യുഎസ്-ഇറാൻ സമാധാന കരാർ ഇന്ന് ഒപ്പിട്ടേക്കും; ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് ട്രംപ്

ഡോണാൾഡ് ട്രംപ് |Photo: Reuters
വാഷിംഗ്ടൺ/തെഹ്‌റാൻ : യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക സമാധാന കരാർ ഇന്ന് (ഞായറാഴ്ച) ഒപ്പിടുമെന്ന് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കരാർ ഒപ്പിടുന്നതോടെ ലോകത്തിലെ സുപ്രധാന എണ്ണ-വാതക ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും വ്യക്തമാക്കി.
കരാർ ഒപ്പിടുന്ന കാര്യത്തിൽ ഇറാൻ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള മധ്യസ്ഥർ കരാർ ഒപ്പിടലിനായി തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. കരാർ 24 മണിക്കൂറിനുള്ളിൽ അന്തിമമാകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ശനിയാഴ്ച അറിയിച്ചിരുന്നു. എന്നാൽ, കരാറിൽ ഒപ്പിടുന്ന തീയതി സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖത്തറിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം ഞായറാഴ്ച തെഹ്റാനിൽ എത്തിയത് നിർണായക ചർച്ചകൾക്ക് വഴിയൊരുക്കി.
ഇറാൻ സൂക്ഷിച്ചിരിക്കുന്ന ആണവ ശേഖരം തങ്ങൾ നീക്കം ചെയ്യുമെന്നും അത് നശിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ആണവായുധ നിർമാണ ആരോപണങ്ങൾ ഇറാൻ നിഷേധിക്കുകയും തങ്ങളുടെ പദ്ധതികൾ സമാധാനപരമായ ആണവോർജ്ജ ഉൽപ്പാദനത്തിന് മാത്രമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. കരാർ നടപ്പിലാക്കുന്നതിൽ കാലതാമസം ഉണ്ടായാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇസ്രയേലും ലബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കരാറിൽ ഉൾപ്പെടുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി വെള്ളിയാഴ്ച വ്യക്തമാക്കി. ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ കരാറിന് ശേഷം ആരംഭിക്കാനാണ് ധാരണ. ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ യുദ്ധം ആരംഭിച്ചത്.
ഏപ്രിലിൽ വെടിനിർത്തൽ കരാറിൽ ഒപ്പിട്ടെങ്കിലും, ഇടയ്ക്കിടെ ഇരുവിഭാഗവും ആക്രമണങ്ങൾ തുടർന്നിരുന്നു. ഇസ്രയേൽ ഈ കരാറിന്റെ ഭാഗമല്ലെന്നും, ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം തുടരുമെന്നും നേരത്തെ വ്യക്തമാക്കി. ഞായറാഴ്ച ലബനനിലെ 29 ഗ്രാമങ്ങളിൽ നിന്ന് ഒഴിപ്പിക്കാൻ ഇസ്രയേൽ നിർദ്ദേശം നൽകിയത് മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ വർധിപ്പിച്ചു.










0 comments