ad
Deshabhimani

ഇറാൻ യുഎസ് യുദ്ധത്തിൽ സമാധാനം അകലെ

തുടര്‍ച്ചയായ ഏഴാം ദിവസവും ആക്രമണം, ജനജീവിതവും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമാവുന്നു

ഹേ

യു എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട ചിത്രം

വെബ് ഡെസ്ക്

Published on Jul 18, 2026, 11:09 AM | 2 min read

ടെഹ്റാൻ: ഇറാനിൽ തുടർച്ചയായ ഏഴാമത്തെ രാത്രിയിലും യു എസ് ആക്രമണം നടത്തി. ജനങ്ങളിലേക്കും അവരുടെ ജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലേക്കും അമേരിക്കൻ ആക്രമണം മാറുകയാണ്. നിരവധി പാലങ്ങളും റോഡുകളും തകര്‍ത്തു. കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ, സിറിയ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി. എന്നാൽ നാശനഷ്ടങ്ങൾ വരുത്തിയതായുള്ള വാര്‍ത്ത യുഎസ് നിഷേധിച്ചു.


ഹോർമുസ് കടലിടുക്കിൽ തങ്ങൾ മൈനുകൾ സ്ഥാപിച്ച പാതയിലൂടെ കടന്നുപോയ രണ്ട് എണ്ണക്കപ്പലുകൾ തകർന്നതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് അവകാശപ്പെട്ടു. പരസ്പരം അവകാശവാദങ്ങളും നിഷേധവും ആവര്‍ത്തിക്കുമ്പോഴും ഇരുരാജ്യങ്ങളും പരസ്പരം സൈനിക-അടിസ്ഥാന സൗകര്യ ലക്ഷ്യങ്ങൾക്ക് നേരെ ശക്തമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു.


യുദ്ധം ഹോര്‍മുസ് കടലിടുക്ക് സ്വന്തമാക്കാൻ


നാല് മാസങ്ങൾക്ക് മുമ്പ് ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന് എതിരെ യുദ്ധം ആരംഭിച്ചത്. ഇതിനിടയിൽ പ്രഖ്യാപിച്ച താല്ക്കാലിക വെടിനിർത്തൽ കരാർ തകർന്നു. നിലവിൽ യുദ്ധത്തിന് ഒരു അവസാനമുണ്ടാകാൻ സാധ്യത അടഞ്ഞ സാഹചര്യമാണ്. ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതോടെ ആഗോള വിപണിയിൽ എണ്ണവില വീണ്ടും കുതിച്ചുയരുകയും ബാരലിന് 86 ഡോളറിന് മുകളിൽ എത്തുകയും ചെയ്തു. അമേരിക്കയും ഇറാനും തമ്മിൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി നടത്തുന്ന പോരാട്ടം എന്ന നിലയിലേക്ക് യുദ്ധം മാറിയിരിക്കയാണ്. ഇതിനിടെ ഇസ്രയേൽ നിശബ്ദത പാലിക്കയും ചെയ്യുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹു നയിക്കുന്ന സര്‍ക്കാര്‍ രാജി വെച്ചിരിക്കയാണ്.


നശീകരണ യുദ്ധം


ഇറാന്റെ തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗാനിലെ പാലങ്ങൾ യുഎസ് വ്യോമാക്രമണത്തിൽ തകർന്നു. ഇറാന്റെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിനെ തലസ്ഥാനമായ ടെഹ്‌റാനുമായി ബന്ധിപ്പിക്കുന്ന ഹൈവേ, റെയിൽവേ പാലങ്ങളാണ് തകർത്തത്. യുഎസ് ആക്രമണത്തിൽ രാജ്യത്തെ ഊർജ്ജ നിലയങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതായി ഇറാൻ ഊർജ്ജ മന്ത്രാലയം ആദ്യമായി സമ്മതിച്ചു. കടുത്ത ചൂടുള്ള തെക്കൻ പ്രവിശ്യകളിലെ ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഒമാൻ ഉൾക്കടലിലുള്ള ഇന്ത്യയുടെ സഹായത്തോടെ ഇറാൻ നടത്തുന്ന തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തെ ഒരു നിരീക്ഷണ ടവർ യുഎസ് തകർത്തു. വാണിജ്യ കപ്പലുകളെ നിരീക്ഷിക്കാനും ആക്രമിക്കാനും ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് ഈ ടവർ ഉപയോഗിച്ചിരുന്നതായി അമേരിക്ക അവകാശപ്പെടുന്നു.


