രുവരി 28നാണ് യുഎസ്-ഇസ്രയേൽ സഖ്യം ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചത്. ഇതോടെയാണ് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് ഹോർമുസ് വഴിയുള്ള കപ്പൽ ​ഗതാ​ഗതം ഇറാൻ നിർത്തിവെച്ചത്. യുഎസ് സാമ്പത്തിക ഉപരോധനം തുടരുന്നതിനിടെയാണ് കപ്പൽ കടത്തിവിടുന്നതിന് ഫീസ് ഈടാക്കുമെന്ന് ഇറാൻ തീരുമാനിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home