യുഎസ്-ഇറാൻ സംഘർഷം: എണ്ണവിലയിലും സ്വർണവിലയിലും വർധന, ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണം

Photo: Unsplash
ന്യൂയോർക്ക് : യുഎസ്-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായതിനെ തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവിലയും സ്വർണവിലയും വർധിച്ചു. വ്യാഴാഴ്ച യുഎസ് ഓഹരി വിപണികളായ എസ് ആൻഡ് പി, ഡൗ ജോൺസ് എന്നിവ വലിയ മാറ്റങ്ങളില്ലാതെയാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ സെമികണ്ടക്ടർ ഓഹരികളുടെ കരുത്തിൽ നാസ്ഡാക് സൂചിക നേട്ടമുണ്ടാക്കി.
വ്യാപാരം ആരംഭിച്ച് മിനിറ്റുകൾക്കകം ഡൗ ജോൺസ് 63 പോയിന്റ് (0.1%) ഉയർന്നു. എസ് ആൻഡ് പി 500 സൂചിക 0.04 ശതമാനവും നാസ്ഡാക് 0.08 ശതമാനവും നേട്ടമുണ്ടാക്കി. പ്രമുഖ കമ്പനികളായ ഗോൾഡ്മാൻ സാക്സിന്റെ ഓഹരികൾ രണ്ട് ശതമാനത്തിനടുത്ത് ഉയർന്നപ്പോൾ, സെയിൽസ്ഫോഴ്സ് ഓഹരികൾ 4 ശതമാനത്തിലധികം ഇടിഞ്ഞു. മൈക്രോസോഫ്റ്റ്, മക്ഡൊണാൾഡ്സ്, പ്രൊക്ടർ ആൻഡ് ഗാംബിൾ, വാൾട്ട് ഡിസ്നി എന്നിവയുടെ ഓഹരികൾ രണ്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.
അതേസമയം, യുഎസിൽ തൊഴിലില്ലായ്മ വേതനത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതായി യുഎസ് ലേബർ ഡിപ്പാർട്ട്മെന്റിന്റെ വ്യാഴാഴ്ചത്തെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വർണ വില ഒരു ശതമാനം ഉയർന്ന് ഔൺസിന് 4,117.5 ഡോളറിലെത്തി. ക്രൂഡ് ഓയിൽ വിപണിയിൽ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില 0.2 ശതമാനം വർധിച്ച് ബാരലിന് 73.65 ഡോളറിന് മുകളിലെത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 79 ഡോളറിനടുത്തേക്ക് ഉയർന്നു.
ഡോളർ സൂചികയിൽ വലിയ മാറ്റങ്ങളുണ്ടായില്ല. ബ്രിട്ടീഷ് പൗണ്ട് 0.1 ശതമാനം ഉയർന്ന് 1.3404 ഡോളറിലെത്തിയപ്പോൾ, ജാപ്പനീസ് യെൻ മാറ്റമില്ലാതെ 162.43 ൽ തുടർന്നു. ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ വില 1.3 ശതമാനം ഉയർന്ന് 62,856.44 ഡോളറിലെത്തി.
ഹോർമുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ യുഎസ് സെൻട്രൽ കമാൻഡ് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ ആശങ്കകളാണ് വിപണിയെ സ്വാധീനിച്ചത്. എന്നാൽ, ഇറാനുമായി ഒരു ധാരണയിലെത്താൻ ചർച്ച നടത്തിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയതോടെ എണ്ണവിലയിലെ വലിയ കുതിച്ചുകയറ്റം ഒഴിവായി. യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ അവസാനിച്ചതായി ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.











0 comments