യുഎസ് ആക്രമണത്തിന് മറുപടിയായി ഇറാൻ ഖത്തർ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. യുദ്ധത്തിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന് നേരെ ഇറാൻ മിസൈൽ വർഷം നടത്തി. വ്യോമ പ്രതിരോധ സംവിധാനം വഴി മിസൈലുകൾ തകർത്തപ്പോൾ ഉണ്ടായ അവശിഷ്ടങ്ങൾ വീണ് ഖത്തറിൽ ഒരു കുട്ടിക്ക് പരിക്കേറ്റു.


കുവൈറ്റിലെ ഒരു പ്രധാന കുടിവെള്ള ഉൽപ്പാദന-വൈദ്യുതി നിലയത്തിന് നേരെ ഇറാൻ ആക്രമണം നടത്തി. രാജ്യത്തെ 90% കുടിവെള്ളവും നൽകുന്ന ഈ പ്ലാന്റിന് വലിയ നാശനഷ്ടമുണ്ടായി. കുവൈറ്റ് സൈനിക ക്യാമ്പുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റു. ബഹ്റൈനിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ജോർദാൻ തങ്ങളുടെ വ്യോമാതിർത്തിയിൽ ഇറാന്റെ മൂന്ന് മിസൈലുകൾ വെടിവെച്ചിട്ടു. ഇറാഖിലെ കുർദിഷ് മേഖലയിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


മരണങ്ങൾ നാശനഷ്ടങ്ങൾ


ഇറാൻ ഭാഗത്ത് സമീപകാല യുഎസ് ആക്രമണങ്ങളിൽ 46 പേർ കൊല്ലപ്പെടുകയും 400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കൻ ഭാഗത്ത് ഈ ആഴ്ച മാത്രം 13 യുഎസ് സൈനികർക്ക് പരിക്കേറ്റു. യുദ്ധം തുടങ്ങിയതിനു ശേഷം ഇതുവരെ 14 യുഎസ് സൈനികർ കൊല്ലപ്പെടുകയും 427 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.


ഇറാനുമായുള്ള യുദ്ധം വളരെ വിജയകരമായാണ് മുന്നോട്ട് പോകുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അവകാശപ്പെട്ടു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ ഇപ്പോൾ വലിയ രാഷ്ട്രീയ സമ്മർദ്ദമുണ്ട്.

അന്താരാഷ്ട്ര ജലപാതയായി കണക്കാക്കപ്പെടുന്ന ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്നും അവിടെക്കൂടി പോകുന്ന കപ്പലുകൾ നികുതി നൽകണമെന്നുമാണ് ഇറാന്റെ നിലപാട്. എന്നാൽ ഇറാന്റെ തുറമുഖങ്ങൾ ഉപരോധിച്ചും ആക്രമണങ്ങൾ നടത്തിയും ഇറാന്റെ പിടി അയയ്ക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. സാവകാശം ഇസ്രയേലുമായി ചേര്‍ന്ന് ഹോര്‍മുസിൽ ആധിപത്യത്തിനും ലക്ഷ്യമാക്കുന്നു. ഗൾഫ് മേഖലിയിലെ രാജ്യങ്ങളുടെ വിധേയത്വം ഉറപ്പാക്കിയാണ് ഈ നീക്കം തുടങ്ങിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home