ആർഎസ്എസ് പരിപാടിയിൽ വി സിമാർ: ഒടുവിൽ പ്രതികരിച്ച് ഉന്നതവിദ്യാഭ്യസമന്ത്രി

റോജി എം ജോൺ
തിരുവനന്തപുരം: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനൊപ്പം കേരളത്തിലെ മൂന്ന് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ മൗനംവെടിഞ്ഞ് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോൺ. ഗുരുതരമായ സംഭവം ചർച്ചയായി മണിക്കൂറുകൾ പിന്നിട്ടശേഷമാണ് മന്ത്രിയുടെ പ്രതികരണം. ഞായറാഴ്ച വാർത്താസമ്മേളനം നടത്തിക്കൊണ്ട് പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സർക്കാർ ഇക്കാര്യത്തിൽ എന്തിനാണ് മൗനംപാലിക്കുന്നതെന്ന് ചോദിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശൻ ഫേസ്ബുക്ക് കുറിപ്പിറക്കി വി സിമാരെ തള്ളിപ്പറഞ്ഞു. സമാനമായ രീതിയിലാണ് മന്ത്രി റോജിയുടെയും പ്രതികരണം.
ആർഎസ്എസ് പരിപാടിയിൽ വി സിമാർ പങ്കെടുത്ത സംഭവം അത്യന്തം ഗുരുതരമായ പ്രശ്നമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇത്തരമൊരു പ്രവർത്തി ഉണ്ടാകാൻ പാടില്ലായിരുന്നു. തെറ്റായിപോയി എന്ന് പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള മാന്യതയും ആവർത്തിക്കാതിരിക്കാനുള്ള സാമൂഹിക ബോധവും വിസിമാരിൽ നിന്ന് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ആർഎസ്‌എസ് തലവൻ മോഹൻ ഭാഗവത് സംഘടിപ്പിച്ച സംവാദത്തിലാണ് അതിഥികളായി കേരള, എംജി, മലയാള സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തത്. കേരള സർവകാലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലും എംജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡി മാവൂത്തും, മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി ആർ പ്രസാദുമാണ് ആർഎസ്‌എസ് ശതാബ്‌ദിയോടനുബന്ധിച്ച് തിരുവനന്തപുരം കവടിയാറിലെ ഉദയ പാലസ് ഓഡിറ്റോറിയത്തിൽ മോഹൻ ഭാഗവതിന്റെ ‘പ്രഭാഷണ സഭ’യിൽ ചട്ടംലംഘിച്ച് പങ്കെടുത്തത്. ഒൗദ്യോഗിക വാഹനത്തിലാണ് വി സിമാർ എത്തിയത്. ഗവർണറുടെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ഹരി എസ് കർത്തയും പങ്കെടുത്തു. ഇന്ത്യ ഹിന്ദുരാഷ്‌ട്രമാണെന്നും എല്ലാവരും ആർഎസ്‌എസിൽ ചേരണമെന്നും മോഹൻ ഭാഗവത് പരിപാടിക്കെത്തിയവരോട് പറഞ്ഞു. മാധ്യമങ്ങളെ ചടങ്ങിൽ വിലക്കിയിരുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പിടിമുറുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നതിനെ മുഖ്യമന്ത്രിയോ മന്ത്രിമാരോ യുഡിഎഫിലെ കക്ഷികളോ എന്തുകൊണ്ടാണ് എതിർക്കാൻ മടിക്കുന്നതെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു.










0 comments